തിരുവനന്തപുരം: സംരംഭക സൗഹൃദ മണ്ഡലമായി മാറാനൊരുങ്ങി കാട്ടാക്കട. ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’ എന്ന പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ ആറ് ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി 60 വ്യത്യസ്ത ഉത്പന്നങ്ങളാണ് ഉടന്‍ വിപണിയിലെത്തുന്നത്. കാട്ടാല്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ (കെ.ഐ.ഡി.സി) മുഖേന ബ്രാന്‍ഡ് ചെയ്താണ് ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നത്.
കെ.ഐ.ഇ.ഡി, ജില്ലാ വ്യവസായ കേന്ദ്രം, കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വ്യവസായ വകുപ്പിന്റെ പരിശീലനം ലഭിച്ച ഇന്റേണുകളുടെ പ്രവര്‍ത്തനവും എല്ലാ പഞ്ചായത്തുകളിലും സജീവമാണ്. പദ്ധതിയുടെ ആദ്യ ഘട്ടമായി മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളുടെ ഉത്പാദന സാധ്യതകള്‍, ലഭ്യമായ വായ്പകള്‍, സബ്‌സിഡികള്‍, കെ.ഐ.ഇ.ഡി മുഖേന സംരംഭകര്‍ക്ക് നല്‍കുന്ന പരിശീലനം എന്നിവ പരിചയപ്പെടുത്തുന്നതിനായി ശില്പശാല സംഘടിപ്പിച്ചു. മണ്ഡലത്തില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട 60 സംരംഭകര്‍ പങ്കെടുത്തു. അടുത്ത ഘട്ടത്തില്‍ സംരംഭകരുടെ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിക്കും.
ഒരു വര്‍ഷത്തിനിടയില്‍ കാട്ടാക്കട മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളില്‍ വിവിധ മേഖലകളിലായി 539 സംരംഭങ്ങളാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 28 കോടിരൂപയിലധികം നിക്ഷേപവും 1,105 തൊഴിലവസരങ്ങളും സൃഷ്ടിക്കുവാനും ഇതുവഴി സാധിച്ചു.