‘നിറവ്’ പദ്ധതി ഒരു നാടിന്റെ കാർഷിക സംസ്‌കാരത്തിന്റെ അടയാളമെന്ന് സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ. വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വൈക്കം ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച ‘നിറവ്’ പദ്ധതിയുടെ രണ്ടാംഘട്ടം വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഉദ്ഘാടനത്തോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്തിന്റെ കാർഷിക പദ്ധതികളായ നിറവ്, പൊൻകതിർ പദ്ധതികളുടെ ആദ്യ ഘട്ടത്തിൽ പച്ചക്കറി കൃഷി, പുഷ്പകൃഷി, നെൽകൃഷി എന്നിവയിൽ മികച്ച വിളവ് നേടിയ ഗ്രൂപ്പുകളെയും കർഷകരെയും പഞ്ചായത്തുകളെയും മന്ത്രി ഉപഹാരങ്ങൾ നൽകി ആദരിച്ചു. പട്ടികജാതി വിഭാഗത്തിലെ യുവാക്കൾക്കായി ബ്ലോക്ക് പഞ്ചായത്ത് ആവിഷ്‌കരിച്ച സൗജന്യ പി.എസ്.സി. പരിശീലന പദ്ധതിയായ ലക്ഷ്യ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

ചടങ്ങിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ പി.എസ്. ഷിനോ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഗീതാ വർഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജാ പുഷ്‌കരൻ, കവിതാ റെജി, കെ.ആർ. ഷൈലകുമാർ, കെ. ബി. രമ, സുകന്യാ സുകുമാരൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഗീത അലക്സാണ്ടർ, ഹോർട്ടികൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ ലിസി ആന്റണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. സലില, സ്ഥിരം സമിതി അധ്യക്ഷരായ കെ.എസ്. ഗോപിനാഥൻ, സുഷമ സന്തോഷ്, വീണ അജി, ബ്ലോക്കുപഞ്ചായത്തംഗങ്ങളായ എം.കെ. ശീമോൻ, ഒ.എം. ഉദയപ്പൻ, എസ.് ബിജു, എം.കെ. റാണി മോൾ, സുലോചന പ്രഭാകരൻ, ജസീല നവാസ്, സുജാത മധു , ബി.ഡി.ഒ. കെ. അജിത്ത്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.പി. ശോഭ, ജോയിന്റ് ബി.ഡി.ഒ. ടി.വി. പ്രശാന്ത് എന്നിവർ പങ്കെടുത്തു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും കൃഷി വകുപ്പും യോജിച്ച് നടപ്പാക്കിയ നിറവ് പദ്ധതി രണ്ടാംഘട്ടത്തിൽ സംസ്ഥാന സർക്കാരിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുമായി യോജിപ്പിച്ച് ‘ഞങ്ങളും കൃഷിയിലേക്ക് – നിറവ് 2’ എന്ന പേരിലാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 250 ഗ്രൂപ്പുകളും 78 വ്യക്തികളും ചേർന്ന് വിവിധ ഇടങ്ങളിലായി 300 ഏക്കറിലാണ് കൃഷി ചെയ്തത്. രണ്ടാം ഘട്ടത്തിൽ 500 ഏക്കറിലായി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ‘നിറവ് വിദ്യാലയങ്ങളിലേക്ക്’ എന്ന പേരിൽ 25 സ്‌കൂളുകളിലേക്കും പദ്ധതി വ്യാപിപിച്ചിട്ടുണ്ട്. പച്ചക്കറി കൃഷിക്ക് ഒപ്പം തന്നെ പുഷ്പ കൃഷിയും പദ്ധതിയിൽ ഉൾപ്പെടുത്തി വിപുലീകരിക്കും.