ബി.എം ബി.സി നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കത്തിപ്പാറ – പന്നിമല- കുരിശുമല- കൂതാളി റിംഗ് റോഡ് യാഥാര്‍ത്ഥ്യമാകുന്നു. റോഡിന്റെ പുനരുദ്ധാരണം പൂര്‍ത്തിയായതോടെ മലയോരജനതയുടെ വര്‍ഷങ്ങളായുള്ള ദുരിതത്തിനാണ് പരിഹാരമാകുന്നത്. നാലുവര്‍ഷം മുന്‍പാണ് കത്തിപ്പാറ-പന്നിമല- കൂതാളി റിങ് റോഡിന്റെ നിര്‍മാണം ആരംഭിച്ചത്.

വെള്ളറട ഗ്രാമപഞ്ചായത്തിലെ പ്രധാനപ്പെട്ട ഗ്രാമീണ റോഡാണ് കൂതാളി – കുരിശുമല – പന്നിമല – കത്തിപ്പാറ റിംഗ് റോഡ്. റോഡിന്റെ ബി എം ബി സി റബ്ബറൈസ്ഡ് ടാറിങ് ജോലികള്‍ പൂര്‍ത്തിയായി. 6.15 കോടി രൂപ ചെലവിലാണ് പദ്ധതിയുടെ നിര്‍വ്വഹണം. പൊതുമരാമത്ത് വകുപ്പിനാണ് മേല്‍നോട്ട ചുമതല. റോഡിന്റെ പുനരുദ്ധാരണം പൂര്‍ത്തിയായതോടെ മലയോരജനതയുടെ കാലങ്ങളായുള്ള ആവശ്യമാണ് യാഥാര്‍ത്ഥ്യമാകുന്നതെന്ന് സി. കെ. ഹരീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു.

അമ്പൂരി, കള്ളിക്കാട് എന്നിവിടങ്ങളില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് നെടുമങ്ങാട്-ഷൊര്‍ളക്കോട് റോഡിലൂടെ എളുപ്പത്തില്‍ സഞ്ചരിക്കുന്നതിനുള്ള പുതിയൊരു യാത്രാമാര്‍ഗമാണ് തുറന്നിരിക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് ഗതാഗത കുരുക്കില്ലാതെ കുരിശുമലയിലെത്താനും ഈ റോഡ് വഴിയൊരുക്കും.