കേരളത്തിൽ സ്ത്രീകള്‍ക്കിടയിലെ വിളര്‍ച്ച പ്രതിരോധിച്ച് വിളര്‍ച്ച രഹിത കേരളം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ‘വിളര്‍ച്ചയില്‍നിന്ന് വളര്‍ച്ചയിലേക്ക്’ പദ്ധതി ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇന്ത്യയില്‍ തന്നെ ആദ്യമായി അംഗനവാടിയിലെ കുട്ടികള്‍ക്ക് മുട്ടയും പാലും നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ച് തുടങ്ങിയത് കേരളമാണ്. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ തുരുത്തിപ്പള്ളി 52-ാം നമ്പര്‍ ഹൈടെക് അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ആര്‍ദ്രം മിഷനിലൂടെ ഏതു ചികിത്സയും സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിട്ടുള്ളത്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വന്‍തുകയാണ് സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത്. സംസ്ഥാനത്ത് കോട്ടയം മെഡിക്കല്‍ കോളേജില്‍ മൂന്ന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കി. തിരുവനന്തപുരത്തും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തുടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമാണ് കേരളം. അതിനുള്ള പുരസ്‌കാരവും സംസ്ഥാനത്തിന് ലഭിച്ചു.
അങ്കണവാടികളിൽ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. എല്ലാ അങ്കണവാടികള്‍ക്കും സ്വന്തമായി കെട്ടിടം നിര്‍മിക്കുകയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 250 അങ്കണവാടികള്‍ സംസ്ഥാനത്ത് സ്മാര്‍ട്ട് അങ്കണവാടികള്‍ ആക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ആലപ്പുഴയില്‍ 69 അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി ഒമ്പത് അങ്കണവാടികളും നിര്‍മ്മിക്കുന്നുണ്ട്. ആലപ്പുഴയില്‍ ഏഴ് സ്മാര്‍ട്ട് അങ്കണവാടികളും തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. അങ്കണവാടി കെട്ടിടത്തിന് സൗജന്യമായി സ്ഥലം വിട്ടുനല്‍കിയ ബി. രാധാകൃഷ്ണന്‍ നായര്‍, വത്സല ടീച്ചര്‍, ഓമന ടീച്ചര്‍ എന്നിവരെ മന്ത്രി ചടങ്ങില്‍ ആദരിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് നല്‍കിയ തുക വിനിയോഗിച്ചാണ് അങ്കണവാടി കെട്ടിടം പൂര്‍ത്തിയാക്കിയത്. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാര്‍ത്തികേയന്‍, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്വിജി. മോഹനന്‍, ജില്ല പഞ്ചായത്ത് അംഗങ്ങളായ പി.എസ്. ഷാജി, വി. ഉത്തമന്‍, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജി അനില്‍കുമാര്‍, അഞ്ചാം വാര്‍ഡ് മെമ്പര്‍ ടി.പി. കനകന്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ എല്‍. ഷീബ, പ്രോഗ്രാം ഓഫീസര്‍ മായാലക്ഷ്മി ജെ., ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ മിനിമോള്‍ ടി.വി., അങ്കണവാടി ടീച്ചര്‍ എം.എസ്. ഗിരിജ മോള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.