കണ്ണൂര്‍: ‘പഞ്ചായത്ത് മെമ്പര്‍മാര്‍ മുതല്‍ മന്ത്രിമാര്‍ വരെയുള്ള ജനപ്രതിനിധികള്‍ വീട്ടിലും ക്യാമ്പിലും എത്തിയിരുന്നു. അടുത്തേക്ക് വിളിച്ച് സംസാരിച്ച് ആത്മധൈര്യം പകരുകയും എല്ലാ സഹായങ്ങളും ചെയ്തു തരികയും ചെയ്തു. സര്‍ക്കാര്‍ ഒപ്പമുണ്ടായിരുന്നു, ഇനിയും ഒപ്പമുണ്ടാകുമെന്ന വിശ്വാസമാണ് മുന്നോട്ട് നയിക്കുന്നത്. വീട് നഷ്ടപെട്ടെന്ന വിഷമം മാത്രമാണ് ബാക്കി’. ഇരിട്ടിയിലെ കരിക്കോട്ടക്കരി ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും വാടക വീട്ടിലേക്കു മാറിയ അയ്യന്‍കുന്ന് പരിക്കാപ്പള്ളി സഞ്ജയന്‍ ഇതു പറയുമ്പോള്‍ ദുരന്തസമയത്ത് സര്‍ക്കാര്‍ കൂടെയുണ്ടായതിന്റെ ആത്മവിശ്വാസം ആ മുഖത്ത് പ്രകടമായിരുന്നു.
ആഗസ്ത് എട്ടിന് ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് എടപ്പുഴത്തോട്ടില്‍ വെള്ളം കയറിയായിരുന്നു സഞ്ജയന്റെ വീട് തകര്‍ന്നത്. ബെംഗളൂരുവില്‍ നഴ്‌സിങ്ങ് കോളേജ് മെസ്സിലാണ് സഞ്ജയന്‍ ജോലി ചെയ്യുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ റെജീനയും രണ്ടു മക്കളുമായിരുന്നു സംഭവസമയത്ത് വീട്ടില്‍. പകല്‍ സമയം ആയതുകൊണ്ടാണ് വലിയ അപകടം ഒഴിവായതെന്നും സഞ്ജയന്‍ പറയുന്നു. തുടര്‍ന്ന് നാലു ദിവസം കുടുംബം കരിക്കോട്ടക്കരി ക്യാമ്പിലാണ് കഴിഞ്ഞത്. ക്യാമ്പിലെ സൗകര്യങ്ങള്‍ മികച്ചതായിരുന്നുവെന്നാണ് റെജീനയുടേയും അഭിപ്രായം. നാട്ടുകാരുടെയും അധികൃതരുടെയും സഹായങ്ങളാണ് തങ്ങള്‍ക്ക് തുണയായതെന്നും അവര്‍ പറഞ്ഞു.
‘പട്ടാളത്തിന്റേയും കരിക്കോട്ടക്കരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെയും നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് ഉണ്ടായിരുന്നു. ഒരു നഴ്‌സിന്റെ സേവനം ക്യാമ്പില്‍ മുഴുവന്‍ സമയവും ലഭിച്ചു. ഭക്ഷണം അടക്കം അവിടെയുള്ള എല്ലാം നന്നായിരുന്നു. എന്നാല്‍ അത് കഴിക്കാനുള്ള മാനസികമായ ബുദ്ധിമുട്ട് മാത്രമാണ് ഞങ്ങളെ അലട്ടിയത്. പിന്നീട് കൗണ്‍സിലിങ്ങും ലഭിച്ചു. വാടക വീട്ടിലേക്ക് വരുമ്പോഴും എല്ലാ സഹായങ്ങളും കിട്ടി. വസ്ത്രങ്ങള്‍, പാത്രങ്ങള്‍, തുടങ്ങി ടൂത്ത് പേസ്റ്റ് വരെ ലഭിച്ചു.’ റെജീന പറയുന്നു.
പത്രോസ് എന്നയാള്‍ വാടകയ്ക്ക് നല്‍കിയ വീട്ടിലാണ് കുടുംബം ഇപ്പോള്‍ കഴിയുന്നത്. സഞ്ജയന്റെ ജ്യേഷ്ഠന്റെ വീടും ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ഭാഗികമായി തകര്‍ന്നിരുന്നു. 15 സെന്റ് പുരയിടത്തിലായിരുന്നു സഞ്ജയന്റെയും ജ്യേഷ്ഠന്റെ ഭാര്യ അന്നമ്മ ബാബുവിന്റെയും വീടുകള്‍. ഇവരും സഞ്ജയനൊപ്പം ക്യാമ്പില്‍ നിന്ന് ഇതേ വാടകവീട്ടിലേക്ക് മടങ്ങി. 85 കാരിയായ സഞ്ജയന്റെ അമ്മ ത്രേസ്യാമ്മയുള്‍പ്പെടെ രണ്ടു കുടുംബത്തിലെ ഒമ്പത് പേരുണ്ട് ഈ വീട്ടില്‍. പത്ത് വര്‍ഷമായി ആള്‍ത്താമസമില്ലാത്ത വീട് കുടുംബത്തിന് താമസത്തിനു നല്‍കാന്‍ ഉടമ തയ്യാറായപ്പോള്‍ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തിലാണ് വീട് വൃത്തിയാക്കി നല്‍കിയത്.
ജില്ലയില്‍ കൂടുതല്‍ മഴക്കെടുതി ബാധിച്ച ഇരിട്ടിയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പിരിച്ചുവിട്ടപ്പോള്‍ പ്രാദേശിക ഭരണകൂടവും സന്നദ്ധ സംഘടനകളും ഏര്‍പ്പാടാക്കിയ വാടക വീടുകളിലേക്കും ബന്ധുവീടുകളിലേക്കും മാറിയവര്‍ നിരവധിയാണ്. ഇരിട്ടി താലൂക്കിലെ അയ്യന്‍കുന്ന് പഞ്ചായത്തില്‍ മാത്രം 33 കുടുംബങ്ങളാണ് വാടകവീട്ടിലും ബന്ധുവീടുകളിലുമായി കഴിയുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീജ സെബാസ്റ്റ്യന്‍ പറയുന്നു. ഉരുള്‍പൊട്ടലിനെത്തുടര്‍ന്നും മണ്ണിടിച്ചില്‍ മൂലവുമാണ് കൂടുതല്‍ വീടുകളും വാസയോഗ്യമല്ലാതായി തീര്‍ന്നത്.
പൂര്‍ണ്ണമായി തകര്‍ന്ന മൂന്നു വീടുകളാണ് പഞ്ചായത്തിലുള്ളത്. വീടും സ്ഥലവും ഉള്‍പ്പെടെയാണ് ഇവര്‍ക്ക് നഷ്ടമായിരിക്കുന്നത്. വാസയോഗ്യമല്ലാതായി തീര്‍ന്ന 14 വീടുകളും. ഉരുള്‍പൊട്ടിയ പ്രദേശങ്ങളിലേതുള്‍പ്പെടെ അപകടഭീഷണി നേരിടുന്ന 26 വീടുകളും പഞ്ചായത്തിലുണ്ടെന്നും അവര്‍ പറഞ്ഞു.
ഉരുള്‍പൊട്ടിയതിനെ തുടര്‍ന്നാണ് അങ്ങാടിക്കടവിലെ കടുപ്പില്‍ പ്രമോദിന്റെ കുടുംബത്തിനും വീട്ടില്‍ കഴിയാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായത്. പുഴയില്‍ വെള്ളം കയറിയപ്പോള്‍ വീടിന്റെ അടിഭാഗത്തെ മണ്ണ് ഒലിച്ചുപോവുകയായിരുന്നു. തുടര്‍ന്ന് ബന്ധുവീട്ടിലും വാണിയപാറയിലെ ക്യാമ്പിലും കഴിഞ്ഞ കുടുംബം വീടിനു സമീപത്ത് തന്നെയുള്ള കാവനാടി ജോര്‍ജ്ജിന്റെ വീട്ടില്‍ വാടകയ്ക്ക് കഴിയുകയാണ് ഇപ്പോള്‍. വലിയ തോതില്‍ വെള്ളം കയറിയപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായെന്നും അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വീടുമാറിയതെന്നും പ്രമോദിന്റെ ഭാര്യ ബിന്ദു പറഞ്ഞു.
‘ക്യാമ്പിലെത്തിയതിനുശേഷം ഭക്ഷണ സാധനങ്ങളെല്ലാം ലഭിച്ചു. കിടക്കാനുള്ള പായയും പുതപ്പും ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും അവിടെയുണ്ടായിരുന്നു. തിരിച്ച് പോരുമ്പോഴും എല്ലാവരും സഹായിച്ചു’. ബിന്ദു പറഞ്ഞു. പുഴക്കരയിലുള്ള ഭാഗം കെട്ടിക്കഴിഞ്ഞാല്‍ മാത്രമേ ഇവര്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ കഴിയുകയുള്ളു. മഴ ഇപ്പോഴും പെയ്യുന്നതിനാല്‍ വീടും നഷ്ടമാകുമോയെന്ന ഭീതിയിലാണ് രണ്ട് പെണ്‍കുട്ടികളടങ്ങുന്ന പ്രമോദിന്റെ കുടുംബം.
നിലവും ചുവരും വിണ്ടുകീറിയ നിലയിലാണ് തെക്കുംപുറത്ത് കൃഷ്ണന്‍കുട്ടിയുടെ വീട്. ഉരുള്‍പൊട്ടലിനെത്തുടര്‍ന്നെത്തിയ മലവെള്ളത്തില്‍ വീടിന്റെ പിറക് വശം മുഴുവനായി മുങ്ങിപ്പോയി. ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് ഇപ്പോള്‍ വീട്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ എട്ടു പേരാണ് വീട്ടില്‍ കഴിഞ്ഞിരുന്നത്. അപകടമുണ്ടായ ഉടന്‍ നാട്ടുകാരുടെ സഹായത്തോടെ സാധനങ്ങള്‍ അടുത്ത വീട്ടിലേക്ക് മാറ്റിയ കുടുംബം അന്ന് രാത്രി തന്നെ വാണിയപാറയിലെ ക്യാമ്പിലേക്ക് മാറി. ക്യാമ്പ് പിരിച്ചുവിട്ടപ്പോള്‍ മടങ്ങിയ ഇവര്‍ അയല്‍വാസിയുടെ സ്ഥലത്ത് ഷെഡ് കെട്ടിയാണ് താമസിക്കുന്നത്.
ക്യാമ്പില്‍ മെഡിക്കല്‍ സഹായമുള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളും ലഭിച്ചിരുന്നെന്നും ക്യാമ്പ് പിരിഞ്ഞപ്പോഴും സഹായങ്ങള്‍ ലഭിച്ചെന്നും കൃഷ്ണന്‍കുട്ടിയുടെ ഭാര്യ ആനന്ദവല്ലിയും മകന്‍ മനോജും പറയുന്നു. ‘ക്യാമ്പിലെ സൗകര്യങ്ങള്‍ ഒന്നിനൊന്നു മെച്ചമായിരുന്നു. ഏഴ് സെന്റ് സ്ഥലത്തായിരുന്നു വീട്. ഇത് പൊളിച്ച് പണിയാതെ ഇനി അങ്ങോട്ട് മാറാന്‍ കഴിയില്ല. വീടിന്റെ ലോണ്‍ അടവ് തീര്‍ന്ന ഉടനെയാണ് അപകടം ഉണ്ടായത്’. മനോജ് പറഞ്ഞു.
അപകടമുണ്ടായപ്പോള്‍ നല്‍കിയ സഹായം പോലെ വീടുകള്‍ പുതുക്കി പണിയുന്നതിനും പുനര്‍നിര്‍മ്മിക്കുന്നതിനും സര്‍ക്കാറില്‍ നിന്നും വേഗത്തില്‍ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബങ്ങള്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായങ്ങള്‍ക്കൊപ്പം വീടിന്റെ അറ്റകുറ്റപണികള്‍ക്കുള്ള അനുമതി വേഗത്തില്‍ ലഭിക്കണമെന്ന ആവശ്യവും ഇവര്‍ക്കുണ്ട്.