സർക്കാർ ആശുപത്രികളിൽ അനാഥരാക്കപ്പെടുന്ന വയോജനങ്ങളുടെ പുനരധിവാസം സാമൂഹ്യനീതി വകുപ്പ് ഏറ്റെടുക്കുന്നു. ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള എല്ലാ സ്ഥാപനങ്ങളിലും ഇതിനു സൗകര്യമൊരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ചു. ഇതിനുള്ള നടപടിക്രമങ്ങളുടെ രൂപരേഖ തയ്യാറാക്കാൻ സാമൂഹ്യനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജ്, ഓർഫനേജ് കൺട്രോൾ ബോർഡ് ഭാരവാഹികൾ, ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മേധാവികൾ, സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് സർക്കാർ നേരിട്ട് നടത്തുന്ന വൃദ്ധസദനങ്ങളിലും (16) ഓർഫനേജ് കൺട്രോൾ ബോർഡ് അംഗീകാരത്തോടെ പ്രവർത്തിക്കുന്ന വൃദ്ധസദന(632)ങ്ങളിലുമായി 29767 പേരെ താമസിപ്പിക്കാൻ സാധിക്കും. രണ്ടിടങ്ങളിലുമായി 17801 പേരാണ് നിലവിൽ താമസക്കാർ. ഈ രണ്ടിടങ്ങളും ആശുപത്രികളിൽ അനാഥരാക്കപ്പെടുന്നവരെക്കൂടി പുനരധിവസിപ്പിക്കാൻ ഉപയുക്തമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ആശുപത്രികളിൽനിന്നും വൃദ്ധസദനങ്ങളിലേക്ക് മാറ്റുന്ന അനാഥരായ വയോജനങ്ങൾ ശയ്യാവലംബരാണെങ്കിൽ അവരെ സൗകര്യമുള്ള വൃദ്ധമന്ദിരങ്ങളിലേക്ക് മാറ്റും. സർക്കാർ വൃദ്ധസദനങ്ങളിൽ സൗകര്യമുണ്ടെങ്കിൽ അവിടെ പുനരധിവസിപ്പിക്കും. അല്ലാത്ത പക്ഷം സർക്കാർ ഗ്രാന്റോടെ പ്രവർത്തിക്കുന്ന വൃദ്ധസദനങ്ങളിൽ പുനരധിവസിപ്പിക്കും. സർക്കാർ സ്ഥാപനങ്ങളും സർക്കാർ  ഗ്രാന്റോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ലഭ്യമല്ലാത്ത ഘട്ടങ്ങളിൽ അംഗീകാരമുള്ള മറ്റു വൃദ്ധസദനങ്ങളിൽ പുനരധിവസിപ്പിക്കും – മന്ത്രി പറഞ്ഞു.

ആശുപത്രികളിൽ നിന്നും ആശുപത്രി സൂപ്രണ്ടിന്റെ നിർദേശപ്രകാരം താമസക്കാരെ ഏറ്റെടുക്കുമ്പോൾ ആശുപത്രി രേഖകളും ചികിത്സാസംബന്ധിയായ രേഖകളും ക്ഷേമസ്ഥാപനങ്ങൾക്ക് നൽകണം. ആശുപത്രികളിൽനിന്ന് ഏറ്റെടുക്കുന്നതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടും സ്ഥാപനമേധാവിയും തമ്മിൽ വ്യക്തമായ ധാരണയുണ്ടാക്കും. രേഖകളുടെ അസ്സൽ ആശുപത്രി സൂപ്രണ്ട് സൂക്ഷിക്കും. പകർപ്പുകൾ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്ക് കൈമാറും. സ്ഥാപനമേധാവികൾ ഓർഫനേജ് കൺട്രോൾ ബോർഡിനും ആവശ്യമായ വിവരങ്ങൾ നൽകണം മന്ത്രി നിർദ്ദേശിച്ചു.

ഏതു ഘട്ടത്തിലും താമസക്കാർക്ക് ആവശ്യമായി വരുന്ന ചികിത്സാസൗകര്യവും മരുന്നുകളും ആരോഗ്യവകുപ്പ് അധികൃതർ ഉറപ്പാക്കും. അതിനുള്ള നടപടികൾ ആശുപത്രി സൂപ്രണ്ട് സ്വീകരിക്കും. താമസക്കാർക്ക് ആവശ്യമായ എല്ലാ സൗകര്യവും ക്ഷേമസ്ഥാപന മേധാവികൾ ഉറപ്പാക്കും.  സാമൂഹ്യനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ കോയ മാസ്റ്റർ, ബോർഡ് അംഗങ്ങളായ സിസ്റ്റർ വിനീത, ഫാ. ജോർജ് ജോഷ്വ, ഫാ. റോയ്  മാത്യു വടക്കയിൽ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. മീനാക്ഷി വി. എന്നിവരും യോഗത്തിൽ പങ്കെടുത്തു.