ഉത്സവകാലങ്ങളിലെ വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോ ഒരുക്കുന്ന ക്രിസ്മസ്-ന്യൂ ഇയർ ഫെയര്‍ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഡിസംബർ 22) വൈകീട്ട് 5.30ന് റവന്യൂമന്ത്രി കെ രാജന്‍ നിര്‍വഹിക്കും. തേക്കിന്‍കാട് മൈതാനം, തെക്കേഗോപുരനടയിൽ 12 ദിവസം നീണ്ടു നിൽക്കുന്ന ജില്ലാ ഫെയറിൽ പൊതുവിപണിയെക്കാൾ കുറഞ്ഞ നിരക്കിൽ അവശ്യ സാധനങ്ങൾ ഗുണമേന്മയോടെ ലഭ്യമാകും.
മറ്റ് ഫെയറുകളിൽ നിന്ന് വ്യത്യസ്തമായി സപ്ലൈകോ വില്പനശാലകളിൽ നിന്നോ, സപ്ലൈകോ ഫെയറുകളിൽ നിന്നോ 3000 രൂപയ്ക്കോ അതിൽ അധികം തുകയ്ക്കോ സാധനങ്ങൾ വാങ്ങുന്നവർക്ക് നറുക്കെടുപ്പിലൂടെ സമ്മാനം നൽകും. ലക്കി ഡിപ്പിലൂടെ തെരഞ്ഞെടുക്കുന്ന രണ്ട് പേർക്ക് ഒരു ഗ്രാം സ്വർണ നാണയം സമ്മാനമായി നൽകും.
ചടങ്ങില്‍ പി ബാലചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ടി എന്‍ പ്രതാപന്‍ എംപി വിശിഷ്ടാതിഥിയാകും. മേയര്‍ എം കെ വര്‍ഗീസ് ആദ്യ വില്‍പ്പന നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, സപ്ലൈകോ ചെയർമാനും എം ഡിയുമായ ഡോ. സഞ്ജീവ് പട്ജോഷി, അസിസ്റ്റന്റ് മേഖല മാനേജർ കെ എസ് സതീഷ് കുമാർ, ജില്ലാ സപ്ലൈ ഓഫീസര്‍ പി ആര്‍ ജയചന്ദ്രൻ, കൗണ്‍സിലര്‍ പൂര്‍ണിമ സുരേഷ് തുടങ്ങിയവർ പങ്കെടുക്കും.