ബേപ്പൂരിൽ സംഗീതത്തിന്റെ മാന്ത്രികത തീർത്ത് പ്രശസ്ത സംഗീതജ്ഞരായ ശിവമണിയും കാവാലം ശ്രീകുമാറും. ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ രണ്ടാം സീസണിൽ ഇരുവരും ചേർന്ന് അവതരിപ്പിച്ച സംഗീത വിരുന്ന് ശ്രദ്ധേയമായി.

‘സ്വാമിനാഥ പരിപാലയാ ശുമാം’
എന്ന ഗാനം ആലപിച്ച് തുടക്കമിട്ട കാവാലം ശ്രീകുമാറിനൊപ്പം സംഗീത ഉപകരണങ്ങളിൽ കൊട്ടിക്കയറി ശിവമണി വേദിയെ അമ്പരപ്പിച്ചു. ഉടുക്ക്, കഞ്ചിറ, ദർബുക, ചെണ്ട, ഡ്രംസ് തുടങ്ങിയ നിരവധി സംഗീത ഉപകരണങ്ങളെ ഒരേസമയം നിഷ്പ്രയാസം കൈകാര്യം ചെയ്യുന്ന ശിവമണി കാണികളിൽ കൗതുകമായി. ‘സുന്ദരി കണ്ണാൽ ഒരു സെയ്ദി’, ‘ചെമ്പൂവേ പൂവേ’, തുമ്പീ വാ തുമ്പക്കുടത്തിൽ’, കണ്മണി അൻപോട് കാതലൻ’ എന്നീ ഗാനങ്ങൾ സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെ അവതരിപ്പിച്ചു.

ശിവമണിയുടെ കൊട്ടും കാവാലത്തിന്റെ പാട്ടും ചേർന്നൊരു മനോഹര രാത്രിക്കാണ് ബേപ്പൂർ സാക്ഷിയായത്. ക്ലാസിക്കൽ സംഗീതം, നാടൻ പാട്ടുകൾ എന്നിവയും അരങ്ങുണർത്തി.