നഗരങ്ങളെ മാലിന്യമുക്തമാക്കി സൗന്ദര്യവൽക്കരിച്ച് സംരക്ഷിക്കേണ്ട ചുമതലയുണ്ട്: മുഖ്യമന്ത്രി
പൂരനഗരിയുടെ രാത്രികളും ഇനി പകൽ പോലെ തിളങ്ങും. തൃശൂർ കോർപ്പറേഷനും ചേംബർ ഓഫ് കൊമേഴ്സും നേതൃത്വം നൽകുന്ന തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവലിന് തേക്കിൻകാട് മൈതാനി വിദ്യാർത്ഥി കോർണറിൽ വർണാഭമായ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഷോപ്പിംഗ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് അതിവേഗത്തിൽ നഗരവൽക്കരണം ശക്തിപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ മുഖ്യമന്ത്രി നഗരങ്ങളെ മാലിന്യമുക്തമാക്കി സൗന്ദര്യവൽക്കരിച്ച് സംരക്ഷിക്കേണ്ട ചുമതലയുണ്ടെന്നും ഓർമ്മിപ്പിച്ചു. നഗരമാലിന്യ സംസ്കരണം സുപ്രധാന അജണ്ടയായി സ്വീകരിച്ചാണ് സംസ്ഥാനം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരിക തനിമ കൈമോശം വരാതെ അതേ അളവിൽ കാത്തുസൂക്ഷിക്കുന്ന നഗരമാണ് തൃശൂർ. തേക്കിൻകാട് മൈതാനവും സ്വരാജ് റൗണ്ടും തൃശൂർ പൂരവും ഓണത്തിന് അരങ്ങേറുന്ന പുലിക്കളിയുമെല്ലാം ലോക പ്രശസ്തമാണ്. അത്തരം സാംസ്കാരിക ജൈവ ഘടകങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്ന ഒന്നായി ഷോപ്പിംഗ് ഫെസ്റ്റിവൽ മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലയുടെ ടൂറിസം മേഖലയ്ക്ക് ഉൾപ്പെടെ ഇത് കരുത്ത് പകരും. ഫെസ്റ്റിവലിന്റെ ഭാഗമായി തയ്യാറായതിൽ ഏറ്റവും ശ്രദ്ധേയമായത് വഴിയോര കച്ചവടക്കാർക്കായി ഒരുക്കിയ മേളകളാണ്. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ വഴിയോര കച്ചവട മേഖലയിൽ വലിയ തോതിലുള്ള ഇടപെടൽ നടത്താനായെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ജനുവരി 15 വരെ നഗരം വൈദ്യുതാലങ്കാരം കൊണ്ട് പ്രഭാമയമാകും. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ, ബാങ്കുകൾ, ഹോട്ടലുകൾ, സൂപ്പർ മാർക്കറ്റുകൾ, സ്വകാര്യ താമസ സമുച്ചയങ്ങൾ ഉൾപ്പെടെ എല്ലാവരും വർണനിറങ്ങളോടെ വിസ്മയപ്രഭയിൽ പങ്കാളികളാകും. നാല് സ്ഥിരം വേദികളിലും ചലിക്കുന്ന വേദികളിലും എല്ലാ ദിവസവും കലാപരിപാടികൾ നടക്കും. വഞ്ചികുളത്തെ ബോട്ട് യാത്ര, പാലസ് റോഡിലെ ക്രാഫ്റ്റ് ആർട്ട്, മോട്ടോർ റെയ്സ്, റിമി ടോമി, തൈക്കൂടo ബ്രിഡ്ജ്, ഔസേപ്പച്ചൻ നയിക്കുന്ന സംഗീതനിശ ,ഫുഡ് ഫെസ്റ്റ്, ഇന്റർനാഷണൽ എക്സിബിഷൻ, ഫാഷൻ വീക്ക്, സ്കേയ്റ്റിംഗ്, മോട്ടോർ ഷോ, ഡാൻസ് ഫെസ്റ്റ് തുടങ്ങിയവ ഫെസ്റ്റിവലിലെ വരുംദിനങ്ങൾ ആവേശഭരിതമാക്കും.
ഫെസ്റ്റിവലിന്റെ ഭാഗമായി ഷോപ്പുകളിലെ ഓഫറുകളും, ഡിസ്കൗണ്ട് ,ടി.എസ്.എഫിന്റെ സൗജന്യ ലക്കി നറുക്കെടുപ്പു് ടിക്കറ്റുകളും ഉൾപ്പടെ ഉൽപ്പന്നങ്ങളുടെ വിവരങ്ങൾ മാറ്റ്സാപ് എന്ന മൊബൈൽ ആപ്പിലൂടെ ജനങ്ങൾക്ക് അറിയാം.
ചടങ്ങിൽ റവന്യൂ മന്ത്രി കെ രാജൻ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ, മേയർ എം കെ വർഗീസ്, പി ബാലചന്ദ്രൻ എം എൽ എ, ജില്ലാ കലക്ടർ ഹരിത വി കുമാർ ജനപ്രതിനിധികൾ, കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.