സംഗീത കോളേജുകളുടെയും ഫൈൻ ആർട്‌സ് കോളേജുകളുടെയും പശ്ചാത്തല സൗകര്യ വികസനത്തിനും ഉള്ളടക്ക ഗുണമേന്മയ്ക്കും സദാ പ്രതിജ്ഞാബദ്ധരാണ് എൽഡിഎഫ് സർക്കാരെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. തിരുവനന്തപുരം ശ്രീസ്വാതിതിരുനാൾ സംഗീത കോളേജിൽ സ്വാതി തിരുനാളിന്റെ അർദ്ധകായപ്രതിമയുടെ അനാച്ഛാദനവും നവീകരിച്ച മുത്തയ്യ ഭാഗവതർ ഓഡിറ്റോറിയം ഉദ്ഘാടനവും നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

പാരമ്പര്യത്തിന്റെ ഗരിമ നിലനിർത്തിക്കൊണ്ടു തന്നെ കാലാനുസൃതമായ നവീകരണങ്ങൾ നാം ഉൾക്കൊള്ളണമെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. അതിനായുള്ള എല്ലാത്തരം പിന്തുണയും ഇടപെടലും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തു നിന്നുമുണ്ടാകും. മണക്കാട് കമലേശ്വരം സ്വദേശി കെ എസ് സിദ്ധനാണ് വെങ്കല പ്രതിമ ഒരുക്കിയത്. നാലടി ഉയരവും 300 കിലോ ഭാരവുമുള്ള പ്രതിമ മൂന്നു വർഷമെടുത്താണ് സിദ്ധൻ നിർമ്മിച്ചത്. രാജാക്കന്മാരിലെ സംഗീതജ്ഞനും  സംഗീതജ്ഞരിലെ രാജാവുമായിരുന്ന സ്വാതി തിരുനാളിന് പ്രതിമ സ്ഥാപിക്കണമെന്ന പൂർവ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ദീർഘകാലസ്വപ്നമാണ്  സ്വാതിതിരുനാൾ സംഗീത കോളേജിൽ സാക്ഷാത്ക്കരിക്കപ്പെട്ടത്.