സപ്ലൈകോ ക്രിസ്മസ് പുതുവത്സര ജില്ലാ ഫെയറിന് തുടക്കം. ജില്ലാ കോടതി പാലത്തിനു പടിഞ്ഞാറ് വശമുള്ള പുന്നപ്ര വയലാർ സ്മാരക ഹാളിൽ ജനുവരി രണ്ട് വരെയാണ് ജില്ലഫെയർ. ക്രിസ്മസ് പുതുവത്സര ജില്ലാ ഫെയറിന്റെ ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ. നിർവഹിച്ചു. കേരളത്തിൽ വില നിയന്ത്രണം പിടിച്ചു നിർത്താൻ സാധിക്കുന്നത് സംസ്ഥാനത്ത് ശക്തമായ പൊതുവിപണന സംവിധാനങ്ങൾ ഉള്ളത് കൊണ്ടാണെന്നും റേഷൻ കടകൾ വഴി ഏറ്റവും ഗുണമേന്മയുള്ള അരി പൊതു ജനങ്ങൾക്ക് നൽകാൻ സാധിച്ചുവെന്നും ഉദ്ഘാടനച്ചടങ്ങിൽ എം.എൽ.എ. പറഞ്ഞു.
മുല്ലയ്ക്കൽ വാർഡ് കൗൺസിലർ എം.ജി.സതീദേവി അദ്ധ്യക്ഷത വഹിച്ചു.

സപ്ലൈകോ അഡീഷണൽ ജനറൽ മേനേജർ പി.ടി. സൂരജ് ആദ്യ വിൽപന നിർവഹിച്ചു. സപ്ലൈക്കോ ഉപമേഖല മാനേജർ സി. ജയ്ഹരി, ഡിപ്പോ മാനേജർ ജി. ഓമനക്കുട്ടൻ, ഫെയർ ഓഫിസർ ബിജു ജെയിംസ് ജേക്കബ്, അസിസ്റ്റന്റ് ഫെയർ ഓഫിസർ പി.കെ. ജോൺ, രാഷ്ടീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ക്രിസ്മസ് പുതുവത്സര ഫെയറിൽ ഗൃഹോപകരണങ്ങൾ ഉൾപ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങളും വിലക്കുറവിൽ ലഭിക്കും. 25 മുതൽ 50 ശതമാനം വരെ വിലിക്കുറവിലാണ് നിത്യോപയോഗ വസ്തുക്കൾക്ക് ലഭ്യമാക്കുന്നത്. പ്രധാന ഇനങ്ങളുടെ സബ്‌സിഡി വില (നോൺ സബ്‌സിഡി വില ബ്രായ്ക്കറ്റിൽ): ചെറുപയർ- 76 (96), ഉഴുന്ന്- 68(115), കടല- 45 (71), വൻപയർ- 47(101), തുവര പരിപ്പ്- 67 (121), മുളക്- 39.50(152), മല്ലി- 41.50(77), പഞ്ചസാര- 24 (42), ജയ അരി- 25 (39), പച്ചരി- 23 (28), മട്ട അരി- 24 (39). രാവിലെ 10 മുതൽ വൈകിട്ട് എട്ട് മണി വരെയാണ് ഫെയറിന്റെ പ്രവർത്തന സമയം.