ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് സീസൺ 2 വിൻ്റെ ഭാഗമായി നേവിയുടെ ഹെലികോപ്റ്റർ രക്ഷാദൗത്യം കാണികളിൽ ആവേശമായി. കൊച്ചിയിൽ നിന്നും എത്തിച്ച ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ എ എൽ എച്ച് ഹെലികോപ്റ്ററാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബേപ്പൂർ കപ്പൽ ചാലിൽ കുടുങ്ങിയ ആളെ കമാൻഡോസ് രക്ഷപ്പെടുത്തിയതോടെ ജനം കയ്യടിച്ച് അഭിനന്ദിച്ചു.
കപ്പലുകൾ, മത്സ്യബന്ധന യാനങ്ങൾ തുടങ്ങിയവ അപകടത്തിൽപ്പെടുമ്പോഴും പ്രളയ സമാന സാഹചര്യങ്ങളിലും നടത്തുന്ന രക്ഷാപ്രവർത്തനത്തിൻ്റെ നേർക്കാഴ്ച്ചക്കാണ് കാണികൾ സാക്ഷികളായത്. അമ്പതടിയോളം ഉയരത്തിൽ ഉയർന്നു നിന്ന ഹെലികോപ്റ്ററിൽ നിന്ന് കയർ വഴി ആളിറങ്ങി അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കുന്നതായിരുന്നു പ്രദർശിപ്പിച്ചത്.
കൗതുകവും ആകാംക്ഷയും വാനോളമുയർത്തിയ ഹെലികോപ്റ്റർ രക്ഷാദൗത്യം കാണാനായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും സന്നിഹിതനായിരുന്നു.