മറ്റത്തൂർ പഞ്ചായത്ത് ‘പൊലിമ പുതുക്കാട്’ പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പ് നടത്തി. മൂന്നുമുറിയിൽ 75 സെൻറ് സ്ഥലത്ത് നടത്തിയ കൃഷിയുടെ വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ രഞ്ജിത് ഉദ്ഘാടനം ചെയ്തു. 16 -ാം വാർഡ് ‘നവചൈതന്യ’ അയൽക്കൂട്ടത്തിലെ മേരി ജേക്കബ് സ്വന്തം സ്ഥലത്ത്, ജൈവവളം ഉപയോഗിച്ച് കൃഷി ചെയ്ത വെണ്ട, പയർ, വഴുതന, കാബേജ്, കോളിഫ്ലവർ, പച്ചമുളക് തുടങ്ങിയ പച്ചക്കറികളുടെ വിളവെടുപ്പാണ് നടത്തിയത്. വിളവെടുത്ത പച്ചക്കറികൾ പഞ്ചായത്തിൽ നടക്കുന്ന കുടുംബശ്രീ ജെ എൽ ജി ചന്തയിൽ വില്‍പ്പന നടത്തും.

നവംബർ മാസത്തിലാണ് ‘പൊലിമ പുതുക്കാട്’ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 23 വാർഡുകളിലും പച്ചക്കറി തൈകൾ വിതരണം ചെയ്ത്. കൃഷിഭവനിൽ നിന്ന് നൽകിയ 1500 തൈകൾ ഉപയോഗിച്ച് അടുത്തഘട്ട കൃഷി ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് കുടുംബശ്രീ അംഗങ്ങൾ. സംസ്ഥാന സർക്കാരിന്റെ നിരവധി പദ്ധതികളെ ഉൾപ്പെടുത്തി മണ്ഡലത്തിലെ 40000ൽ പരം സ്ത്രീകളെ കൃഷിയിലേയ്ക്ക് നയിക്കുന്ന പദ്ധതിയാണ് ‘പൊലിമ പുതുക്കാട്’. രണ്ടായിരത്തിലധികം വരുന്ന കുടുംബശ്രീ യൂണിറ്റുകളിൽ കൃഷി വ്യാപിപ്പിച്ച് വിഷരഹിത ഭക്ഷ്യോൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കും.

ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡൻറ് അശ്വതി വിബി അധ്യക്ഷയായി. ബ്ലോക്ക്- പഞ്ചായത്ത് മെമ്പർമാരായഎം എസ് സുമേഷ്, സജിത രാജീവ്, കുടുംബശ്രീ ചെയർപേഴ്സൺ സുനിത ബാലൻ, സിഡിഎസ് മെമ്പർമാരായ രമ്യ മനേഷ്, സലജ ജിജി എന്നിവർ പങ്കെടുത്തു.