ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ മേൽനോട്ടത്തിൽ നടത്തുന്ന സദ്ഭരണ വാരാഘോഷവുമായി ബന്ധപ്പെട്ട് വയനാട് ജില്ലാ ഭരണകൂടം ജില്ലാ തല ഓഫീസർമാർക്കായി ശിൽപശാല സംഘടിപ്പിച്ചു. ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ നടന്ന ശിൽപശാല ഉദ്ഘാടനം മുൻ ജില്ലാ കളക്ടർ എ.ആർ അജയകുമാർ നിർവ്വഹിച്ചു. ജില്ലാ കളക്ടർ എ.ഗീത അധ്യക്ഷത വഹിച്ചു.
ജില്ലയിൽ ഇ- ഓഫീസ് സംവിധാനം മികച്ച രീതിയിൽ നടപ്പിലാക്കിയ മുൻ ജില്ലാ കളക്ടർ എ.ആർ അജയകുമാറിന് ജില്ലാ കളക്ടർ എ.ഗീത സർട്ടിഫിക്കറ്റ് കൈമാറി.
ശിൽപശാലയിൽ ജില്ലയിൽ സദ്ഭരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 5 വർഷം വിവിധ മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങളെയും മാതൃകകളെയും സംബന്ധിച്ച് അവതരണങ്ങൾ നടന്നു.
പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡിജിറ്റൈലൈസേഷൻ പദ്ധതിയെ കുറിച്ച് ഫിനാൻസ് ഓഫീസർ എ.കെ ദിനേശൻ അവതരണം നടത്തി. 2021-ൽ ആരംഭിച്ച എബിസിഡി ക്യാമ്പുകൾ 19 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ പൂർത്തിയായി.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്തിയ പട്ടയം ഡിജിറ്റൈസേഷനെ കുറിച്ച് ഡെപ്യൂട്ടി കളക്ടർ കെ.അജീഷ് അവതരണം നടത്തി. പട്ടയരേഖകൾ തരം തിരിച്ച് സ്കാൻ ചെയ്ത് സുരക്ഷിതമായി ആധുനിക റെക്കോർഡ് റൂമിലേക്ക് മാറ്റി. വിവാഹ ധനസഹായം, ഭവന നിർമ്മാണം എന്നിവയ്ക്കായി ലോൺ എടുക്കുന്ന നിരവധി സാധാരണക്കാർക്ക് അവരുടെ പട്ടയരേഖകളുടെ കോപ്പി എളുപ്പത്തിൽ നൽകാൻ സാധിച്ചു.
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ദുരന്ത ലഘൂകരണ പദ്ധതികളിലൊന്നായ സ്കൂള്‍ ദുരന്ത നിവാരണ ക്ലബിനെ കുറിച്ച് ഡി.ഇ.ഒ സി യിലെ ഷാജി പി മാത്യു അവതരണം നടത്തി. ജില്ലയിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങളിൽ നടപ്പിലാക്കിയ ദുരന്തനിവാരണ ക്ലബ്ബുകളിൽ 198 സ്കൂളുകളില്‍ നിന്നായി 6000 ത്തോളം കുട്ടികള്‍ ക്ലബിന്റെ ഭാഗമായിട്ടുണ്ട്.
എ ബി സി ഡി, ഡി.എം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ എന്നിവയെ കുറിച്ച് ലഘു വീഡിയോ പ്രദർശനവും നടന്നു. ജില്ലാതല ഉദ്യോഗസ്ഥർ വിവിധ നൂതന ആശയങ്ങൾ അവതരിപ്പിച്ചു. എ.ഡി.എം എൻ.ഐ ഷാജു, ഡെപ്യൂട്ടി കളക്ടർമാരായ കെ.കെ ഗോപിനാഥ്, എം.കെ രാജീവൻ, വി. അബൂബക്കർ, ജില്ലാ ഓഫീസർമാർ. വിവിധ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.