*18.75 ലക്ഷം രൂപ വിതരണം ചെയ്തു

ഏകീകൃത കോള്‍ സെന്റര്‍ സംവിധാനത്തിലൂടെ മൃഗ ഡോക്ടറുടെ സേവനം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്ന പദ്ധതി ഉടന്‍ നടപ്പാക്കുമെന്നും മൃഗ സംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി.

ആഫ്രിക്കന്‍ പന്നിപ്പനി ആദ്യഘട്ട നഷ്ടപരിഹാര തുകയുടെ വിതരണവും ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് ബോധവത്കരണ സെമിനാറിന്റെ ഉദ്ഘാടനവും കരിമണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ച പന്നികളിലാണ് ആദ്യം പന്നിപ്പനി സ്ഥിരീകരിച്ചത്. പന്നികളുടെയും ഇറച്ചിയുടെയും സംസ്ഥാനത്തേക്കുള്ള ഇറക്കുമതി നിരോധിച്ചാണ് പന്നിപ്പനി രോഗവ്യാപനം നിയന്ത്രിച്ചത്. പന്നിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പന്നികളെ ദയാവധം നടത്താന്‍ തീരുമാനിച്ചതടക്കം കര്‍ശന മാര്‍ഗങ്ങള്‍ സ്വീകരിച്ചാണ് പന്നിപ്പനിയെ പ്രതിരോധിച്ചത്. വയനാട്ടിലെ പന്നി കര്‍ഷകര്‍ക്ക് 15 ദിവസം കൊണ്ട് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചു. സംസ്ഥാനത്ത് 2 കോടിയോളം രൂപ നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്‍കി. ജനുവരി 12 ന് മുന്‍പ് ബാക്കി തുകയും നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പക്ഷിപ്പനിയെ തുടര്‍ന്ന് കുട്ടനാട്, കോട്ടയം മേഖലകളില്‍ 4 കോടി രൂപ നഷ്ടപരിഹാത്തുക കര്‍ഷകര്‍ക്ക് വിതരണം ചെയ്തതായും മന്ത്രി പറഞ്ഞു.
ക്ഷീര കര്‍ഷകരുടെ ക്ഷേമത്തിനാവശ്യമായ വിവിധ പദ്ധതികളാണ് മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്നത്. സബ്‌സിഡി നിരക്കില്‍ കേരള ഫീഡ്‌സ് കാലിതീറ്റ വിതരണം ചെയ്യുന്നുണ്ട്. കേരള ഫീഡ്‌സിന്റെ സഹകരണത്തോടെ സൈലേജ് ഉത്പാദനം വര്‍ധിപ്പിക്കാനുള്ള പദ്ധതികളും വകുപ്പ് നടത്തുന്നുണ്ട്. കരിമണ്ണൂര്‍ പഞ്ചായത്തിലെ വിവിധ ക്ഷീര പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. കാലിത്തീറ്റ വിതരണ പദ്ധതി, കന്നുകുട്ടി പരിപാലന പദ്ധതി, ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ് എന്നീ പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. പന്നിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ( കള്ളിംഗ് ക്ലെന്‍സിംഗ് ഡിസിന്‍ഫെക്ഷന്‍) ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും യോഗത്തില്‍ മന്ത്രി ആദരിച്ചു.

ഇടുക്കി ജില്ലയില്‍ കരിമണ്ണൂര്‍ പഞ്ചായത്തിലെ ചാലാശ്ശേരിയിലാണ് ആദ്യ പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെ തുടര്‍ന്ന് രോഗബാധിതമായ ഫാമിലും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ രോഗബാധിത പ്രദേശത്തുമുള്ള മുഴുവന്‍ പന്നികളെയും ദയാവധം ചെയ്യുകയും നാഷണല്‍ ആക്ഷന്‍ പ്ലാന്‍ അനുസരിച്ച് ശുചീകരണ – അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ചാലശ്ശേരിയില്‍ എട്ട് കര്‍ഷകരുടെ 262 പന്നികളെയാണ് രോഗവ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി ദയാവധം ചെയ്ത് ശാസ്ത്രീയമായി മറവ് ചെയ്തത്. ഇതിന്റെ നഷ്ടപരിഹാരതുക 18,75,000 രൂപയാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്.

വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയക്കുടിയില്‍ ഏഴ് കര്‍ഷകരുടെ 28 പന്നികള്‍, കരിമണ്ണൂര്‍ പഞ്ചായത്തിലെ നെല്ലിമലയില്‍ 2 കര്‍ഷകരുടെ 42 പന്നികള്‍, പെരുവന്താനം പഞ്ചായത്തിലെ കണയങ്കവയല്‍ ഒരു കര്‍ഷകന്റെ 43 പന്നികള്‍, വണ്ടന്‍മേട് പഞ്ചായത്തിലെ മേപ്പാറയില്‍ ഒരു കര്‍ഷകന്റെ 96 പന്നികള്‍, വാഴത്തോപ്പ് പഞ്ചായത്തിലെ പാല്‍ക്കുളംമേട് 14 കര്‍ഷകരുടെ 245 പന്നികള്‍, കഞ്ഞിക്കുഴി പഞ്ചായത്തിലെ വട്ടോംപാറ 2 കര്‍ഷകരുടെ 3 പന്നികള്‍, കഞ്ഞിക്കുഴി പഞ്ചായത്തിലെ തന്നെ മക്കുപാറയില്‍ കര്‍ഷകന്റെ 23 പന്നികള്‍, കൊന്നത്തടി പഞ്ചായത്തിലെ മങ്കുവ അഞ്ച് കര്‍ഷകരുടെ 254 പന്നികള്‍, തൊടുപുഴ മുനിസിപ്പാലിറ്റിയിലെ രണ്ടുപാലം ഒരു കര്‍ഷകന്റെ 8 പന്നികള്‍, കട്ടപ്പന മുനിസിപ്പാലിറ്റിയിലെ നിരപ്പേല്‍കട ഒരു കര്‍ഷകന്റെ 12 പന്നികള്‍, വാത്തിക്കുടി പഞ്ചായത്തിലെ പള്ളിക്കുടി സിറ്റി 4 കര്‍ഷകരുടെ 120 പന്നികള്‍, ഉപ്പുതറ പഞ്ചായത്തിലെ ഒന്‍പതേക്കര്‍ 2 കര്‍ഷകരുടെ 5 പന്നികള്‍, ഉപ്പുതറ പഞ്ചായത്തിലെ കാക്കത്തോട് കര്‍ഷകന്റെ 6 പന്നികള്‍ എന്നിങ്ങനെ മൊത്തം 14 പ്രഭവകേന്ദ്രങ്ങളില്‍ ഇടുക്കി ജില്ലയില്‍ ഇതുവരെ ആകെ 1147 പന്നികളെ ദയാവധം നടത്തി. ആകെ ലഭിക്കേണ്ട നഷ്ടപരിഹാര തുക 1,20,78,600 (ഒരു കോടി ഇരുപത് ലക്ഷത്തി എഴുപത്തി എണ്ണായിരത്തി അറുന്നൂറ് രൂപ) യില്‍ 18,75,000 രൂപയാണ് വിതരണം ചെയ്തത്. ബാക്കി ലഭിക്കുവാനുള്ള തുക 1,02,03,600 (ഒരു കോടി രണ്ടു ലക്ഷത്തി മൂവായിരത്തി അറുന്നൂറ് രൂപ) ജില്ലാ ക്ഷീര സംഗമത്തിന് മുന്നെ കൊടുത്ത് തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമം.

കരിമണ്ണൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പി.ജെ ജോസഫ് എം എല്‍ എ അധ്യക്ഷത വഹിച്ചു. കരിമണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിസാമോള്‍ ഷാജി, ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ്, ജില്ലാ പഞ്ചായത്തംഗം എം.ജെ ജേക്കബ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ബിനോയി പി മാത്യു, എല്‍ എം ടി സി അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. എന്‍.റ്റി ആശാ കുമാരി എന്നിവര്‍ സംസാരിച്ചു. എഡിസിപി ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. ബിജു ജെ ചെമ്പരത്തി പദ്ധതി വിശദികരിച്ചു. ഡോ. പി. മുരളി കൃഷ്ണ, ഡോ. അനു സുധാകരന്‍ എന്നിവര്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് ബോധവത്കരണ സെമിനാറില്‍ ക്ലാസുകള്‍ നയിച്ചു.