പ്രളയക്കെടുതിയിൽ ജില്ലയിൽ തകർന്നത് 2126 വീടുകളെന്ന് പ്രാഥമിക കണക്ക്. വാസയോഗ്യമല്ലാതായ വീടുകളുടെ എണ്ണം ഇതിലും കൂടും. വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം വന്നതും വീടുകൾക്കാണെന്നാണ് വിലയിരുത്തൽ.ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവർ വാടക വീട് അന്വേഷിച്ചുനടക്കുന്നതായാണ് വിവരം.കുട്ടനാടുൾപ്പെടെയുള്ള പല പ്രദേശങ്ങളിലും വീടുകൾ ഇപ്പോഴും ഉപയോഗിക്കാനാകാത്ത വിധം വെള്ളംകയറി കിടക്കുകയാണ്.
2126വീടുകൾ പൂർണമായും തകർന്നപ്പോൾ 20397വീടുകളാണ് ഭാഗികമായും തകർന്നത്.അറ്റകുറ്റപ്പണി നടത്തിയാൽ വീണ്ടും ഉപയോഗിക്കാനാകുന്ന വീടുകളാണിത്. 119,48,03,356കോടി രൂപയുടെ നഷ്ടമാണ് വീടുകൾ തകർന്ന വകയിൽ മാത്രം കണക്കാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതൽ വീടുകൾ തകർന്നിരിക്കുന്നത്് ചെങ്ങന്നൂർ താലൂക്കിലാണ. ചെങ്ങന്നൂരിൽ 1906 വീടുകൾ തകർന്നപ്പോൾ 8121വീടുകൾ ഭാഗികമായും നശിച്ചു. കുട്ടനാട്ടിൽ 157 വീടുകൾ പൂർണമായും, 10366 വീടുകൾ ഭാഗികമായും നശിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും കുറവ് വീടുകൾ തകർന്നിരിക്കുന്നത് മാവേലിക്കര താലൂക്കിലാണ്. ഇവിടെ 71വീടുകൾ ഭാഗികമായി തകർന്നപ്പോൾ രണ്ടു വീടുകളാണ് പൂർണമായും തകർന്നത്.