കാലവര്‍ഷക്കെടുതിയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ വടക്കേ വയനാട്ടിലെ നെല്‍കര്‍ഷകര്‍ക്ക് കൃഷിവകുപ്പ് മുഖേന സൗജന്യ നെല്‍വിത്തുകള്‍ വിതരണം ചെയ്തു. മാനന്തവാടി നഗരസഭാ പരിധിയിലെ എട്ടു പാടശേഖര സമിതികള്‍ക്കാണ് തൃശൂര്‍ കേരള സീഡ് ഡെവലപ്‌മെന്റ് അതോറിറ്റിയില്‍ നിന്നെത്തിച്ച 14.4 ടണ്‍ ഉമ നെല്‍വിത്തുകള്‍ നല്‍കിയത്. വിതരണോദ്ഘാടനം കൊയിലേരിയില്‍ നഗരസഭ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ പി.ടി ബിജു നിര്‍വഹിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ മഞ്ജുള അശോകന്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ബി. ഉണ്ണികൃഷ്ണന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സി. ഗുണശേഖരന്‍, കൃഷി അസിസ്റ്റന്റ് കെ.കെ രഞ്ജിത്ത് പാടശേഖര സമിതി സെക്രട്ടറി ഷിബു തോമസ് എന്നിവര്‍ പങ്കെടുത്തു. ജില്ലയിലെ തന്നെ ഏറ്റവും വലിയ പാടശേഖരമായ വേമോം പാടത്ത് പ്രളയത്തില്‍ ഹെക്ടര്‍ കണക്കിന് നെല്‍കൃഷി നശിച്ചിരുന്നു. കൃഷി വകുപ്പിന്റെ വിത്ത് വിതരണം നിരവധി കര്‍ഷകര്‍ക്കാണ് അനുഗ്രഹമായിരിക്കുന്നത്.