2021 -ലെ എക്സൈസ് മെഡൽ വിതരണവും അവാർഡ് ദാനവും നടന്നു
66 ഉദ്യോഗസ്ഥർക്കും 3 ഓഫീസുകൾക്കും പുരസ്കാരം
എക്സൈസ് സേനയെ കൂടുതൽ പ്രാതിനിധ്യ സ്വഭാവമുള്ളതാക്കി വകുപ്പിനെ ആധുനികവൽക്കരിക്കുമെന്ന് തദ്ദേശ സ്വയംഭരണ ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. എല്ലാവരെയും ഉൾക്കൊള്ളുന്ന തരത്തിൽ വകുപ്പിനെ മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. എക്സൈസ് വകുപ്പില്‍ വനിതാ സിവിൽ എക്സൈസ് ഓഫീസർമാർ സേനയുടെ ഭാഗമായി. പട്ടികവർഗ പിന്നോക്ക വിഭാഗങ്ങളിൽ നിന്ന് കൂടുതൽ പേരെ സേനയുടെ ഭാഗമാക്കും. വകുപ്പിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ കൂടുതൽ ആധുനികസങ്കേതങ്ങൾ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. എക്സൈസ് വകുപ്പിൽ സ്തുത്യർഹസേവനം നടത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്കും ഓഫീസുകൾക്കുമുളള 2021 വർഷത്തെ മുഖ്യമന്ത്രിയുടെ പുരസ്ക്കാരങ്ങൾ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.
ലഹരി എന്ന സാമൂഹ്യവിപത്തിനെതിരെയുള്ള പോരാട്ടത്തിലെ മുന്നണി പോരാളികളാണ് എക്സൈസ് സേന. സമൂഹത്തിൽ ഇന്ന് വ്യാപകമായി പ്രചരിക്കുന്ന സിന്തറ്റിക് ഡ്രഗ് കണ്ടെത്താനും അതിർത്തിയിൽ ഉൾപ്പെടെ പരിശോധന ശകതമാക്കാനും ഡ്രഗ് ഡിറ്റക്റ്ററുകളും പൊലീസ് സേന മാതൃകയിൽ ഡോഗ് സ്ക്വാഡും വകുപ്പിന് അനുവദിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. സേനയ്ക്ക് പുതുതായി വാഹനങ്ങൾ ലഭ്യമാക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്താനും കൂടുതല്‍ ആത്മവിശ്വാസം നല്‍കാനും ആധുനികവൽക്കരണത്തിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
മയക്കുമരുന്നിനെതിരെയുള്ള ജനകീയ മുന്നേറ്റമാണ് കേരളത്തിൽ നടക്കുന്നത്. ലഹരി വിരുദ്ധ യജ്ഞത്തിന്റെ ആദ്യഘട്ടത്തിൽ നടന്ന മനുഷ്യശ്യംഖലയിൽ ഒരു കോടിയിലധികം പേരാണ് ഭാഗമായത്. ലോകത്ത് സമാനതകളില്ലാത്ത മയക്കുമരുന്ന് വിരുദ്ധ പോരാട്ടത്തിന്റെ ചിത്രമാണിതെന്നും മന്ത്രി പറഞ്ഞു.
ലഹരിവിരുദ്ധ പോരാട്ടത്തിലൂടെ എക്സൈസ് സേനയ്ക്ക് ജനങ്ങളുടെ വലിയ രീതിയിലുള്ള വിശ്വാസം ആർജിക്കാനായെന്നും അത് വകുപ്പിന്റെ പ്രവർത്തനങ്ങളെ കൂടുതൽ മെച്ചപ്പെടുത്താനും ജനബന്ധമുള്ളതാക്കി മാറ്റാനും സഹായിച്ചെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ക്യാമ്പയിന് പുറമെ ശക്തമായ എൻഫോഴ്സ്മെന്റ് നടപടികളും ഈ കാലയളവിൽ സേനയുടെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്. സിന്തറ്റിക് ഡ്രഗ് കേസുകളിൽ ഉൾപ്പെടെ പിടിക്കപ്പെടുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ വിട്ടുവീഴ്ച ഇല്ലാതെ നടപടി ഉണ്ടാകുമെന്നും വകുപ്പിന്റെ സൽപ്പേരും ജനങ്ങളുടെ വിശ്വാസവും നിലനിർത്തി മുന്നോട്ട് പോകണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. സമൂഹത്തെയും നാടിനെയും സേവിക്കുന്നതിൽ കൂടുതൽ ഊർജ്ജസ്വലമായി പ്രവർത്തിക്കാൻ ഈ പുരസ്കാരങ്ങൾ പ്രചോദനമാകട്ടെയെന്നും മന്ത്രി ആശംസിച്ചു.
തൃശൂർ സ്റ്റേറ്റ് എക്സൈസ് അക്കാദമി ആന്റ് റിസർച്ച് സെന്റർ പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മന്ത്രി സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ 2021 വർഷത്തെ എക്സൈസ് മെഡലിന് അർഹരായിട്ടുളള 26 എക്സൈസ് ഉദ്യോഗസ്ഥർ, ഡിറ്റക്ടറ്റീവ് എക്സലൻസ്, പ്രോസിക്യൂഷൻ എക്സലൻസ്, എക്സലൻസ് ഇൻ ഇന്റലിജൻസ് കളക്ഷൻ, അഡ്മിനിസ്ട്രേറ്റീവ് എക്സലൻസ്, കമന്റബിൾ വർക്സ് ഡൺ ഇൻ ദ ഫീൽഡ് ഓഫ് ഡ്രഗ്സ് അവയർനെസ് ആക്ടിവിറ്റീസ് എന്നീ അഞ്ച് സേവനമേഖലകളിലെ പ്രവർത്തന മികവിന് 31 എക്സൈസ് ഉദ്യോഗസ്ഥർ, കർമ്മശ്രേഷ്ഠ പുരസ്കാരത്തിന് അർഹരായ ഒൻപത് എക്സൈസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ 66 പേർക്ക് മെഡൽ വിതരണം ചെയ്തു.
എക്സൈസ് ഓഫീസുകളുടെ കാര്യക്ഷമമായ പ്രവർത്തനം, ഓഫീസുകളുടെയും പരിസരത്തിന്റെയും വൃത്തിയായുള്ള പരിപാലനം എന്നിവ കണക്കാക്കി സംസ്ഥാനതലത്തിൽ നൽകുന്ന 2022 വർഷത്തെ
കമ്മീഷണേഴ്സ് ട്രോഫിക്ക് അർഹമായിരിക്കുന്ന ആലപ്പുഴ, കട്ടപ്പന, മഞ്ചേരി എക്സൈസ് റേഞ്ച് ഓഫീസുകൾക്കുളള പുരസ്കാര വിതരണവും നടന്നു.
പരിപാടിയിൽ എക്സൈസ് കമ്മീഷണർ എസ് ആനന്ദകൃഷ്ണൻ, അഡീഷണൽ എക്സൈസ് കമ്മീഷണർ (ഭരണം) ഡി രാജീവ്, അഡീഷണൽ എക്സൈസ് കമ്മീഷണർ (എൻഫോഴ്സ്മെന്റ്) ഇ എൻ സുരേഷ്, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ, സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.