കലാകാരന്മാരുടെ പറുദീസയായ മിഠായിതെരുവ് തന്നെ ഒരു നാടകമായി മാറുന്ന കാഴ്ച ഒരുക്കിയിരിക്കുകയാണ് വാ…നമുക്കൊരു നാടകം കളിച്ചാലോ….എന്ന തെരുവ് നാടകം. ശ്രാവണിക – അമാൽഗമേഷൻ ഓഫ് ആർട്സിന്റെ ഭാഗമായ വിമൺ ടീച്ചേഴ്സ് തിയേറ്റർ ആണ് സംസ്ഥാന സ്കൂൾ കലോത്സവത്തിന് സ്വാഗതമോതി നാടകം അവതരിപ്പിച്ചത്.

വൈക്കം മുഹമ്മദ് ബഷീറിൻ്റെ പാത്തുമ്മയുടെ ആട്, എംടിയുടെ ഓപ്പോൾ, എസ് കെ പൊറ്റക്കാടിന്റെ ഒരു ദേശത്തിൻ്റെ കഥ, ഉറൂബിന്റെ രാച്ചിയമ്മ, ആർ രാജശ്രീയുടെ കല്യാണി എന്നും ദാക്ഷായണി എന്നും പേരായ രണ്ട് സ്ത്രീകളുടെ കത എന്നീ പുസ്തകങ്ങളുടെയൊക്കെ പ്രേരണയായാണ് മിഠായി തെരുവിൽ തെരുവ് നാടകം അരങ്ങേറിയത്.

ബഷീറിന്റെയും എംടിയുടെയും ഉറൂബിന്റെയും എസ് കെ പൊറ്റക്കാടിന്റെയും രാജ്യശ്രീയുടെയും സ്ത്രീകഥാപത്രങ്ങൾ ഓരോന്നായി മിഠായി തെരുവിൽ ഇറങ്ങി വന്നു. ഓരോ കഥാപാത്രങ്ങളും അവരവരുടെ അസ്തിത്വം വിളിച്ചുപറഞ്ഞു. മേരി അർമിനാർ റോഡിഗ്രസ് ക്യാൻവാസിൽ ബേപ്പൂർ സുൽത്താനെ വരക്കുന്നതോടെ നാടകം പൂർത്തിയായി. ഓരോ കാഴ്ചക്കാരനും നാടകത്തിൽ പങ്കാളികളായി.

വിവിധ വിദ്യാലയങ്ങളിലെ അധ്യാപകരായ
സാജിത കമാൽ, സ്മിതാ ശിവരാമൻ
ജ്യോത്സ്ന പി കെ എന്നിവരുടെ രചനയിൽ പിറന്ന നാടകത്തിന്റെ സംവിധായിക പി. സുകന്യയാണ്. ജിഷ സി. ചാലിൽ
കലാ സംവിധാനവും രാധി പി.കെ സംഗീത സംവിധാനവും നിർവഹിച്ചു. ജിസ്മയാണ് വസ്ത്രലങ്കാരം. പാത്തുമ്മയുടെ ആടിലെ പാത്തുമ്മയായി നീന കെ വിയും എംടിയുടെ ഓപ്പോളിലെ ഓപ്പോളായി ജൂലി വോട്ടും എസ് കെ പൊറ്റക്കാടിന്റെ ഒരു ദേശത്തിൻ്റെ കഥയിലെ ഉണ്ണൂലി അമ്മയായി ഡോ. സി. ഭാമിനിയും ആർ രാജശ്രീയുടെ കല്യാണി എന്നും ദാക്ഷായണി എന്നും പേരായ രണ്ട് സ്ത്രീകളുടെ കതയിലെ ദാക്ഷായണിയായി നിഷ ആർ, കല്യാണിയായി സൗമ്യ എ ടി എന്നിവർ കഥാപാത്രങ്ങളായി നിറഞ്ഞാടി.