കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ആൻഡ് കേരഫെഡ്, വിഎഫ്പിസികെ, സ്വാശ്രയ കർഷക സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പച്ചത്തേങ്ങ സംഭരണ പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം നടന്നു. അന്നമനട സ്വാശ്രയ കർഷക സമിതി പരിസരത്ത് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന്റെ ഭാഗമായി അന്നമനട പഞ്ചായത്തിലെ രണ്ട് കേരകർഷകരിൽ നിന്നും 200 കിലോ പച്ചത്തേങ്ങ സംഭരിച്ചു.
പദ്ധതിയുടെ ഭാഗമായി കർഷകരിൽ നിന്ന് പച്ചത്തേങ്ങ നേരിട്ട് സംഭരിക്കും. തൊണ്ട് കളഞ്ഞ ഉരുളൻ പച്ചത്തേങ്ങ കിലോക്ക് 32 രൂപയാണ് നിലവിലെ സംഭരണ വില. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്ന് വരെ അന്നമനട വിഎഫ്പിസികെ സ്വാശ്രയ കർഷക സമിതി ട്രേഡിംഗ് ഹാളിലാണ് സംഭരണം.
സംസ്ഥാനത്ത് പച്ചത്തേങ്ങയടെയും കൊപ്രയുടെയും വില ഇടിയുന്ന സാഹചര്യത്തിലാണ് പച്ചത്തേങ്ങ സംഭരണം പുനഃരാരംഭിച്ചത്.
ചടങ്ങിൽ വിഎഫ്പിസികെ സ്വാശ്രയ കർഷക സമിതി പ്രസിഡന്റ് എസ് കെ സത്താർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടെസ്സി ടൈറ്റസ്, വിഎഫ്പിസികെ ജില്ലാ മാനേജർ അംബ എ എ എന്നിവർ മുഖ്യാതിഥികളായി. ബ്ലോക്ക്- പഞ്ചായത്ത് മെമ്പർമാർ, കൃഷി ഓഫീസർ പി പി ഹുസൈൻ, വിഎഫ്പിസികെ ഡെപ്യൂട്ടി മാനേജർ സുധീഷ് രവി എന്നിവർ പങ്കെടുത്തു. അസിസ്റ്റന്റ് ഡയറക്ടര്‍ (കൃഷി) ആർ സോണിയ പദ്ധതി വിശദ്ധീകരണം നടത്തി.