ചക്കിട്ടപാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ബാലവകാശ കമ്മീഷൻ ചെയർമാൻ മനോജ്‌ കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. എല്ലാവിധ പരിമിതികളെയും മറികടന്ന് തങ്ങളുടെ കഴിവുകള്‍ക്ക് അതിരുകളില്ലെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു കുട്ടികൾ കാഴ്ചവച്ചത്. പാട്ടായും നൃത്തച്ചുവടുകളായും തങ്ങളുടെ സർഗ വാസനകൾ അവർ കാഴ്ചക്കാർക്ക് മുൻപിലെത്തിച്ചു. ക്രിസ്മസ് കരോൾ, സിനിമാ ഗാനം, ഒപ്പന, നാടോടി നൃത്തം, പ്രച്ഛന്ന വേഷം തുടങ്ങി വൈവിധ്യങ്ങളാർന്ന കലാ പരിപാടികളാണ് കുട്ടികൾ അവതരിപ്പിച്ചത്. ശാരീരിക വെല്ലുവിളികൾ മറികടന്ന് വേദിയിലും ആസ്വാദക ഹൃദയങ്ങളിലും വർണം വിതറിയപ്പോൾ കലോത്സവം വേറിട്ട അനുഭവമായി.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സുനിൽ അധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ ചിപ്പി മനോജ്‌, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിന്ദു വത്സൻ, ഇ എം ശ്രീജിത്ത്‌, പഞ്ചായത്തംഗങ്ങളായ ജിതേഷ്‌ മുതുകാട്‌, വിനിഷ ദിനേശൻ, വിനീത മനോജ്‌, എം എം പ്രദീപൻ, ആലീസ്‌ മാത്യു, കെ.രേഷ്മ എന്നിവർ സംസാരിച്ചു.