കേരള സർക്കാരിന്റെ 27-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഏറ്റവും മികച്ച സാങ്കേതികത്തികവുള്ള തിയേറ്ററിനുള്ള പുരസ്‌കാരം കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ കീഴിലുള്ള തിരുവനന്തപുരത്തെ കൈരളി/ശ്രീ/നിള തീയേറ്റർ സമുച്ചയം കരസ്ഥമാക്കി. അതിനൂതന ദൃശ്യ ശ്രവ്യ സൗകര്യങ്ങളോടു കൂടി (4K ലേസർ പ്രൊജക്ടർ, ട്രിപ്പിൾ ബീം 3 ഡി,ഡോൾബി അറ്റ്‌മോസ് എന്നിവ) നവീകരിച്ച തീയേറ്റർ സമുച്ചയം ബേബി റൂം, മദേഴ്‌സ് റൂം തുടങ്ങിയ സൗകര്യങ്ങളോട് കൂടിയ കേരളത്തിലെ ആദ്യ വനിതാ ശിശു സൗഹൃദ തിയേറ്ററാണ്. നിശാഗന്ധിയിൽ നടന്ന ഐ.എഫ്.എഫ്.കെ സമാപന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ.വാസവൻ പുരസ്‌കാരം കെ.എസ്.എഫ്.ഡി.സി മാനേജിംഗ് ഡയറക്ടർ എൻ.മായയ്ക്ക് കൈമാറി.