ബേപ്പൂരിനെ വിസ്മയിപ്പിച്ച് കരസേനയുടെ സംഗീത-ആയോധന വിരുന്ന്. കലയും, ആയോധന മുറകളും ചേർത്തൊരു അവിസ്മരണീയ പരിപാടിയാണ് രണ്ടാമത് ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിൽ കരസേനയുടെ 122 ഇൻഫന്ററി ബറ്റാലിയൻ അവതരിപ്പിച്ചത്. ചെണ്ടമേളത്തോടെ തുടക്കമിട്ട പരിപാടിയിൽ ഫയർ ഡാൻസും കളരിമുറകളും അരങ്ങേറി.

ചെണ്ടവാദ്യങ്ങളുടെ അകമ്പടിയോടെ വാളും പരിചയുമേന്തി മെയ്‌വഴക്കത്തോടെ അവതരിപ്പിച്ച കളരിമുറകൾ സദസ്സിനെ ആവേശമാക്കി. വാൾപ്പയറ്റ്, കുന്തപ്പയറ്റ്, മെയ്‌പ്പയറ്റ്, വിവിധ ആയോധന ഉപകരണങ്ങൾ കൊണ്ടുള്ള അഭ്യാസപ്രകടനം എന്നിവയാണ് അരങ്ങേറിയത്.

തീവലയങ്ങൾക്കുള്ളിലൂടെ ചാടിമറിഞ്ഞുകൊണ്ട് അവതരിപ്പിച്ച ഫയർ ഡാൻസും അഭ്യാസങ്ങളും വേറിട്ട അനുഭവമായി. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്‌ മറ്റു ജനപ്രതിനിധികൾ എന്നിവരും ബീച്ചിലെ പ്രധാന വേദിയിൽ നടന്ന വ്യത്യസ്തമായ പരിപാടിക്ക് കാഴ്ചക്കാരായി. സുബേദാർ സന്തോഷ്‌ വി.വിയുടെ നേതൃത്വത്തിലാണ് സംഗീത-ആയോധന കലാപരിപാടി നടന്നത്.

ബേപ്പൂർ വാട്ടർ ഫെസ്റ്റിൽ ഇന്ത്യൻ ആർമിയുടെ പ്രദർശനവും നടക്കുന്നുണ്ട്. ആർമിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് മനസിലാക്കാനും പഠിക്കാനും സാധിക്കും. ഇൻഫെൻട്രി ബറ്റാലിയൻ മദ്രാസ്, ഇന്ത്യൻ ആർമിയുടെ ഭാഗമായ മദ്രാസ് റെജിമെന്റിന്റെ കീഴിലുള്ള ഈ യൂണിറ്റ് വെസ്റ്റ്‌ഹിൽ ബാരക്സിലാണ് സ്ഥിതി ചെയ്യുന്നത്. മലബാർ ടെറിയേഴ്‌സ് എന്ന പേരിലും അറിയപ്പെടുന്ന ഈ യൂണിറ്റ് കേണൽ ഡി.നവീൻ ബൻജിറ്റ്, സുബേദാർ മേജർ അശോകൻ പി, സെക്കന്റ് ഇൻ കമാന്റ് വിശ്വനാഥൻ എസ്‌, മേജർ പവൻ കുമാർ യാദവ്, ക്യാപ്റ്റൻ അങ്കിത് ത്യാഗി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്.