ക്രിസ്മസിനോടനുബന്ധിച്ച് കലക്ട്രേറ്റിലെ ജീവനക്കാര്‍ക്ക് മായമില്ലാത്തതും വിഷാംശമില്ലാത്തതുമായ ഹോംമെയ്ഡ് ഉത്പന്നങ്ങള്‍ ലഭ്യമാക്കുക, കുടുംബശ്രീ സംരംഭകര്‍ക്ക് കൂടുതല്‍ സംരംഭ സാധ്യതകള്‍ ഒരുക്കുക, എന്നീ ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാമിഷന്‍റെ നേതൃത്വത്തില്‍ നടത്തുന്ന ക്രിസ്മസ് – കേക്ക് വിപണനമേളയ്ക്ക് തുടക്കമായി. മേളയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ നിര്‍വ്വഹിച്ചു. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ നിര്‍മ്മല്‍ എസ് സി അധ്യക്ഷത വഹിച്ചു.

കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന വിവിധതരം കേക്കുകള്‍, കുക്കീസ്, ചോക്കലേറ്റ്, സ്ക്വാഷ്, വിവിധതരം അച്ചാറുകള്‍, കൊണ്ടാട്ടങ്ങള്‍, പപ്പടങ്ങള്‍, വിവിധ പലഹാരങ്ങള്‍, ചിപ്സ്, വെളിച്ചെണ്ണ, ജൂട്ട്, കറിപൗഡറുകള്‍, തുണി/ജൂട്ട് ബാഗുകള്‍, ഫാന്‍സി ആഭരണങ്ങള്‍, സോപ്പ്, ടോയ്ലെറ്ററീസ്, കുത്താമ്പുള്ളി തുണിത്തരങ്ങള്‍ എന്നിവ മേളയില്‍ ഉണ്ടായിരിക്കും. കൂടാതെ ആദിവാസി മേഖലയില്‍ നിന്നുള്ള തേന്‍, സോപ്പ്, ഹെയര്‍ ഓയില്‍, തുണി സഞ്ചി തുടങ്ങിയവയും മേളയുടെ ഭാഗമാണ്. 22, 23 തിയ്യതികളിലായി കലക്ട്രേറ്റില്‍ ബാര്‍ അസോസിയേഷന്‍ ഹാളിന് സമീപമുളള പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് മേള സംഘടിപ്പിക്കുന്നത്.

കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍, കുടുംബശ്രീ സംരംഭകര്‍, എം.ഇ.സിമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. രാവിലെ 9.30 മണി മുതല്‍ വൈകീട്ട് 5.30 വരെ ക്രിസ്മസ് മേള ഉണ്ടായിരിക്കും.