വയനാട്: പ്രളയത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണം ആരംഭിച്ചു. കളക്ടറേറ്റിലും ആര്‍.ഡി ഓഫിസിലുമായി വിവിധ സാമൂഹിക – സന്നദ്ധ സംഘടനകള്‍, സ്ഥാപനങ്ങള്‍, രാഷ്ട്രീയപാര്‍ട്ടികള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ എത്തിച്ചുനല്‍കിയവ ക്രോഡീകരിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലാണ് വിതരണം. എല്‍.പി മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ബാഗ്, കുട, ഇന്‍സ്ട്രമെന്റ് ബോക്‌സ്, വാട്ടര്‍ ബോട്ടില്‍, നോട്ട് ബുക്ക്, പെന്‍, പെന്‍സില്‍, ഇറേസര്‍, നാപ്കിന്‍ എന്നിവയാണ് വിതരണം ചെയ്യുന്നത്. പ്രളയത്തെ തുടര്‍ന്ന് വിദ്യാഭ്യാസം ആശങ്കയിലായ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 2,683 വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനസാമഗ്രികള്‍ നല്‍കുന്നത്. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി സ്‌കുള്‍, ബത്തേരി അസംപ്ഷന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് താലൂക്കാടിസ്ഥാനത്തില്‍ പഠനസമാഗ്രികള്‍ വിതരണം ചെയ്യുന്നത്. അര്‍ഹരായ വിദ്യാര്‍ത്ഥികളുള്ള സ്‌കൂളുകളിലെ പ്രാധാനദ്ധ്യാപകര്‍ അതത് കേന്ദ്രങ്ങളിലെത്തി സാമഗ്രികള്‍ കൈപ്പറ്റണമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ സ്‌കൂള്‍, സ്വകാര്യ സ്‌കൂള്‍ എന്ന വേര്‍തിരിവില്ലാതെ അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പടന സാമഗ്രികള്‍ ലഭ്യമാക്കും.