വഴിയാത്രക്കാർക്ക് ആധുനിക സൗകര്യങ്ങളോടെ വിശ്രമകേന്ദ്രം ഒരുക്കുന്ന വഴിയിടം ടേക്ക് എ ബ്രേക്ക് സംവിധാനം ഡിസംബർ 26ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ നാടിന് സമർപ്പിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചാവക്കാട് നഗരസഭ കൗൺസിൽ രണ്ട് വർഷം പൂർത്തിയാകുന്ന വേളയിൽ വിവിധ പദ്ധതികൾ പൂർത്തീകരിച്ച് നാടിനു സമർപ്പിക്കുമെന്നും ചെയ്ർപേഴ്സൺ പറഞ്ഞു.

ട്രഞ്ചിംഗ് ഗ്രൗണ്ട് ഹരിത ഉദ്യാനമാക്കുന്നതിന്റെ ആദ്യഘട്ടമായി മാലിന്യങ്ങൾ ബയോമൈനിംഗ് നടത്തും. 16 ലക്ഷം രൂപ അടങ്കൽ തുകയുടെ പദ്ധതി ഡിസംബർ 31ന് ആരംഭിക്കും. നഗരസഭയിലെ അജൈവ മാലിന്യ സംസ്ക്കരണത്തിന് കരുത്തേകുന്നതിനായി ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മാനേജ്മെന്റ് സിസ്റ്റം പൂർത്തീകരിച്ചു.

ട്രഞ്ചിംഗ് ഗ്രൗണ്ടിലെ എം ആർ എഫ് വിപുലീകരണം എന്ന പ്രവൃത്തി 65 ലക്ഷം രൂപ അടങ്കലിൽ പൂർത്തീകരണ ഘട്ടത്തിലാണ്. 1,15,00,000/- രൂപ ചെലവിൽ വിൻഡോ കംപോസ്റ്റ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഈ പ്രവൃത്തികൾ പൂർത്തീകരിക്കുന്നതോടെ നഗരസഭയുടെ മാലിന്യപ്രശ്നത്തിന് ശാശ്വതപരിഹാരം കാണാൻ കഴിയും.

പാലയൂരിലും പുത്തൻ കടപ്പുറത്തും രണ്ട് ഹെൽത്ത് വെൽനസ്സ് സെന്ററുകൾ ഉടൻ ആരംഭിയ്ക്കും. നഗരസഭയുടെ വികസനപ്രവർത്തനങ്ങളും ക്ഷേമപ്രവർത്തനങ്ങളും വിരൽത്തുമ്പിൽ ലഭ്യമാക്കാൻ കഴിയുന്ന ജി ഐ എസ് (ജിയോഇൻഫർമാറ്റിക് സിസ്റ്റം) മാപ്പിംഗ് പദ്ധതി ജനുവരി ആദ്യവാരത്തിൽ നാടിന് സമർപ്പിക്കും. 23 ലക്ഷം രൂപ അടങ്കൽ തുകയുടെ പദ്ധതിയാണിത്.

പച്ചക്കറി മാർക്കറ്റിലെ ഇരുനിലകളിലായി 6000 ചതുരശ്ര അടിയിൽ 65 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടവും മുതുവട്ടൂരിൽ 44 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച പി പി സെയ്തുമുഹമ്മദ് ഹാജി സ്മാരക മന്ദിരവും ഉടൻ നാടിന് സമർപ്പിക്കും. ഇത് കൂടാതെ 2022-23 സാമ്പത്തിക വർഷത്തിലെ അഞ്ചര കോടി രൂപയുടെ വിവിധ പൊതുമരാമത്ത് പ്രവൃത്തികൾ ഉടൻ പൂർത്തീകരിക്കും,

നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, വൈസ് ചെയർമാൻ കെ കെ മുബാറക്ക്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷാഹിന സലീം, ബുഷറ ലത്തീഫ്, പ്രസന്ന രണദിവെ, അഡ്വ. എ വി മുഹമ്മദ് അൻവർ, പി എസ് അബ്ദുൽ റഷീദ്, കൗൺസിലർ എം ആർ രാധാകൃഷ്ണൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.