** ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള മാപ് ആണ് അടിസ്ഥാന രേഖ

** ബഫർസോൺ മേഖലയിൽ നിന്ന് ആളുകൾ ഒഴിഞ്ഞു പോകേണ്ടി വരുമെന്ന് തെറ്റായ പ്രചരണം നടക്കുന്നു

വന്യജീവി സങ്കേതങ്ങൾദേശീയ ഉദ്യാനങ്ങൾ എന്നിവയ്ക്കു ചുറ്റും ബഫർ സോൺ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ജനങ്ങളുടെ ജീവിതത്തെയും ജീവനോപാധിയേയും ബാധിക്കുന്ന ഒരു നടപടിയുമുണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജനവാസകേന്ദ്രങ്ങളും നിർമിതികളും കൃഷിയിടങ്ങളും പൂർണമായി ഒഴിവാക്കിക്കൊണ്ടുള്ളതായിരിക്കും ബഫർസോൺ എന്നാണ് ഇതുമായി ബന്ധപ്പെട്ടു ചേർന്ന ഉന്നതതല യോഗത്തിന്റെ തീരുമാനമെന്നും ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള ഭൂപടമാണു സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന്റെ എംപവേഡ് കമ്മിറ്റിക്കും സുപ്രീം കോടതിക്കും കൈമാറുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള മാപ് മാത്രമായിരിക്കും ബഫർ സോണിന്റെ കാര്യത്തിൽ അടിസ്ഥാന രേഖയെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. ഈ  മാപ് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ പരിശോധിക്കാം. വനം – വന്യജീവി വകുപ്പ് തയാറാക്കിയ ഈ മാപ് പൊതുജനങ്ങൾക്ക് കാണാനായി എല്ലാ വാർഡിലും വായനശാലഅങ്കണവാടിമറ്റ്  സർക്കാർ സ്ഥാപനങ്ങൾക്ലബ്ബുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ  പ്രദർശിപ്പിക്കും. ഈ കരട് ഭൂപടത്തിൽ ഏതൊക്കെ സർവേ നമ്പരുകൾ വരുമെന്ന വിവരം ഒരാഴ്ചക്കുള്ളിൽ വെബ്സൈറ്റിലൂടെ പൊതുജനങ്ങൾക്കു ലഭ്യമാക്കും. ഈ മാപ്പിലും ഏതെങ്കിലും ജനവാസ കേന്ദ്രം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് രേഖപ്പെടുത്താനുള്ള സമയം നൽകും. അധിക വിവരങ്ങൾ രേഖപ്പെടുത്താനുള്ള സമയം ജനുവരി ഏഴു വരെ നീട്ടിയിട്ടുണ്ട്.  ഇതിനായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വാർഡ് തലത്തിൽ ഹെൽപ് ഡസ്‌ക്ക് രൂപീകരിച്ചിട്ടുണ്ട്. അധിക വിവരങ്ങൾ നിശ്ചിത പ്രൊഫോർമയിൽ നൽകണം. ഈ പ്രൊഫോർമ ഹെൽപ് ഡസ്‌കുകളിൽ നിന്നും കേരള സർക്കാരിന്റെ വെബ്സൈറ്റിൽ നിന്നും ലഭിക്കും. നിശ്ചിത പ്രൊഫോർമയിൽ വിവരങ്ങൾ ഉൾക്കൊള്ളിച്ച് eszexpertcommittee@gmail.com എന്ന ഇമെയിൽ വിലാസത്തിലും ഹെൽപ്  ഡസ്‌കുകളിൽ നേരിട്ടും നൽകാം. ഇങ്ങനെ നൽകുന്ന അധിക വിവരങ്ങളുടെ രജിസ്റ്റർ സൂക്ഷിക്കും.

ഓരോ വാർഡിലും വാർഡ് അംഗവും ഫോറസ്റ്റ്വില്ലേജ്പഞ്ചായത്ത് ഉദ്യോഗസ്ഥരും ഡാറ്റ അപ്‌ലോഡ്‌ ചെയ്യാൻ പരിശീലനം കിട്ടിയ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥികൾ/ കുടുംബശ്രീ ഓക്സിലറി അംഗങ്ങൾ അടക്കമുള്ള സന്നദ്ധ പ്രവർത്തകരും അടങ്ങുന്ന സമിതികൾ രൂപീകരിക്കും. ഈ സമിതിയാണു ഹെൽപ് ഡെസ്‌കുകളുടെ മേൽനോട്ടവും വഹിക്കേണ്ടത്. ഇവർക്കു ഡാറ്റ അപ്‌ലോഡ്‌ ചെയ്യുന്നതിന് കെ.എസ്.ആർ.ഇ.സി. പരിശീലനം നൽകും. മൊബൈൽ ആപ്പ് ഉപയോഗിച്ച് ഒരോ നിർമിതിയുടെയും ജനവാസകേന്ദ്രത്തിന്റെയും കൃഷിയിടത്തിന്റെയും ജിയോ ടാഗിങ് നടത്തണം.  വിവര വിനിമയത്തിന് കുടുംബശ്രീ അയൽക്കൂട്ടങ്ങളെയും ചുമതലപ്പെടുത്താം. ക്ലബ്ബുകൾവായനശാലകൾഒഴിഞ്ഞ കടകൾ എന്നിവ കേന്ദ്രീകരിച്ച് ക്യാമ്പ് ഓഫീസുകൾ ആയി ഹെൽപ് ഡെസ്‌കുകൾ ക്രമീകരിക്കാം. വാഹനം ഉപയോഗിച്ച് മൊബൈൽ ഹെൽപ്  ഡസ്‌ക് സജ്ജമാക്കാമോ എന്നതും പ്രസിദ്ധീകരിക്കാം. അങ്ങിനെയെങ്കിൽ മൈക്ക് അനൗൺസ്മെന്റ് കൂടി  ഇതേ വാഹനത്തിൽ സജ്ജീകരിക്കാം. ഇതേ സമിതി തന്നെ ഫീൽഡ് വെരിഫിക്കേഷനും നടത്തും. എല്ലാ തരം നിർമിതികളും ഉൾപ്പെടുത്തുന്നതിനുള്ള വ്യക്തമായ നിർദേശം നൽകി. പശുത്തൊഴുത്തോ ഏറുമാടമോ കാത്തിരിപ്പ് കേന്ദ്രമോ പുൽമേഞ്ഞതോ അല്ലാത്തതോ ആയ എല്ലാ തരത്തിലുമുള്ള നിർമിതികളും  ഉൾക്കൊള്ളിക്കണം. സംഘടനകളും മറ്റു കൂട്ടായ്മകളും നൽകുന്ന വിവരങ്ങൾ പഞ്ചായത്ത് സെക്രട്ടറി സ്വീകരിക്കുകയും പരിശോധനക്കായി വാർഡ് തല ഹെൽപ് ഡസ്‌കിന് കൈമാറുകയും ചെയ്യും.

ലഭ്യമായ അധിക വിവരങ്ങൾ ഉൾപ്പെടുത്തി വനം വകുപ്പ് വീണ്ടും ഭൂപടം പുതുക്കും. പുതുക്കിയ ഭൂപടം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ രൂപീകരിക്കുന്ന സർവകക്ഷി സമിതി പരിശോധിക്കും. ഇതിന്റെ കൂടി അടിസ്ഥാനത്തിൽ വനം വകുപ്പ് അന്തിമ കരട് റിപ്പോർട്ട് തയാറാക്കും. ജില്ലാ തലത്തിൽ ജില്ലാ കലക്ടറും ജില്ലാ ആസൂത്രണ സമിതി അധ്യക്ഷൻ എന്ന നിലയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറും വനംതദ്ദേശ സ്വയംഭരണംറവന്യൂ വകുപ്പ് ജില്ലാ മേധാവികളും അംഗങ്ങളായി ഒരു മേൽനോട്ട സമിതി രൂപീകരിക്കും.

ബഫർ സോണുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങളുടെ ഉത്കണ്ഠകൾ പൂർണ്ണമായും ഉൾക്കൊണ്ടു കൊണ്ടുള്ളതാണ് സംസ്ഥാനത്തിന്റെ നിലപാടെന്നു മുഖ്യമന്ത്രി പറഞ്ഞു. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളുടെയും ദേശീയ പാർക്കുകളുടെയും പരിധിയിൽ വരുന്ന ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഇക്കളോജിക്കൽ സെൻസിറ്റീവ് സോണുകളുടെ പരിധിയിൽ നിന്ന് ഒഴിവാക്കണം എന്നതാണ് സംസ്ഥാന സർക്കാരിൻറെ ഉറച്ച നിലപാട്. മറിച്ചുള്ള എല്ലാ പ്രചാരണങ്ങളും തെറ്റിദ്ധാരണാജനകമാണ്. ഈ മേഖലകളിലെ എല്ലാ ജനങ്ങളുടെയും  അഭിപ്രായങ്ങളും നിർദേശങ്ങളും പരിശോധിച്ച് എല്ലാ കെട്ടിടങ്ങളും നിർമാണങ്ങളും ചേർത്ത് മാത്രമേ അന്തിമ റിപ്പോർട്ട് സുപ്രീം കോടതിയിൽ നൽകുകയുള്ളൂ.

സുപ്രീം കോടതി നിശ്ചയിച്ച ബഫർസോൺ പ്രദേശങ്ങൾ കേരളത്തിലെ ജനസാന്ദ്രത കൂടിയ മേഖലകളാണ് എന്ന് കോടതി മുൻപാകെ തെളിയിക്കുന്നതിനാണ് എല്ലാ നിർമാണങ്ങളും ചേർത്ത് റിപ്പോർട്ട് തയ്യാറാക്കി കോടതിയിൽ സമർപ്പിക്കുന്നത്. ബഫർസോൺ ആയി കോടതി നിശ്ചയിച്ച സ്ഥലങ്ങളിലെ താമസക്കാർക്കോ കർഷകർക്കോ യാതൊരുവിധത്തിലുള്ള ആശങ്കയും ഉണ്ടാകേണ്ടതില്ല.  ഈ പ്രദേശങ്ങൾ ബഫർസോൺ ആക്കാൻ പ്രായോഗികമായുള്ള പ്രയാസങ്ങൾ സുപ്രീം കോടതിയെ ബോധ്യപ്പെടുത്തും. ജനവാസ പ്രദേശങ്ങൾ വ്യക്തമാക്കി നിർമാണങ്ങളുടെയും കെട്ടിടങ്ങളുടെയും കണക്കുകളും ഭൂപടം സഹിതമുള്ള തെളിവുകളും ഹാജരാക്കും. സുപ്രീംകോടതിയിൽ കേരളം ഫയൽ ചെയ്ത പുന:പരിശോധനാ ഹർജി ഹിയറിംഗിന് വരുമ്പോൾ ഈ തെളിവുകൾ പൂർണ തോതിൽ ലഭ്യമാക്കും. 

2011 ഫെബ്രുവരി 9 നാണ്  വന്യജീവി സങ്കേതങ്ങൾദേശീയ ഉദ്യാനങ്ങൾ എന്നിവയ്ക്കുചുറ്റും കേന്ദ്ര സർക്കാരിന്റെ ബഫർ സോൺ പ്രഖ്യാപനം ഉണ്ടായത്. 2002 ലെ വൈൽഡ് ലൈഫ് കൺസർവേഷൻ സ്ട്രാറ്റജിയുടെ (അന്ന് എൻഡിഎ സർക്കാർ) ചുവടുപിടിച്ചാണ് 10 കിലോമീറ്റർ ബഫർ സോൺ ഏർപ്പെടുത്തുന്നത് എന്ന് അന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽആളുകളുടെ ജീവിതംഉപജീവനം എന്നിവയെ ബാധിക്കാത്ത വിധത്തിൽ ബഫർസോൺ ഏർപ്പെടുത്താനാണ് 2016 ൽ സംസ്ഥാന സർക്കാർ നിലപാടെടുത്തത്. അതിനായി വിവിധ തലത്തിലുള്ള ചർച്ചകൾ സർക്കാർ മുൻകൈയിൽ നടത്തി. കേരളത്തെ പോലുള്ള സംസ്ഥാനങ്ങളുടെ സമ്മർദ്ദ ഫലമായി 2019 ഓഗസ്റ്റ് എട്ടിനു കേന്ദ്ര പരിസ്ഥിതി വന മന്ത്രാലയം പുതുക്കിയ ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കി. അതുപ്രകാരം 10 കിലോമീറ്റർ ബഫർ സോണിനകത്ത് നിർമാണ പ്രവർത്തനങ്ങൾക്ക് നാഷണൽ ബോർഡ് ഫോർ വൈൽഡ് ലൈഫിന്റെ അനുമതി വേണ്ട എന്ന നില വന്നു. ബഫർസോണിൽ ഒരു പ്രവൃത്തിയും പറ്റില്ല എന്ന് പറഞ്ഞിടത്താണ് സംസ്ഥാനങ്ങളുടെ സമ്മർദം കാരണം ഈ ഇളവുകൾ നൽകാൻ കേന്ദ്രം നിർബന്ധിതമായത്. പിന്നീട് തുടർച്ചയായുണ്ടായ പ്രളയത്തിന്റെയും മറ്റ് പ്രകൃതിദുരന്തങ്ങളുടേയും പശ്ചാത്തലത്തിൽ അടിയന്തരമായി തീരുമാനമെടുക്കേണ്ട ഘട്ടത്തിൽ ആണ് ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ തീരുമാനം കൈക്കൊണ്ടത്. പൂജ്യം മുതൽ 12 കിലോമീറ്റർ ‘ എന്നതിൽ നിന്നും ബഫർ സോൺ പരിധി ‘0 മുതൽ 1 കിലോമീറ്റർ വരെ‘ നിജപ്പെടുത്തുകയാണു സംസ്ഥാന സർക്കാർ ചെയ്തത്. ഇതുസംബന്ധിച്ച് 2019 ഒക്ടോബർ 31 ന് മന്ത്രിസഭ തീരുമാനമെടുത്തു. ഈ ഉത്തരവിൽ ഒരു കി.മീ പ്രദേശം നിർബന്ധമായും ഇക്കോ സെൻസിറ്റീവ് സോൺ ആയിരിക്കണം എന്ന് പറയുന്നില്ല. പൂജ്യം മുതൽ ഒരു കിലോമീറ്ററിൽ താഴെ എത്ര വേണമെങ്കിലും ഇക്കോ സെൻസിറ്റീവ് സോൺ ആയി നിശ്ചയിക്കാമെന്നുമാത്രമേ പറഞ്ഞിരുന്നുള്ളൂ.

ബഫർ സോൺ സംബന്ധിച്ച നിർദ്ദേശങ്ങൾ തയ്യാറാക്കുമ്പോൾ നേരിട്ട് ഫീൽഡ് ഇൻസ്പെക്ഷൻ നടത്താൻ തീരുമാനിച്ചു. ഉരുൾപൊട്ടൽ സാധ്യത ഉൾപ്പെടെയുള്ള ഭീഷണി നിലനിൽക്കുന്ന സ്ഥലങ്ങൾ അത്യാവശ്യമെങ്കിൽ ബഫർ സോണിൽ ഉൾപ്പെടുത്തി സംരക്ഷിക്കേണ്ടിവരുമോ എന്ന് ഉദ്യോഗസ്ഥരുടെ ഫീൽഡ് പരിശോധനയിൽ മനസ്സിലാക്കുന്നതിനാണ് പൊതു നിർദ്ദേശം  ഉൾപ്പെടുത്തിയത്. ഫീൽഡ് ഇൻസ്പെക്ഷൻ നടത്തിയപ്പോൾ വന്യജീവി സങ്കേതങ്ങളോട് ചേർന്ന ജനവാസമേഖലകളിൽ ഉരുൾപൊട്ടൽ ദുരന്ത സാധ്യത ഇല്ല എന്ന് കാണുകയും ജനവാസ മേഖല പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് 22 വന്യജീവി സങ്കേതങ്ങളുടെയും ദേശീയ പാർക്കുകളുടെയും ബഫർ സോൺ നിശ്ചയിച്ച് കേന്ദ്ര സർക്കാരിന് സമർപ്പിക്കുകയും ചെയ്തു. നിലവിൽ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുള്ള എല്ലാ നിർദേശങ്ങളിലും ജനവാസ മേഖലയും കൃഷിയിടങ്ങളും ഒഴിവാക്കിയിട്ടുള്ളതാണ്. ആ ഘട്ടത്തിൽ ഉയർന്ന പരാതികളും അഭിപ്രായങ്ങളും സർക്കാർ പരിഗണിച്ചു ജനങ്ങളെ നേരിട്ടുകേട്ടു.

ബഫർ സോൺ പ്രഖ്യാപിക്കുമ്പോൾ ജനസാന്ദ്രത കൂടിയ മേഖലകൾസർക്കാർ അർധ സർക്കാർ സ്ഥാപനങ്ങൾപൊതു സ്ഥാപനങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശങ്ങൾ എന്നിവയെ ഒഴിവാക്കാൻ നിർദ്ദേശിച്ചു. ഇടുക്കിആറളംകൊട്ടിയൂർശെന്തുരിണിതട്ടേക്കാട്പെരിയാർവയനാട്സൈലൻറ് വാലിപറമ്പിക്കുളംനെയ്യാർപേപ്പാറപീച്ചി എന്നിവയുൾപ്പെടെയുള്ള വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളുടെ പുതുക്കിയ രൂപത്തോടുകൂടിയ കരട് ഭേദഗതി നിർദ്ദേശം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനക്കായി അയച്ചു. ഇത് പരിശോധിച്ച് വിദഗ്ദ്ധ സമിതിയുടെ യോഗത്തിൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള ഘട്ടത്തിലെത്തി നിൽക്കവെയാണ്  ഗോദവർമ്മൻ തിരുമുൽപ്പാട് കേസിൽ 2022 ജൂൺ മൂന്നിനു സുപ്രീം കോടതി വിധിയുണ്ടായത്.

ഈ കേസിലെ വിധി പ്രകാരം ബഫർ സോൺ നിർണ്ണയിക്കുന്ന കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള ഇളവുകൾ ആവശ്യമെങ്കിൽ കേന്ദ്ര എംപവേഡ് കമ്മിറ്റിയെയും കേന്ദ്ര വനം പരിസ്ഥിതി വകുപ്പിനെയും സമീപിച്ച് അവരുടെ ശുപാർശ പ്രകാരം സുപ്രീം കോടതിയെ സമീപിക്കേണ്ടതുണ്ട്. ജനവാസ മേഖല പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടുള്ള നിർദ്ദേശങ്ങൾ  സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി അംഗീകാരം വാങ്ങാനുള്ള നടപടിക്രമങ്ങൾ വിധി വന്ന ഉടനെ തന്നെ സംസ്ഥാന സർക്കാർ ആരംഭിച്ചു. 2022 ജൂൺ മൂന്നിലെ സുപ്രീംകോടതിയുടെ വിധി കേരളത്തെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ല എന്ന് ചൂണ്ടികാണിച്ച് സംസ്ഥാനം സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.

വളരെ കുറഞ്ഞ ഭൂവിസ്തൃതിയുള്ള സംസ്ഥാനത്തിന്റെ 30 ശതമാനത്തോളം വനവും ആകെ ഭൂപ്രദേശത്തിന്റെ 48 ശതമാനത്തോളം പശ്ചിമഘട്ട മലനിരകളും 590 കിലോമീറ്റർ കടൽ തീരവും നിരവധിയായ തടാകങ്ങളും കായലുകളും നെൽവയലുകളും മറ്റ് തണ്ണീർത്തടങ്ങളും അടങ്ങിയിട്ടുള്ളതാണ്. സംസ്ഥാനത്തെ ജനസാന്ദ്രത സ്‌ക്വയർ കിലോമീറ്ററിൽ 900ന് മുകളിലാണ്. ഇപ്പോഴത്തെ ജനസംഖ്യ 3.5 കോടിയാണ്. ജനവാസത്തിന് അനുയോജ്യമായ ഭൂപ്രദേശങ്ങൾ വളരെ കുറവാണ്. ഈ കാരണങ്ങളാൽ ജനവാസമേഖലകൾ പൂർണമായും ഇക്കോ സെൻസിറ്റീവ് സോണിന്റെ പരിധിയിൽ നിന്നും ഒഴിവാക്കി സംസ്ഥാനം സമർപ്പിച്ച നിർദ്ദേശങ്ങൾ കേന്ദ്രസർക്കാരിന്റെ പരിഗണനയിലായിരുന്നു. അതിൽ അന്തിമ തീരുമാനം വരാനിരിക്കെയാണ് സുപ്രീം കോടതിയുടെ ഇപ്പോഴത്തെ വിധി വന്നത്.

നിലവിലുള്ള നിർമ്മാണങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളോ അല്ലെങ്കിൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള ഫോട്ടോകളോ മൂന്നുമാസത്തിനകം ഹാജരാക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഡ്രോൺ അല്ലെങ്കിൽ ഉപഗ്രഹ സർവ്വേ എന്നീ രണ്ട് മാർഗങ്ങൾ ഉപയോഗിച്ച് സർവ്വേ നടത്താം എന്നാണ് സുപ്രീം കോടതി വിധിയിൽ പറയുന്നത്. ഉപഗ്രഹ ചിത്രങ്ങൾ പൂർണമാകാൻ സാധ്യതയില്ല എന്നും കെട്ടിടങ്ങൾചില ഭൂപ്രദേശങ്ങൾ എന്നിവ നിഴൽ മൂലമോ മരങ്ങളുടെ തടസങ്ങൾ വഴിയോ വ്യക്തമാകാൻ സാങ്കേതിക പ്രയാസങ്ങൾ ഉണ്ടാകും എന്നും വന്നു. അത് മനസിലാക്കിയാണ് ഫീൽഡ് പരിശോധന കൂടി നടത്തി നിലവിലുള്ള എല്ലാ കെട്ടിടങ്ങളും നിർമ്മാണങ്ങളും രേഖപ്പെടുത്തി സുപ്രീംകോടതിയിൽ സമർപ്പിയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. വിധി വന്ന് അഞ്ചു ദിവസത്തിനകം ജൂൺ എട്ടിന് ഉത്തരവ് പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിനായി വനം -വന്യജീവി വകുപ്പുമന്ത്രി യോഗം വിളിച്ചു ചേർത്തു. സുപ്രീം കോടതി നിർദേശിച്ച ഒരു കി.മീ.പരിധിയിൽ  വരാവുന്ന കെട്ടിടങ്ങൾ നിർമാണങ്ങൾ എന്നിവയുടെ കണക്ക് എടുക്കുന്നതിന് സഹായിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ കേരളാ സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ്  എൺവിയോൺമെൻറ് സെന്റർ ഡയറക്ടർക്ക് ജൂൺ 13നു കത്തയച്ചു.

ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കണംആവശ്യമായ നിയമനിർമ്മാണം നടത്തണംജനവാസ മേഖലകൾ ഒഴിവാക്കണംകേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിക്കണംപൊതുതാൽപര്യാർത്ഥം സംസ്ഥാന സർക്കാർ  സമർപ്പിച്ച   നിർദ്ദേശങ്ങൾ അംഗീകരിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയ്ക്ക് സംസ്ഥാന വനംവന്യജീവി വകുപ്പുമന്ത്രി ജൂൺ 14ന്  കത്തയച്ചു. കേരളത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കും വിധം ജനവാസ മേഖല ഒഴിവാക്കിക്കിട്ടുന്നതിന് ആവശ്യമായ റിവ്യൂ-മോഡിഫിക്കേഷൻ ഹർജി സമർപ്പിക്കാൻ ആവശ്യപ്പെട്ട് അഡ്വക്കറ്റ് ജനറലിന് സർക്കാർ ജൂൺ 24നു കത്ത് നൽകി.

സുപ്രീം കോടതി ഉത്തരവ് പ്രകാരം കേരളത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും ജനവാസ മേഖലകൾ ഒഴിവാക്കി സംസ്ഥാനം സമർപ്പിച്ച  നിർദ്ദേശങ്ങൾ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് ജൂൺ 25നു കത്തയച്ചു. ജൂലായ് ഏഴിന്  നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസാക്കി. 14നു കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അന്നുതന്നെ സുപ്രീംകോടതി വിധിയിന്മേൽ സംസ്ഥാന സർക്കാർ പുനപരിശോധനാ ഹർജി ഫയൽ ചെയ്തു. സംസ്ഥാന റിമോട്ട് സെൻസിംഗ് ആന്റ് എൻവയോൺമെന്റ് സെൻറർ ശേഖരിച്ച വിവരങ്ങൾ സംബന്ധിച്ച് ആഗസ്ത് എട്ടിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചർച്ച ചെയ്യുകയും ഇക്കോ സെൻസിറ്റീവ് സോൺ സംബന്ധിച്ച് ഭൗതിക സ്ഥല പരിശോധന നടത്തി വിവരങ്ങൾ ഉറപ്പാക്കാൻ തീരുമാനിക്കുകയും ചെയ്തു.

സംസ്ഥാനത്തിന്റെ പുനഃപരിശോധന ഹർജിക്കൊപ്പം സംരക്ഷിത പ്രദേശങ്ങളോട് ചേർന്നുള്ള ജനസാന്ദ്രതയും കെട്ടിടങ്ങൾമറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവയുടെ വിശദവിവരങ്ങളും ക്രോഡീകരിച്ച് കോടതിയിൽ സമർപ്പിക്കുന്നതിനാണ് കേരള സംസ്ഥാന റിമോർട്ട് സെൻസിങ് ആന്റ് എൻവയോൺമെൻറ് സെന്ററിനെ (കെ.എസ്.ആർ.എസ്.ഇ.സി) ചുമതലപ്പെടുത്തിയിരിക്കുന്നത്. സുപ്രീം കോടതി വിധിയെ സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ റിട്ട. ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ അധ്യക്ഷനായി വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. ബഫർസോൺ വിഷയത്തിൽ സ്ഥല പരിശോധന നടത്തി സുപ്രീം കോടതിയിൽ സമർപ്പിക്കാനുള്ള റിപ്പോർട്ട് തയ്യാറാക്കാനുള്ള ചുമതല ഈ വിദഗ്ദ്ധ സമിതിക്കാണ്. ഉപഗ്രഹ ചിത്രങ്ങൾ പ്രകാരമുള്ള ഭൂപടത്തിൽ വരാവുന്ന അപാകതകൾ പരിഹരിക്കുന്നതിനായാണ് ഫീൽഡ് വെരിഫിക്കേഷൻ  തീരുമാനിച്ചത്. ഇപ്രകാരം തയ്യാറാക്കുന്ന രേഖ പ്രസ്തുത പുനഃപരിശോധന ഹർജിയിൽ തെളിവായി ഹാജാരാക്കുകയാണ് ചെയ്യുക. എത്ര കെട്ടിടങ്ങൾഅവ ഏതൊക്കെഎന്നിങ്ങനെയുള്ള വിവരങ്ങൾ കൃത്യതയോടെ ശേഖരിക്കുന്നത് അത്തരം കെട്ടിടങ്ങൾ അവിടെ ഉണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്താനും ആ കെട്ടിടങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനുമാണ്. ഇതിലൂടെ മാത്രമെ കോടതി നിർദ്ദേശിച്ചിട്ടുള്ള ഒരു കി.മീ ബഫർസോൺ പ്രദേശം ജനവാസ മേഖലയാണെന്ന് തെളിയിക്കാൻ സാധിക്കുകയുള്ളു.

ബഫർസോൺ മേഖലയിൽ നിന്നും ആളുകൾ ഒഴിഞ്ഞു പോകേണ്ടി വരും എന്ന തെറ്റായ പ്രചരണം സാധാരണ ജനങ്ങളിൽ ഭീതി പരത്തുന്നതിനു വേണ്ടി മാത്രമാണ്. മേഖലയിൽ വാഹന നിയന്ത്രണംകാർഷിക പ്രവർത്തനങ്ങളുടെ നിരോധനം മുതലായവ വരും എന്ന തെറ്റായ പ്രചരണങ്ങൾ നടക്കുന്നുണ്ട്. ഇത് മലയോര മേഖലയിൽ താമസിക്കുന്ന ജനങ്ങൾക്കിടയിൽ ഭീതി സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ബഫർ സോൺ സംബന്ധിച്ച് കേരള റിമോർട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെൻറ് സെൻറർ ഉപഗ്രഹ സർവ്വേ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിലെ വിവരങ്ങളും മാപ്പുകളും അടക്കമുള്ള പൂർണ്ണ രൂപം സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയത് ഇതു സംബന്ധിച്ച  വിദഗ്ധ സമിതി തീരുമാനം അടിസ്ഥാനമാക്കിയാണ്. ഉപഗ്രഹസർവ്വെ റിപ്പോർട്ട് ഒരു സൂചകം മാത്രമാണ്അന്തിമ രൂപമല്ല. ഇത് അന്തിമ തീരുമാനമാണെന്ന രീതിയിൽ ഇത്  സംബന്ധിച്ച പ്രചാരണങ്ങൾ നടക്കുന്നുണ്ട്. അതും തെറ്റായ പ്രചരണമാണ്.

പരിസ്ഥിതി ലോല മേഖല സംബന്ധിച്ച വിശദമായ ഗ്രൗണ്ട് സർവ്വേ ഉടൻ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രശ്നപരിഹാരത്തിനായി സുപ്രീം കോടതി നിർദ്ദേശിച്ച എല്ലാ മാർഗങ്ങളും സർക്കാർ തേടും. ഇത് സംബന്ധിച്ച് ബഫർ സോണിൽപ്പെടുന്ന പഞ്ചായത്തുകൾ തോറും ജനങ്ങളുടെ അഭിപ്രായം ശേഖരിക്കുവാനുള്ള സംവിധാനവും ഒരുക്കും. പൊതുജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ തദ്ദേശ ഭരണസംവിധാനങ്ങൾ  ഹെൽപ് ഡെസ്‌ക്കുകൾ തുറക്കും. പൊതുവേ ജനവാസമുള്ള മേഖലകളിലെ നിലവിൽ ഒഴിഞ്ഞുകിടക്കുന്നയിടങ്ങളിൽ ഭാവിയിൽ വീടുകളോ മറ്റ് നിർമിതികളോ വരാനുള്ള സാധ്യതയും കണക്കിലെടുക്കേണ്ടതുണ്ട്. ഇത്തരം പ്രദേശങ്ങളിൽ ഭൂമിയുള്ളവരും ആശങ്കപ്പെടേണ്ടതില്ല. ജനവാസ കേന്ദ്രങ്ങൾ ഏതെല്ലാമെന്ന് കണ്ടുപിടിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. നിലവിൽ പ്രസിദ്ധീകരിച്ച ഉപഗ്രഹ സർവേയിൽ ഉൾപ്പെടാത്തവർക്ക് സമിതിക്ക് മുൻപാകെ വിവരം സമർപ്പിക്കാം.

ഇപ്പോൾ തയ്യാറാക്കുന്ന ഉപഗ്രഹ സർവ്വേയും വിവരശേഖരണവും മറ്റ് റവന്യു/വനം ആവശ്യങ്ങൾക്കുപയോഗിച്ചേക്കാമെന്ന ആശങ്കയും പ്രദേശവാസികൾക്ക് വേണ്ട. ഈ സർവ്വേ സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി പരിഗണിക്കുമ്പോൾ കേരളത്തിന്റെ വാദവും ജനസാന്ദ്രതയും തെളിയിക്കുന്നതിനുള്ളതാണ്. സർക്കാരിന് ബഫർ സോൺ വിഷയത്തിൽ ഒരു അവ്യക്തതയും ഇല്ല.

യഥാർത്ഥ വസ്തുതകളും വിവരങ്ങളും മറച്ചുവെച്ച് ജനങ്ങളെ പുകമറയിൽ നിർത്താനും സർക്കാരിനെതിരെ വൈകാരിക പ്രതികരണങ്ങൾ സൃഷ്ടിക്കാനുമാണു ചിലർ ശ്രമിക്കുന്നത്. സർവേ നടത്തുന്നത് നിലവിലുള്ള നിർമാണങ്ങൾ സംരക്ഷിക്കാനാണ് എന്ന വസ്തുത പോലും സൗകര്യപൂർവ്വം മറച്ചു വെക്കാനുള്ള നീക്കം ഉണ്ടാകുന്നു എന്നതും ആശ്ചര്യകരമാണ്. അത്തരത്തിലുള്ള കുപ്രചാരണങ്ങളെ തുറന്നു കാട്ടും. പരിസ്ഥിതി സംരക്ഷണത്തിൽ ജാഗ്രത കാട്ടുമ്പോൾത്തന്നെ ജനജീവിതത്തെ ബാധിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ല എന്നുറപ്പുവരുത്താനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നു മുഖ്യമന്ത്രി പറഞ്ഞു.