ജില്ലയിൽ 22 കേന്ദ്രങ്ങളിൽ 1336 കുട്ടികൾക്ക് പരിശീലനം

ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകൾ ജില്ലയിൽ ഏഴുകേന്ദ്രങ്ങളിൽ ആരംഭിച്ചു. ഡിസംബർ 26 മുതൽ 31 വരെ തീയതികളിലായി മൂന്ന് ഘട്ടങ്ങളായിട്ടാണ് ദ്വിദിന ഉപജില്ലാ ക്യാമ്പുകൾ സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ 181 സ്കൂളുകളിൽ പ്രവർത്തിച്ചുവരുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ 5537 അംഗങ്ങളാണുള്ളത്. സ്കൂൾതല ക്യാമ്പിൽ മികവ് തെളിയിച്ച 1336 കുട്ടികളാണ് ഉപജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നത്. ഓരോ യൂണിറ്റിൽ നിന്ന് പ്രോഗ്രാമിങ്, ആനിമേഷൻ വിഭാഗങ്ങളിൽ നാലുവീതം കുട്ടികളെയാണ് ഉപജില്ലാ ക്യാമ്പിന് തെരഞ്ഞെടുത്തിരിക്കുന്നത്.

ലഹരിവിരുദ്ധ ആശയം കുട്ടികളിലേക്ക് എത്തിക്കുന്നതിന് സഹായിക്കുന്ന ഗെയിമുകൾ തയാറാക്കുന്ന പ്രവർത്തനങ്ങളാണ് ഈ വർഷത്തെ ക്യാമ്പിന്റെ പ്രത്യേകത. ലഹരിയുടെ പിടിയിൽപെടാതെ കുട്ടിയെ സുരക്ഷിതയായി വീട്ടിൽ എത്തിക്കുന്ന കമ്പ്യൂട്ടർ ഗെയിം പ്രോഗ്രാമിങ് സോഫ്റ്റ്വെയറായ സ്ക്രാച്ച് ഉപയോഗിച്ച് പ്രോഗ്രാമിങ് വിഭാഗത്തിലെ കുട്ടികൾ തയാറാക്കും. ലഘുകഥകളെ അടിസ്ഥാനമാക്കിയുള്ള ആനിമേഷനുകൾ ഓപ്പൺടൂൺസ് എന്ന സോഫ്റ്റ്വെയറിൽ ആനിമേഷൻ വിഭാഗത്തിലെ കുട്ടികളും തയാറാക്കും. പൂർണമായും സ്വതന്ത്ര സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് ക്യാമ്പിലെ പരിശീലനവും പ്രവർത്തനങ്ങളും.

ക്യാമ്പിന്റെ രണ്ടാം ദിവസം കൈറ്റ് സിഇഒ കെ അൻവർ സാദത്ത് ക്യാമ്പംഗങ്ങളുമായി ലിറ്റില് കൈറ്റസ് പ്രവർത്തനങ്ങളെ സംബന്ധിച്ച് ഓൺലൈനായി ആശയവിനിമയം നടത്തും. ആൻഡ്രോയ്ഡ് ആപ്പുകൾ തയാറാക്കാൻ സഹായിക്കുന്ന ഓപ്പൺസോഴ്സ് സോഫ്റ്റ് വെയറായ ആപ്പ് ഇൻവെന്റർ ഉപയോഗിച്ചുള്ള മൊബൈൽ ഗെയിം, നല്ല ആരോഗ്യശീലങ്ങൾ നല്കുന്ന ആപ്പ് എന്നിവയുടെ നിർമാണം, ത്രീഡി അനിമേഷൻ സോഫ്റ്റ് വെയറായ ബ്ലെൻഡർ, റ്റുഡി അനിമേഷൻ സോഫ്റ്റ്വെയറായ ഓപ്പൺടൂൺസ് എന്നിവ ഉപയോഗിച്ചുള്ള അനിമേഷൻ നിർമാണം, സൈബർ സുരക്ഷ സംബന്ധിച്ച ചർച്ചകൾ, അവതരണങ്ങൾ എന്നിവയാണ് ദ്വിദിന ക്യാമ്പിലെ മറ്റ് പ്രധാനപ്പെട്ട പരിശീലന മേഖലകൾ. ഹൈടെക് സംവിധാനങ്ങൾ ക്ലാസ് മുറികളിൽ പ്രവർത്തിപ്പിക്കാനും പരിപാലിക്കാനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ സജ്ജമാക്കുന്ന പാഠ്യഭാഗങ്ങളും ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ജില്ലയിൽ സി എൻ എൻ ജി എച്ച് എസ് ചേർപ്പ്, സെന്റ് മേരീസ് സി ജി എച്ച് എസ് ഒല്ലൂർ, സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ, എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര, ജി എൻ ബി എച്ച് എസ്സ് കൊടകര, സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട, ജി. എസ്സ്. എച്ച്. എസ്സ്. അഷ്ടമിച്ചിറ,എച്ച്. എസ്സ്. എസ്സ് പനങ്ങാട്, ജി വി എച്ച് എസ് തളിക്കുളം, ടി എം വി എച്ച് എസ് എസ് പെരുമ്പിലാവ്, എം ആർ ആർ എം എച്ച് എസ് ചാവക്കാട്, എൽ എഫ് ജി എച്ച് എസ് എസ് ചേലക്കര, ഗവ. ബോയ്സ് എച്ച് എസ് എസ് വടക്കാഞ്ചേരി, കൈറ്റ് തൃശ്ശൂർ ജില്ലാ പ്രോജക്ട് ഓഫീസ് എന്നീ കേന്ദ്രങ്ങളിലാണ് ക്യാമ്പുകൾ നടക്കുന്നത്. ഉപജില്ലാ ക്യാമ്പിലെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ റവന്യൂജില്ലാ ക്യാമ്പിലേക്കുള്ള പ്രതിനിധികളെ തെരഞ്ഞെടുക്കും. ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് റോബോട്ടിക്സിലും ബ്ലെൻഡർ സോഫ്റ്റ് വെയറിലും പരിശീലനം നല്കും.