*സീസണില്‍ സംഭാവനയായി ലഭിച്ചത് 87 ലക്ഷം രൂപ
* പ്രതിദിനം ഭക്ഷണത്തിനെത്തുന്നത് 17000 പേര്‍
ഈ മണ്ഡലകാലത്ത് ആറരലക്ഷത്തോളം ഭക്തര്‍ക്ക് അന്നമേകി ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപം. ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കു സൗജന്യ ഭക്ഷണം നല്‍കുന്ന ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപത്തില്‍ പ്രതിദിനം 17,000 പേരാണ് മൂന്നുനേരങ്ങളിലായി ഭക്ഷണത്തിന് എത്തുന്നത്. ഇക്കുറി മണ്ഡലകാലം ആരംഭിച്ചതുമുതല്‍ ഡിസംബര്‍ 23 രാവിലെ വരെയായി 6,35,000 പേര്‍ അന്നദാനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് അന്നദാന മണ്ഡപം സ്‌പെഷ്യല്‍ ഓഫിസര്‍ എസ്. സുനില്‍കുമാര്‍ പറഞ്ഞു. ശബരിമലയിലെത്തുന്ന ഭക്തരില്‍നിന്നും മറ്റുള്ളവരില്‍ നിന്നുമുള്ള സംഭാവനയായി 87 ലക്ഷം രൂപയാണ് ഈ സീസണില്‍ ദേവസ്വം ബോര്‍ഡിന്റെ അന്നദാനപദ്ധതിക്കായി ലഭിച്ചത്.
മാളികപ്പുറം ക്ഷേത്രത്തിനു സമീപമാണ് ആധുനികരീതിയില്‍ പണികഴിപ്പിച്ച ദേവസ്വം ബോര്‍ഡിന്റെ അന്നദാന മണ്ഡപം. ഒരുനേരം 7,000 പേര്‍ക്ക് ഇവിടെ ഭക്ഷണം കഴിക്കാന്‍ സാധിക്കും. മൂന്നു ഷിഫ്റ്റുകളിലായി 240 പേരാണിവിടെ ജോലിചെയ്യുന്നത്. പ്രഭാത ഭക്ഷണമായി ഉപ്പുമാവ്, കടലക്കറി, ചുക്കുകാപ്പി, ചുക്കുവെള്ളം എന്നിവ രാവിലെ 6.30 മുതല്‍ 11 മണി വരെ വിതരണം ചെയ്യും. ഉച്ചക്ക് 12 മുതല്‍ 3.30 വരെ പുലാവ്, അച്ചാര്‍, സാലഡ്, ചുക്കുവെള്ളം എന്നിവയും രാത്രിഭക്ഷണമായി വൈകീട്ട് 6.30 മുതല്‍ 11.15 വരെ കഞ്ഞി പയര്‍/അസ്ത്രം എന്നിവയുമാണ് നല്‍കുന്നത്.
അന്നദാനത്തിനായി മണ്ഡപത്തിലെത്തുന്ന ഭക്തരെ സ്വാമി അയ്യപ്പനായാണ് കാണുന്നത്. അതുകൊണ്ടുതന്നെ ശുചിത്വ പൂര്‍ണമായ ഭക്ഷണമാണ് അവര്‍ക്ക് നല്‍കുന്നത്. ഓരോനേരവും ഇവിടെനിന്നു വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ നിലവാരം ഉദ്യോഗസ്ഥസംഘം പരിശോധിച്ചു ഉറപ്പുവരുത്തിയ ശേഷമാണ് ഭക്തര്‍ക്ക് വിളമ്പുന്നതെന്നു സ്‌പെഷ്യല്‍ ഓഫിസര്‍ പറഞ്ഞു. ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം അന്നദാന മണ്ഡപവും ശുചിയായി സംരക്ഷിക്കാന്‍ നിഷ്ഠ പുലര്‍ത്തുന്നുണ്ട്. ദിവസവും മൂന്നുനേരം പുല്‍ത്തൈലം അടക്കമുള്ളവ ഉപയോഗിച്ച് യന്ത്രസഹായത്തോടെ മണ്ഡപം അണുവിമുക്തമാക്കും. പാത്രങ്ങള്‍ ഇലക്ട്രിക്കല്‍ ഡിഷ് വാഷറുപയോഗിച്ച് കഴുകാനുള്ള സംവിധാനവുമൊരുക്കിയിട്ടുണ്ട്.