അർഹരായ മുഴുവൻ പേർക്കും സമയ ബന്ധിതമായി പട്ടയം നൽകാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്ന് റവന്യുമന്ത്രി കെ രാജൻ.  പരിഹരിക്കപ്പെടേണ്ട സാങ്കേതിക പ്രശന്ങ്ങൾ വേഗത്തിൽ തീർപ്പാക്കി പരമാവധി പേർക്ക് പട്ടയം നൽകി ഭൂമിയുടെ അവകാശികളാക്കുകയെന്ന ലക്ഷ്യമാണ് സർക്കാർ ഏറ്റെടുത്തിരിക്കുത്. റവന്യു, സർവെ വകുപ്പുകളിലെ താലൂക്ക് തലം വരെയുള്ള ഓഫീസർമാരുടെ തിരുവനന്തപുരം മേഖലാ യോഗം ഐഎംജിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

    ലാൻഡ് അസൈൻമെന്റ് കമ്മിറ്റികൾ യഥാസമയം യോഗം ചേരുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇക്കാര്യത്തിലുള്ള കാലാതാമസം പട്ടയ നടപടികളും അർഹരായവർക്ക് പട്ടയം നൽകുന്നതും വൈകുന്നതിന്  ഇടയാക്കും.

   ലാൻഡ്ട്രിബ്യൂണലുകളിലെ പട്ടയം സംബന്ധിച്ച വിഷയങ്ങളിൽ പരിഹാരമായാൽ 20000 പേർക്ക് പട്ടയം നൽകാൻ കഴിയും. ദേവസ്വം പട്ടയം കൊടുക്കുമ്പോൾ ആധികാരികത പരിശോധിക്കണമെന്ന് മാത്രമാണ് കോടതി പറഞ്ഞിട്ടുള്ളത്. കോടതി നിർദ്ദേശമെന്ന് പറഞ്ഞ് ദേവസ്വം പട്ടയങ്ങളുടെ പ്രവർത്തനം നിറുത്തിവയ്ക്കരുത്. മലയോര മേഖലകളിലെയും ആദിവാസികളുടെയും പട്ടയം നൽകുന്നത് വേഗത്തിലാക്കണം.

പുറമ്പോക്ക് ഭൂമികളിൽ പട്ടയനടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി ആശയവിനിമയം നടത്തി നടപടികൾ വേഗത്തിലാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ജനുവരി അവസാനത്തോടെ ഇ -ഡിസ്ട്രിക്ട് പദ്ധതി മുഴുവൻ ജില്ലകളിലും പൂർത്തിയാക്കണം. റവന്യു സേവനങ്ങൾ ഇ -സേവനങ്ങളാകുമ്പോൾ, ഏറ്റവും സാധാരണക്കാരായ ജനങ്ങൾക്ക് ബുദ്ധിമുട്ട് ആകാതിരിക്കാനും ശ്രദ്ധിക്കണം. സാധാരണക്കാർക്ക് റവന്യു സേവനങ്ങൾ പരിശോധിക്കുന്നതിന്  വില്ലേജ് തല ജനകീയ സമിതികൾ മുഖേന കുടുംബത്തിലെ ഒരാൾക്കെങ്കിലും മൊബൈൽ ഫോണിലൂടെ റവന്യു ഇ സാക്ഷരത ഉറപ്പുവരുത്താനുള്ള പരിശീലനവും നൽകണം.

  ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട നടപടികളിൽ ജാഗ്രതയുണ്ടാകണം. ഭൂമി തരമാറ്റത്തിനുള്ള അറിയിപ്പുമായി ഏജൻസികളുടെ ബോർഡുകളും അറിയിപ്പുകളും പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്  ശ്രദ്ധയിൽ വന്നിട്ടുണ്ട്. പല ഓഫീസുകളുടെ പരിസരത്തും ഇത്തരം ബോർഡുകളും സ്റ്റിക്കറുകളും വന്നിട്ടുണ്ട്. ഇക്കാര്യത്തിൽ  കർശന നടപടികൾ ഉണ്ടാകും.

   വലിയ ഉത്തരവാദിത്തപ്പെട്ട പ്രവർത്തനങ്ങളാണ് റവന്യു വകുപ്പ് നിർവഹിക്കുന്നത്.  ചെറിയയൊരു വിഭാഗത്തിന്റെ തെറ്റായ പ്രവർത്തനങ്ങൾ വ്യത്യസ്തമായ അഴിമതിയുടെ ഇടങ്ങളിലേക്ക് തള്ളിയിടാൻ കാരണമാകും. സംശുദ്ധമായി പ്രവർത്തിക്കുന്നവർക്കും പ്രയാസമുണ്ടാക്കും. ജനങ്ങളെ പൂർണമായി ബോധ്യപ്പെടുത്തി കേരളത്തെ സമ്പൂർണമായി ഡിജിറ്റലായി അളക്കുന്ന പരിവർത്തനത്തിന്റെ കാലത്താണ് ജോലി ചെയ്യുതെന്ന അഭിമാനത്തോടെയാകണം ജീവനക്കാരുടെ പ്രവർത്തനങ്ങളെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

യോഗത്തിൽ  ലാൻഡ് റവന്യു കമ്മീഷണർ ടി വി അനുപമ, ജോയിന്റ്  കമ്മീഷണർ അർജുൻ പാണ്ഢ്യൻ, ജില്ലാ കലക്ടർമാരായ ഡോ. ദിവ്യ എസ് അയ്യർ, അഫ്സാന പർവീൺ, ക്യഷ്ണതേജ, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ താലൂക്ക് തലംവരെയുള്ള റവന്യൂ, സർവെ വകുപ്പ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.