വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ കാരുമാത്ര ഗവ. യു.പി. സ്കൂളിലെ ശതാബ്ദി ആഘോഷം റവന്യു വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകിയ സ്കൂളിന്റെ ശതാബ്ദി ഒരു വർഷം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളോടെയാണ് ആഘോഷിക്കുന്നത്.

ഈ സർക്കാർ അധികാരത്തിൽ വന്ന് ആറു വർഷത്തിനിടെ പൊതുവിദ്യാഭ്യാസ മേഖലയിലെത്തിയ വിദ്യാർത്ഥികളുടെ എണ്ണം 10 ലക്ഷമാണെന്നും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഉണ്ടാക്കിയ മുന്നേറ്റമാണിതെന്നും പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു. അതിന്റെ തേരിലേരി കാരുമാത്ര ഗവ. യു.പി. സ്കൂളിന് ഇനിയും മുന്നോട്ട് പോകാൻ സാധിക്കട്ടെ എന്ന് മന്ത്രി ആശംസിച്ചു.

പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച വിളംബര ബൈക്ക് റാലി ശ്രദ്ധേയമായി. വിദ്യാർഥികൾ, അധ്യാപകർ, പൂർവവിദ്യാർഥികൾ, എന്നിവർ ചേർന്ന് 101 ദീപങ്ങൾ തെളിയിച്ചത് ആഘോഷങ്ങൾക്ക് നിറച്ചാർത്തേക്കി. വിദ്യാഭ്യാസ സെമിനാർ, പൂർവവിദ്യാർഥി-അധ്യാപക സംഗമം, ചിത്രരചനാ ക്യാമ്പ്, നാടൻ വിത്തുകളുടെ ശേഖരണം, പ്രദർശനം, മെഡിക്കൽ ക്യാമ്പുകൾ, കായിക മത്സരങ്ങൾ തുടങ്ങി 101 പരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി നടത്താനാണ് തീരുമാനം.

വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ വിജയലക്ഷ്മി വിനയചന്ദ്രൻ, വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം എം മുകേഷ്, ബ്ലോക്ക് അംഗങ്ങളായ പ്രസന്ന അനിൽകുമാർ, അസ്മാബി ലത്തീഫ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഫസ്ന അസീസ്, സംഘാടക സമിതി ജനറൽ കൺവീനർ പി സുമ, പി ടി എ പ്രസിഡന്റ്‌ സബീല ഫൈസൽ, സംഘാടക സമിതി ചെയർമാൻ കെ എൻ ഉണ്ണികൃഷ്ണൻ, മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.