തീരദേശ ഹൈവേയ്ക്കായി ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങുന്ന മുറയ്ക്ക് ഭൂമി വില സംബന്ധിച്ച പ്രത്യേക പാക്കേജിന് സര്‍ക്കാര്‍ രൂപം കൊടുക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് നിയമസഭാ സമിതി. മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നാലാമത്തെ നിയമസഭാ സമിതി യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്. തീരദേശ ഹൈവേയുടെ നിര്‍മ്മാണം നടക്കുമ്പോള്‍ കൂടുതലായും ബാധിക്കുന്നത് മത്സ്യത്തൊഴിലാളി കേന്ദ്രങ്ങളെയാണ്. അവരുടെ വീടും തൊഴിലിടങ്ങളും പരമാവധി സംരക്ഷിക്കാനും മതിയായ നഷ്ടപരിഹാരം കൊടുക്കാനും നടപടിയെടുക്കണമെന്നാണ് സമിതിയുടെ അഭിപ്രായമെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. അധ്യക്ഷനായുള്ള സമിതിയുടെ സിറ്റിംഗില്‍ എന്‍.കെ. അക്ബര്‍ എം.എല്‍.എ.യും പങ്കെടുത്തു. ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ, നിയമസഭ സമിതി അണ്ടര്‍ സെക്രട്ടറി അനില്‍ കുമാര്‍ ബി., ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ രമേശ് ശശിധരന്‍, മത്സ്യഫെഡ് ജനറല്‍ മാനേജര്‍ ഷാനവാസ് ബി., എ.ഡി.എം. എസ്. സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
മണ്ണെണ്ണയുടെ ലഭ്യതയാണ് മത്സ്യത്തൊഴിലാളികള്‍ ഉന്നയിച്ച പ്രധാനപ്പെട്ട പ്രശ്‌നങ്ങളില്‍ ഒന്ന്. മണ്ണെണ്ണയുടെ വിഹിതം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചതു കാരണം ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന മണ്ണെണ്ണയുടെ അളവ് കുറവാണ്. ഈ സാഹചര്യത്തില്‍ ഇന്ധനത്തെ പരമാവധി ഒഴിവാക്കിക്കൊണ്ടുള്ള മറ്റ് ബദല്‍ മാര്‍ഗങ്ങള്‍ക്കായുള്ള പഠനങ്ങള്‍ നടത്തി അവയിലേക്ക് മാറാന്‍ മത്സ്യത്തൊഴിലാളികളെ പ്രാപ്തരാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്ന് സമിതി വ്യക്തമാക്കി. ഇപ്പോള്‍ ലഭിക്കുന്ന മണ്ണെണ്ണയിലുള്ള സബ്‌സിഡി വര്‍ദ്ധിപ്പിക്കണമെന്ന വിവിധ സംഘടനങ്ങളുടെ ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും.
മത്സ്യത്തൊഴിലാളി മേഖലയെ ആകെ ബാധിക്കുന്ന പ്രധാന വിഷയമായ തീരദേശ പരിപാലന നിയന്ത്രണ നിയമം (സി.ആര്‍.ഇസഡ്. ആക്ട്) സംബന്ധിച്ച പരാതികളും സമിതിയ്ക്കു ലഭിച്ചു. ഇതില്‍ നയപരമായ തീരുമാനം കേന്ദ്ര സര്‍ക്കാരിന്റേതാണെന്ന് സമിതി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ റിപ്പോര്‍ട്ടുകളും കേന്ദ്ര സര്‍ക്കാരിന് കൊടുക്കുന്നുണ്ട്. അത് ഒന്നുകൂടി വേഗത്തിലാക്കി മത്സ്യതൊഴിലാളികളുടെ ഭവനനിര്‍മാണം, പുനരധിവാസം എന്നിവ പെട്ടന്ന് സാധ്യമാക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളും.
മത്സ്യത്തൊഴിലാളികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട പുനര്‍ഗേഹം പദ്ധതിയ്ക്കായി അനുവദിച്ചിട്ടുള്ള 10 ലക്ഷം രൂപ വര്‍ദ്ധിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തും.
മത്സ്യത്തൊഴിലാളി ക്ഷേമനിധി പെന്‍ഷനുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ സമിതി പരിഗണിച്ചു. വാര്‍ദ്ധക്യ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് ക്ഷേമനിധി പെന്‍ഷന്‍ ലഭിക്കാനുള്ള അര്‍ഹതയില്ല എന്നതാണ് നിലവിലെ വ്യവസ്ഥ. ക്ഷേമനിധി പെന്‍ഷനൊപ്പം രണ്ടാമതൊരു പെന്‍ഷന്‍ കൂടി മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള വ്യവസ്ഥയുണ്ടാകണം എന്ന ആവശത്തില്‍ നടപടി കൈക്കൊള്ളും.
2004-ലെ സുനാമി കോളനികളിലെ പല കെട്ടിടങ്ങളും തകര്‍ന്ന അവസ്ഥയിലാണ്. പലയിടത്തും സ്ഥിതി ശോചനീയമാണ്. കഴിഞ്ഞ മാസം കൊല്ലം കുലശേഖരമംഗലം പഞ്ചായത്തിലും കരുനാഗപ്പള്ളിയിലും സുനാമി സൈറ്റുകള്‍ സമിതി സന്ദര്‍ശിച്ചിരുന്നു. സുനാമി ബാധിതരായി വീടും സ്ഥലവും നഷ്ടപ്പെട്ട് മാറ്റി താമസിക്കപ്പെട്ടിട്ടുള്ള കുടുംബങ്ങള്‍ക്ക് കിടപ്പാടം വാസയോഗ്യമാക്കാനുള്ള പ്രത്യേക പദ്ധതി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കും.
പീലിംഗ് മേഖലയുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് സ്ത്രീകളാണ് ജോലി ചെയ്യുന്നത്. അവരുടെ ആരോഗ്യം ഉറപ്പു വരുത്താനും തൊഴിലിടങ്ങളില്‍ തൊഴില്‍ നിയമപ്രകാരമുള്ള ക്രമീകരണങ്ങള്‍ ഉറപ്പുവരുത്താനും വകുപ്പുതല ഇടപെടലിന് ശിപാര്‍ശ ചെയ്യും. മിനിമം കൂലിയും ബോണസ് സംബന്ധമായ കാര്യങ്ങളും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്നും സമിതി അറിയിച്ചു.
ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്നവരുടെ പ്രശ്നങ്ങള്‍ സമിതി വിശദമായി കേട്ടു. പോള പായല്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ മൂലം ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ തൊഴില്‍രഹിതര്‍ ആണെന്നും അവരുടെ തൊഴില്‍ ഉറപ്പാക്കുന്നതിന് പോളപ്പായല്‍ നിര്‍മ്മാര്‍ജ്ജനം ഓരോ വര്‍ഷവും കൃത്യമായി നടപ്പാക്കുന്നതിന് സ്ഥിരമായ ഒരു സംവിധാനം ഉണ്ടാക്കണമെന്നും നിയമസഭാ സമിതി ശുപാര്‍ശ ചെയ്യും. സംസ്ഥാന സര്‍ക്കാര്‍ തദ്ദേശഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ബൃഹത്തായ പദ്ധതിക്ക് രൂപം കൊടുക്കണം. ഇതിനുള്ള യന്ത്രം വാങ്ങുന്നതുള്‍പ്പടെയുള്ള ശുപാര്‍ശ നല്‍കാനും സമിതി നിര്‍ദ്ദേശിച്ചു. ഇതു സംബന്ധിച്ച് മുന്‍ എം.എല്‍.എ. പി. ദിനകരന്റെ പരാതിയ്ക്ക് മറുപടി പറയുകയായിരുന്നു സമിതി.
മത്സ്യത്തൊഴിലാളി ക്ഷേമനിധി വിഹിതം അടയ്ക്കുന്ന തൊഴിലാളിക്ക് 60 വയസ്സു കഴിഞ്ഞു പിരിഞ്ഞുപോകുമ്പോള്‍ വിരമിക്കല്‍/മരണ ആനുകൂല്യം എന്ന നിലയില്‍ മറ്റു ക്ഷേമ നിധികളില്‍ ലഭിക്കുന്ന ആനുകൂല്യം മത്സ്യത്തൊഴിലാളികള്‍ക്കുകൂടി ബാധകമാക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. കാലാവധി കഴിഞ്ഞ വായ്പകള്‍, ഹൗസിംഗ് സഹകരണ സംഘങ്ങളുടെ ദ്രോഹ നടപടികള്‍, മത്സ്യത്തൊഴിലാളി പെന്‍ഷന്‍ കുടിശ്ശിക സംബന്ധിച്ചുള്ള നിരവധി പരാതികളും സമിതിക്കു മുന്നിലെത്തി. ഇവയിലെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് എത്രയും വേഗം സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വ്യക്തിഗത ആനുകൂല്യങ്ങള്‍ എന്നതിലുപരി മത്സ്യത്തൊഴിലാളികളെ മൊത്തത്തില്‍ ബാധിക്കുന്ന വിഷയങ്ങളാണ് സമിതിയുടെ മുന്‍പില്‍ കൂടുതലും വന്നതെന്ന് പി. പി. ചിത്തരഞ്ജന്‍ എം.എല്‍.എ. പറഞ്ഞു.