താനൂർ ടൗണിലെ താനൂർ ജങ്ഷനിൽ നിന്ന് വരായിക്കുളം റോഡ് വഴി വാഴക്കാത്തെരുവിൽ എത്തിച്ചേരുന്ന ഒരു ഭാഗവും എടക്കടപ്പുറം മുതൽ ഉണ്ണിയാൽ വരെയുള്ള ഒരു ഭാഗം കൂടെ ചേർത്ത് 2 റീച്ച് റോഡുകളുടെ നവീകരണത്തിനായി നബാർഡിന്റെ സഹായത്തോടെ 9.48 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. താനൂർ എംഎൽഎയും ഫിഷറീസ് കായിക വകുപ്പ് മന്ത്രിയുമായ വി അബ്ദുറഹിമാന്റെ ഇടപെടൽ മൂലമാണ് അനുമതി ലഭിച്ചിട്ടുള്ളത്.താനൂർ ടൗൺ മുതൽ വാഴക്കാത്തെരുവ് വരെ 1.1 കിലോമീറ്ററും എടക്കടപ്പുറം മുതൽ ഉണ്ണിയാൽ വരെ നാലര കിലോമീറ്ററുമാണ് ഉൾപ്പെട്ടിട്ടുള്ളത്.

താനൂർ ടൗൺ മുതൽ വാഴക്കാത്തെരു വരെയുള്ള ഭാഗങ്ങളിൽ ആവശ്യമുള്ള സ്ഥലങ്ങളിൽ വീതി കൂട്ടി റബറൈസ് ചെയ്യുകയും ഇരുവശങ്ങളിലും ട്രെയിനേജുകൾ നിർമ്മിച്ച് ഫുട്പാത്തും ഹാൻഡ് റൈലും സ്ഥാപിക്കലും ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.ടിപ്പുസുൽത്താൻ റോഡിൽ എടക്കടപ്പുറം മുതൽ ഉണ്ണിയാൽ വരെയുള്ള ഭാഗങ്ങളിൽ റോഡ് നിലവിൽ അഞ്ചര മീറ്റർ ആണുള്ളത്. അത് 7 മീറ്ററിലേക്ക് വീതി കൂട്ടി റബറൈസ് ചെയ്യും. റോഡ് സുരക്ഷാക്രമീകരണങ്ങളും റോഡ് മാർക്കിങ്ങുകളും സെയിൻ ബോർഡുകളും ഈ പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്