ടൂറിസം മേഖലയിൽ വിമർശനത്തിന് വകയില്ലാത്ത വിധം കേരളം വളരുകയാണെന്നും ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് ടൂറിസം മേഖലയിലെ പുതിയ മാതൃകയാണെന്നും പ്ലാനിങ് ബോർഡ് അംഗവും ലോക സഞ്ചാരിയുമായ സന്തോഷ് ജോർജ്ജ് കുളങ്ങര. ബേപ്പൂർ ഫെസ്റ്റിന്റെ ഭാഗമായി ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ്, ഇന്ത്യൻ ആർമി എന്നിവർക്കുള്ള ഉപഹാരസമർപ്പണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബേപ്പൂർ ഫെസ്റ്റിൻ്റെ ഒന്നാം സീസണിനെക്കാൾ ഇരട്ടിപ്രഭയുള്ള ഫെസ്റ്റാണ് രണ്ടാം സീസൺ. ബേപ്പൂർ വീണ്ടും ചരിത്രം സൃഷ്ടിക്കുകയാണെന്നും
ഇത് ഈ നാടിന് മാത്രം സാധ്യമാകുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബേപ്പൂരിൽ ഏക മനസ്സോടെ ജനം ഒഴുകിവരുന്ന കാഴ്ച്ചയാണ് കാണാൻ സാധിക്കുന്നതെന്നും ബേപ്പൂർ അന്താരാഷ്ട്ര ടൂറിസം ഭൂപടത്തിൽ ഇടം പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ്, ഇന്ത്യൻ ആർമി എന്നിവർക്കുള്ള ഉപഹാരം മന്ത്രി സമർപ്പിച്ചു. കോസ്റ്റ് ഗാർഡ് കേരള മേഖല ഡിഐജി എൻ രവി, നേവൽ ഓഫീസർ ഇൻ ചാർജ് കേരള കമാണ്ടർ ആർ.കെ യാദവ്, 122 ഇൻഫന്ററി ബറ്റാലിയൻ കേണൽ ഡി.നവീൻ ബൻജിറ്റ് എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി.

ലോക ശ്രദ്ധയിലേക്ക് ബേപ്പൂർ വാട്ടർ ഫെസ്റ്റിനെ എത്തിക്കുന്നതിൽ വലിയ പങ്കാണ് വിവിധ സേന വിഭാഗങ്ങൾ വഹിച്ചതെന്ന് മന്ത്രി പറഞ്ഞു. ഫെസ്റ്റിന്റെ വിജയത്തിനു വേണ്ടി പ്രയത്നിച്ച നേവി, കോസ്റ്റ് ഗാർഡ്, കരസേന വിഭാഗങ്ങൾക്ക് മന്ത്രി നന്ദി അറിയിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് മുനവ്വറലി തങ്ങൾ മുഖ്യാതിഥിയായി. സിങ്കപ്പൂർ, വിയ്റ്റ്നാം, തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര കൈറ്റ് ടീമിനും വേദിയിൽ ആദരവ് അർപ്പിച്ചു. ചടങ്ങിൽ ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഢി സ്വാഗതവും ജില്ലാ വികസന കമ്മീഷണർ എം. എസ് മാധവിക്കുട്ടി നന്ദിയും പറഞ്ഞു.