ശബരിമലയില്‍ ഇത്തവണ ഇതുവരെ 222 കോടി 98 ലക്ഷം രൂപ നടവരുമാനമായി ലഭിച്ചുവെന്നും 29 ലക്ഷത്തിലേറെ തീര്‍ഥാടകര്‍ എത്തിയെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ അറിയിച്ചു. 70.10 കോടി രൂപയാണ് കാണിക്കയായി ലഭിച്ചത്. മണ്ഡലകാലം തുടങ്ങി 39 ദിവസം വരെയുള്ള കണക്കാണിത്. 222,98,70,250 രൂപയാണ് മൊത്തവരുമാനം. 70,10,81,986 രൂപ കാണിക്കയും. 29,08,500 തീര്‍ഥാടകര്‍ എത്തി. ഇതില്‍ 20 ശതമാനത്തോളം കുട്ടികളാണ്. രണ്ടുവര്‍ഷത്തോളം നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതാണ് കുട്ടികളുടെ എണ്ണം ഇക്കുറി വര്‍ധിക്കാന്‍ കാരണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. കുട്ടികള്‍ക്കും അംഗപരിമിതര്‍ക്കും പ്രായമായര്‍ക്കും വേണ്ടി ഇക്കുറി ഏര്‍പ്പെടുത്തിയ പ്രത്യേക ക്യൂ ഫലപ്രദമാണ്.

പരമാവധി പരാതികുറച്ച് തീര്‍ഥാടനം ഇക്കുറി പൂര്‍ത്തിയാക്കാനായി. ഒരു ദിവസം മാത്രമാണ് ദര്‍ശനത്തിന് ആളുകള്‍ക്ക് കൂടുതല്‍ നേരം നില്‍ക്കേണ്ടി വന്നതായി ആക്ഷേപമുയര്‍ന്നത്. ശബരിമലയില്‍ തിരക്ക് സ്വഭാവികമാണ്. എന്നാല്‍ സാധാരണയില്‍ കൂടുതല്‍ നേരം ഭക്തര്‍ക്ക് അയ്യപ്പദര്‍ശനത്തിന് കാത്തുനില്‍ക്കേണ്ട അവസ്ഥയുണ്ടായാല്‍ അതു പരിശോധിക്കുന്നതാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ പറഞ്ഞു.

ദേവസ്വം ഗസ്റ്റ്ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. എസ്.എസ്. ജീവന്‍, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍ എച്ച്. കൃഷ്ണകുമാര്‍, ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ ആര്‍. അജിത് കുമാര്‍, വിജിലന്‍സ് എസ്.പി. സുബ്രഹ്മണ്യം എന്നിവര്‍ പങ്കെടുത്തു.