കോഴിക്കോട്: കുത്തിയൊലിച്ചു വന്ന ഉരുള്‍പൊട്ടലിലും മലവെള്ള പാച്ചിലിലും ജീവന്‍ ചേര്‍ത്ത് പിടിച്ച് രക്ഷപ്പെട്ടവര്‍ക്ക് മുമ്പില്‍ മുമ്പോട്ടുള്ള ജീവിതം ആശങ്കയുണര്‍ത്തുന്നതായിരുന്നു. എന്നാല്‍ ആ ആശങ്കകള്‍ക്കെല്ലാം വിരാമമിടുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയതെന്നതിന്റെ നേര്‍ചിത്രമാണ് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്ന താമരശേരി താലൂക്ക് അദാലത്തില്‍ തെളിഞ്ഞത്. പ്രളയദുരിതത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപെട്ടവര്‍ക്ക് ഒറ്റ വരവുകൊണ്ട് തന്നെ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ കൈകളിലെത്തിയപ്പോള്‍ പലര്‍ക്കും വിശ്വസിക്കാനായില്ല. നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഇനി ഓഫീസുകള്‍ കയറിയിറങ്ങേണ്ടി വരില്ലായെന്ന ജില്ലാ ഭരണകൂടത്തിന്റെ വാഗ്ദാനം വെറുതെയല്ലെന്നും അദാലത്തിലെത്തിയവര്‍ നേരിട്ടറിഞ്ഞു.
നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ എങ്ങനെ തിരികെ ലഭിക്കുമെന്ന വേവലാതിയോടെയാണ് പന്നിക്കോട്ടൂര്‍ ജാനകിയമ്മയും അനുരാജും തൊടരാപ്പുഴ അലീമയുമൊക്കെ ആദാലത്തിലെത്തിയത്. എന്നാല്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലാത്ത വിധം മിനുട്ടുകള്‍ക്കകം സര്‍ട്ടിഫിക്കറ്റുകള്‍ കൈയിലെത്തിയപ്പോള്‍ അവിശ്വസനീയതയാണ് ഇവരുടെ മുഖങ്ങളില്‍ കണ്ടത്. ഉരുള്‍പൊട്ടി രണ്ടുപേര്‍ മരിച്ച കൂടരഞ്ഞി തയ്യില്‍തൊടുകയില്‍ ഗോപാലന്റെ കുടുംബത്തിന്റെ റേഷന്‍കാര്‍ഡും അദാലത്തില്‍ വിതരണം ചെയ്തു. ഉരുള്‍പൊട്ടലില്‍ മരിച്ച പ്രകാശന്റെ ഭാര്യാ സഹോദരനാണ് റേഷന്‍കാര്‍ഡ് കൈപ്പറ്റിയത്. ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ട മടവൂര്‍ പഞ്ചായത്തിലെ മൂട്ടാഞ്ചേരി സ്വദേശി ഷൗക്കത്തിനും കൈതപ്പൊയില്‍ വിളക്കാട്ടുപൊയില്‍ ഷെമീറിനുമെല്ലാം നിമിഷങ്ങള്‍ക്കുള്ളിലാണ് നഷ്ടപ്പെട്ട ആധാര്‍ കാര്‍ഡ് അദാലത്തില്‍ നിന്ന് ലഭിച്ചത്. പൊയില്‍താഴത്തെ കടയില്‍ വെള്ളം കയറിയാണ് ഷൗക്കത്തലിയുടെ ആധാര്‍ കാര്‍ഡ് നശിച്ചത്. തന്റെ എസ്എസ്എല്‍സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡുകള്‍, കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയ അവശ്യരേഖകള്‍ നഷ്ടപ്പെട്ട് കൈതപ്പൊയില്‍ സ്വദേശിനി ഹഫ്സത്തിനും അദാലത്ത് തുണയായി. ആധാര്‍ കാര്‍ഡുകളും കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റുകളും വാങ്ങിയാണ് ഇവര്‍ മടങ്ങിയത്. വെള്ളം കയറി ഹഫ്സത്തിന്റെ വീട്ടുപകരണങ്ങളും പൂര്‍ണമായും നശിച്ചിരുന്നു.
മഴക്കെടുതിയില്‍ കൂടുതല്‍ നാശനഷ്ടമുണ്ടായത് താമരശേരി താലൂക്കിലാണ്. കട്ടിപ്പാറ, കണ്ണപ്പന്‍കുണ്ട്, കൂടരഞ്ഞി എന്നിവിടങ്ങളിള്‍ ഉരുള്‍പൊട്ടലുണ്ടായി, നിരവധി സ്ഥലങ്ങളില്‍ നശിച്ചു. ഉരുള്‍പൊട്ടലില്‍ കട്ടിപ്പാറയില്‍ 14, കൂടരഞ്ഞിയില്‍ 2, കണ്ണപ്പന്‍കുണ്ടില്‍ ഒരാളും മരിച്ചിരുന്നു. പുതിയ രേഖകള്‍ ലഭിക്കുന്നതിനുള്ള അപേക്ഷ 23ന് കണ്ണപ്പന്‍കുണ്ടില്‍ താമരശേരി താലൂക്കിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചിരുന്ന. അന്ന് ലഭിച്ച അപേക്ഷകളിലും നടപടി സ്വീകരിച്ച് രേഖകള്‍ അദാലത്തില്‍ വിതരണം ചെയ്തു. റവന്യൂ, രജിസ്‌ട്രേഷന്‍, പഞ്ചായത്ത്, സാമൂഹ്യനീതി, സിവില്‍ സപ്ലൈസ്, ആരോഗ്യം വകുപ്പുകള്‍, ഇലക്ഷന്‍ ഐഡി, ആധാര്‍, മോട്ടോര്‍ വാഹന വകുപ്പ്, ബാങ്ക്, ആരോഗ്യ വകുപ്പ് ,പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ്, യൂണിവേഴ്‌സിറ്റി,എല്‍ഐസി, അക്ഷയ, ഇന്‍കംടാക്‌സ് വകുപ്പ് തുടങ്ങിയവയുടെ നേതൃത്വത്തിലുള്ള വിവിധ കൗണ്ടറുകളാണ് അദാലത്തില്‍ സജ്ജീകരിച്ചിരുന്നത്.
ജില്ലാ ലീഗല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറിയായ സബ്ജഡ്ജി എം പി ജയരാജ്, ജില്ലാ നിയമ ഓഫീസര്‍ എന്‍ വി സന്തോഷ്, ഡെപ്യൂട്ടി കലക്ടര്‍ കെ ഹിമ, താമരശേരി തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് സി മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.
താമരശേരി അദാലത്തില്‍ ആകെ ലഭിച്ചത് 91 അപേക്ഷകള്‍
താമരശേരി താലൂക്ക് അദാലത്തില്‍ ആകെ ലഭിച്ചത് 91 അപേക്ഷകള്‍. ഇതില്‍ 49 അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിച്ച് രേഖകള്‍ വിതരണം ചെയ്തു. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ലഭിച്ച 13 അപേക്ഷകളില്‍ 11 പേര്‍ക്ക് കാര്‍ഡുകള്‍ വിതരണം ചെയ്തു. അപേക്ഷ നല്‍കിയ 18 പേര്‍ക്ക് ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍, ആറ് പേര്‍ക്ക് ആധാര്‍ കാര്‍ഡുകള്‍, 14 പേര്‍ക്ക് ജനന/മരണ/വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയും വിതരണം ചെയ്തു.
ഡ്രൈവിങ് ലൈസന്‍സ്, കണ്ടക്ടര്‍ പാസ്്, ആര്‍സി എന്നിവയുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പില്‍ 12, എസ്എസ്എല്‍സി ബുക്കുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പില്‍ 15, രജിസ്ട്രേഷന്‍ വകുപ്പില്‍ ആധാരം നഷ്ടപ്പെട്ടത് 8 എന്നിങ്ങനെയും അപേക്ഷകള്‍ ലഭിച്ചു. പട്ടയം നഷ്ടപ്പെട്ട നാല് അപേക്ഷകളില്‍ മൂന്നണ്ണം തുടര്‍നടപടികള്‍ക്കായി ലാന്റ് ട്രിബ്യൂണലിന് കൈമാറും.