പ്രളയത്തെ തുടർന്ന് തകർന്ന പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ ചമ്മന്നൂർ, ചുള്ളിക്കാരൻകുന്ന് റോഡ് പുനർനിർമിക്കുന്നു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 96 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡിന്റെ പുനർനിർമ്മാണം നടത്തുന്നത്. നിർമ്മാണോദ്ഘാടനം എൻകെ അക്ബർ എംഎൽഎ നിർവഹിച്ചു.

കുന്നംകുളം, ആറ്റുപുറം റോഡിലെ ചമ്മന്നൂർ സെന്റർ ഭാഗത്ത് നിന്ന് ആരംഭിച്ച് ചുള്ളിക്കാരൻകുന്ന് ഭാഗത്ത് അവസാനിക്കുന്ന റോഡ് 1.200 കിലോമീറ്റർ നീളത്തിൽ 3.75 മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്ത് അഞ്ച് വർഷത്തെ റോഡ് പരിപാലന വ്യവസ്ഥ കൂടി ഉൾപ്പെടുത്തിയാണ് പുനർനിർമ്മിക്കുന്നത്. ഇൻഡ്യൻ റോഡ് കോൺഗ്രസ് നിർദ്ദേശിച്ചിരിക്കുന്ന നിലവാരത്തിലുള്ള നിരത്ത് രേഖപ്പെടുത്തലുകൾ, ഗതാഗത സൂചികകൾ തുടങ്ങിയ മറ്റ് അനുബന്ധ സജ്ജീകരണങ്ങളും പുനർനിർമ്മാണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടൂറിസം സാധ്യതയ്ക്ക് കൂടി മുതൽക്കൂട്ടാണ് റോഡിന്റെ പുനർനിർമ്മാണം.

നിരത്ത് നവീകരണ പ്രവൃത്തിക്കായി ടെലഫോൺ ലൈനുകൾ, വൈദ്യുത പോസ്റ്റുകൾ, ജലവിതരണ ലൈനുകൾ എന്നിവ പുനക്രമീകരിക്കുന്നതിനുവേണ്ടി പബ്ലിക് യൂട്ടിലിറ്റി ഷിഫ്റ്റിംഗിനുള്ള തുകയും അഞ്ച് വർഷത്തെ റോഡ് പരിപാലന തുകയും കൂടി എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയാണ് പുനർ നിർമ്മാണം. വിവിധ ഘട്ടങ്ങളിൽ മൂന്ന് ശ്രേണിയിലുള്ള ഗുണനിലവാര പരിശോധനാ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പദ്ധതിയിൽ വിവിധ എൻജിനീയറിംഗ് കോളേജുകളിലെ വിദഗ്ദ്ധരെയും ഉൾക്കൊളളിച്ചിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ റീബിൽഡ് കേരള എൻജിനീയർ ജിയോ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഇ കെ നിഷാർ, വാർഡ് മെമ്പർമാരായ ദേവകി ശ്രീധരൻ, ഹാജറ ഖമറുദ്ദീൻ, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.