അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ശബരിമല സന്നിധാനത്തെ വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും ചേര്‍ന്നു സന്നിധാനം ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി സന്നിധാനം അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് പി. വിഷ്ണുരാജ് ഉദ്ഘാടനം ചെയ്തു. ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനായി സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകള്‍ തയാറായിയിരിക്കണമെന്ന് എ.ഡി.എം പറഞ്ഞു. ഡ്യൂട്ടി മജിസ്ട്രേറ്റ് ടി. മുരളി അധ്യക്ഷനായി. 2018ല്‍ തയാറാക്കിയ ശബരിമല അടിയന്തര ഒഴിപ്പക്കല്‍ പദ്ധതി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കും വിതരണം ചെയ്യണമെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് നിര്‍ദേശിച്ചു. മണ്ഡല-മകരവിളക്ക് മഹോത്സവം സുരക്ഷാവീഴ്ചകളില്ലാതെ നടത്തുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ സംബന്ധിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

യോഗത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുയര്‍ന്ന നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. മണ്ഡല-മകര വിളക്ക് ദര്‍ശനത്തിനായി എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ദേവസ്വം ബോര്‍ഡ് അനുവദിച്ചയിടങ്ങളില്‍ മാത്രമേ വിരിവയ്ക്കാന്‍ അനുവദിക്കു. വൈദ്യുത തകരാറുകള്‍ മറികടക്കുന്നതിനായി ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ സന്നിധാനത്ത് ജനറേറ്ററുകള്‍ സ്ഥാപിക്കണ മെന്ന് യോഗത്തില്‍ കെ.എസ്.ഇ.ബി നിര്‍ദ്ദേശിച്ചു. സന്നിധാനത്തും പരിസരപ്രദേശങ്ങളിലെയും ആശയവിനിമയം സുഖമമാക്കാന്‍ ബി.എസ്.എന്‍.എലിന്റെ ടവര്‍ശേഷി ഉയര്‍ത്തണമെന്നും നിര്‍ദേശമുയര്‍ന്നു.

പൊലീസ്, അഗ്നിരക്ഷാസേന, എന്‍.ഡി.ആര്‍.എഫ്., ആര്‍.എ. എഫ്, കെ.എസ്.ഇ.ബി, ആരോഗ്യവകുപ്പ് എന്നിവര്‍ സന്നിധാനത്തും പരിസര പ്രദേശങ്ങളിലുമായി ഒരുക്കിയിട്ടുള്ള വിവിധ സുരക്ഷാ നടപടികളെ യോഗം പ്രശംസിച്ചു. സേഫ്റ്റി എന്‍ ജിനീയര്‍ അഥര്‍വ് സുരേഷ്, ഹസാര്‍ഡ്‌സ് കേര്‍ഡിനേറ്റര്‍ ഫഹദ് മര്‍സൂക്ക്, ഡിസാസ്റ്റര്‍ മാനേജ്മെന്റ് വിദഗ്ധന്‍ കെ.എസ്. സരണ്‍ എന്നിവര്‍ സംസാരിച്ചു. പൊലീസ്, അഗ്നിരക്ഷാ സേന, എന്‍.ഡി.ആര്‍.എഫ്, ആര്‍.എ.എഫ്. തുടങ്ങി വിവധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.