ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന്റെ മൂന്നു മാലിന്യ സംസ്‌കരണ ഇന്‍സിനേറ്ററുകളിലേക്ക് ഈ സീസണില്‍ ഇതുവരെ എത്തിയത് 1250 ലോഡ് മാലിന്യം. സീസണിന്റെ തുടക്കംമുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൂന്നു യൂണിറ്റ് ഇന്‍സിനേറ്ററുകളാണ് ശബരിമലയിലെ അഭൂതപൂര്‍വമായ ഭക്തജനത്തിരക്കിന്റെ പശ്ചാത്തലത്തിലും മാലിന്യനിര്‍മാര്‍ജനം കാര്യക്ഷമമായി നടപ്പാക്കുന്നത്. പാണ്ടിത്താവളത്തുള്ള രണ്ടു പ്ലാന്റുകളിലായി സ്ഥാപിച്ചിട്ടുള്ള മൂന്നു യൂണിറ്റുകളില്‍ മണിക്കൂറില്‍ 700 കിലോ മാലിന്യം കത്തിക്കാനാവും. മണിക്കൂറില്‍ 300 കിലോ ശേഷിയുള്ള ഒരു ഇന്‍സിനേറ്ററുള്ള പ്ലാന്റും മണിക്കൂറില്‍ 200 കിലോവീതം ശേഷിയുള്ള രണ്ട് ഇന്‍സിനേറ്ററുകളുള്ള മറ്റൊരു പ്ലാന്റുമാണ് ഇവിടെയുള്ളത്. ശരാശരി 30 ട്രാക്ടര്‍ ലോഡ് ദിവസവും ഇവിടെയെത്തുന്നുണ്ട്്. രണ്ടു പ്ലാന്റുകളിലുമായി മൂന്നുഷിഫ്റ്റുകളിലായി 66 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.

മരക്കൂട്ടം മുതലുള്ള തീര്‍ഥാടന വഴിയിലെ മാലിന്യങ്ങളാണ് ഇവിടെ സംസ്‌കരിക്കാനത്തിക്കുന്നത്. മാലിന്യങ്ങള്‍ വേര്‍തിരിക്കലാണ് ആദ്യപടി. പ്ലാസ്റ്റിക് മാലിന്യങ്ങളും തുണിയും ഇന്‍സിനേറ്ററില്‍ കത്തിക്കും. പ്ലാസ്റ്റിക് കുപ്പിയും ചില്ലുകുപ്പിയും കാര്‍ഡ് ബോര്‍ഡും വേര്‍തിരിച്ചുവയ്ക്കും. ഭക്ഷ്യാവശിഷ്ടങ്ങളും ഭക്തര്‍ ഉപേക്ഷിച്ചുപോകുന്ന പൂമാല അടക്കമുള്ള ജൈവപാഴ്വസ്തുക്കളും കുഴിച്ചിടും. ഭക്തര്‍ക്കു സൗജന്യ ഔഷധ കുടിവെള്ളം ശബരിമലയിലുടനീളം യഥേഷ്ടം വിതരണം ചെയ്യുന്നുണ്ടെങ്കിലും പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടുവരുന്നത് വര്‍ധിച്ചുവരികയാണ്. ഹോട്ടല്‍ മാലിന്യം തരം തിരിച്ചു നല്‍കാത്തതും വെല്ലുവിളിയാണ്. ഏറ്റുമാനൂരിലും തിരുവനന്തപുരത്തും ഉള്ള കമ്പനികളാണ് ഇന്‍സിനേറ്ററിന്റെ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്.