4000 ദത്തുഗ്രാമങ്ങളിലായി 4000 ക്യാമ്പുകൾ

ജില്ലയിലെ 10 എൻഎസ്എസ്  യൂണിറ്റുകൾക്ക്  കൂടി സർക്കാർ ധനസഹായം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. ഈ വർഷത്തെ എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ സംസ്ഥാനതല ഉദ്‌ഘാടനം ഇരിങ്ങാലക്കുട മാടായിക്കോണം ചാത്തൻമാസ്റ്റർ മെമ്മോറിയൽ യുപി സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

ഇരിങ്ങാലക്കുടയിലെ 8 ഹയർ സെക്കന്ററി സ്കൂളുകളിലെയും ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജിലെയും മണ്ണുത്തി ഡോൺ ബോസ്കോ കോളേജിലെയും എൻഎസ്എസ് യൂണിറ്റുകൾക്കാണ് സർക്കാർ ധനസഹായം നൽകുന്നത്. ഇതോടെ ഇരിങ്ങാലക്കുട മണ്ഡലത്തിലെ മുഴുവൻ എൻഎസ്എസ് യൂണിറ്റുകളും  സർക്കാർ ധനസഹായത്താൽ പ്രവർത്തിക്കുന്ന യൂണിറ്റുകളായി മാറി. സപ്‌തദിന ക്യാമ്പുകളിലൂടെ എൻഎസ്എസ് നൽകുന്ന സേവനങ്ങൾ വിലമതിക്കാനാകാത്തതാണെന്നും ക്യാമ്പസിനെയും കമ്മ്യൂണിറ്റിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കരുത്ത് കൂടിയാണ് ഈ ക്യാമ്പുകളെന്നും  മന്ത്രി പറഞ്ഞു.

വിദ്യാർത്ഥികളുടെ സേവന സന്നദ്ധതയും സാമൂഹ്യ പ്രതിബന്ധതയും ജീവകാരുണ്യ നിലപാടുകളും ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് എൻഎസ്എസ് പ്രവർത്തിക്കുന്നത്. രാഷ്ട്ര പുനർ നിർമ്മാണ പ്രക്രിയയിൽ യുവാക്കളുടെ കർമ്മശേഷി എങ്ങനെ വിനിയോഗിക്കാം എന്നതിനുള്ള ഉദാഹരണം കൂടിയാണ് എൻഎസ്എസിന്റെ പ്രവർത്തനം. 4000 ദത്തുഗ്രാമങ്ങളാണ് എൻഎസ്എസിന്റെ ആഭിമുഖ്യത്തിൽ ഏറ്റെടുത്തിരിക്കുന്നത്. പാവപ്പെട്ടവർ അധിവസിക്കുന്ന കോളനികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനുമായുള്ള പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. വീടില്ലാത്തവർക്ക് സ്നേഹ വീട് നിർമ്മിച്ച് നൽകുന്ന പദ്ധതി പ്രകാരം 1500 വീടുകൾ നിർമ്മിക്കാനായെന്നും മന്ത്രി പറഞ്ഞു.

ലഹരി വിരുദ്ധ പോരാട്ടത്തിൽ മുഖ്യ പങ്കുവഹിക്കുന്ന സംഘടനയാണ് എൻഎസ്എസ്. ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആസാദ് എന്ന പേരിൽ പ്രത്യേകം സേനയ്ക്ക് എൻഎസ്എസ് രൂപം നൽകിയിട്ടുണ്ട്. നാടൻ ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുന്ന തേൻകനി, ഹരിത സമൃദ്ധിയ്ക്കായി അടുക്കള തോട്ട നിർമ്മാണം, കുട്ടികളുടെ നൈപുണ്യ വികസനത്തിനും ശാസ്ത്രാഭിരുചി വളർത്തുന്നതിനുമുള്ള പ്രത്യേക പരിപാടി, സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ കാഴ്ചപ്പാടോടെ വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരെ സംരക്ഷിക്കൽ തുടങ്ങി നിരവധിയായ പ്രവർത്തനങ്ങളാണ് എൻഎസ്എസിന്റെ നേതൃത്വത്തിൽ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പരിപാടിയുടെ ഭാഗമായി പ്രദേശത്തെ 100 പാവപ്പെട്ട കുടുംബങ്ങൾക്ക് അരിയും പലവ്യഞ്ജനങ്ങളും ക്രിസ്മസ് കേക്കും അടങ്ങുന്ന കിറ്റും വയോജനങ്ങൾക്കായി പുതപ്പുകളും മന്ത്രി വിതരണം ചെയ്തു.  ലഹരി വിരുദ്ധ പ്രചാരണത്തിന് ഊന്നൽ നൽകിയാണ് ഇക്കുറി എൻഎസ്എസ് സഹവാസ ക്യാമ്പുകൾ സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 4000 ദത്തുഗ്രാമങ്ങളിലായി 4000 സപ്തദിന സ്പെഷ്യൽ ക്യാമ്പുകളാണ് ഒരുക്കിയിട്ടുള്ളത്. എല്ലാ വർഷവും ഡിസംബറിലെ അവധിക്കാലത്താണ് സപ്തദിന സഹവാസ ക്യാമ്പുകൾ. ഒരു സപ്തദിന ക്യാമ്പിലെങ്കിലും പങ്കെടുക്കുകയും എൻഎസ്എസിന്റെ പ്രവർത്തനങ്ങളിൽ 240 മണിക്കൂർ പൂർത്തിയാക്കുകയും ചെയ്യുന്ന വോളന്റിയർമാർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.

എൻ എസ് എസ് സംസ്ഥാന ഓഫീസർ ഡോ. ആർ എൻ അൻസർ അധ്യക്ഷനായ ചടങ്ങിൽ എൻ എസ് എസ് സെൻട്രൽ റീജിയൻ ആർ പി സി ഡോ.എൻ.രാജേഷ്, ഇരിങ്ങാലക്കുട നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജിഷ ജോബി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി അംബിക പള്ളിപ്പുറത്ത്, വാർഡ് കൗൺസിലർ ശ്രീമതി ലിജി, ഹയർ സെക്കന്ററി ജില്ലാ കോർഡിനേറ്റർ വി എ കരീം, ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് സോണി വി ആർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻഎസ്എസ് ജില്ലാ കൺവീനർ ഡോ.ബിനു ടി വി തുടങ്ങിയവർ പങ്കെടുത്തു.