ജില്ലാ ക്ഷീര കർഷക സംഗമത്തിന്റെ സമാപന സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്തു

രാജ്യത്തെ പാലുൽപ്പാദനക്ഷമതയിൽ സംസ്ഥാനത്തെ ഒന്നാമത്തെത്തിക്കുകയാണ് ക്ഷീരവികസന വകുപ്പിന്റെ ലക്ഷ്യമെന്ന് ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. അരീക്കോട് സാഗർ ഓഡിറ്റോറിയത്തിൽ മൂന്ന് ദിവസം നീണ്ടു നിന്ന മലപ്പുറം ജില്ലാ ക്ഷീര കർഷക സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ പാലുൽപ്പാദന ക്ഷമതയിൽ പഞ്ചാബിന് പിന്നിൽ രണ്ടാമതാണ് കേരളം. വരും വർഷങ്ങളിൽ ഒന്നാം സ്ഥാനത്തെത്തുന്നതുള്ള പ്രവർത്തനങ്ങളിലാണ് സർക്കാർ. അതിനായി മികച്ച ഉൽപ്പാദനക്ഷമതയുള്ള കന്നുകാലികളെ കർഷകർക്ക് നൽകാൻ ആണ് സർക്കാർ തീരുമാനം. അതിനായി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. അടുത്തവർഷം അതിദരിതർക്ക് 90 ശതമാനം സബ്സിഡിയോടെ കന്നുകാലികളെ കർഷകന് കൈമാറാനുള്ള പദ്ധതി കേന്ദ്രസർക്കാരിന് മുന്നിൽ സമർപ്പിച്ചതായും മന്ത്രി വ്യക്തമാക്കി.
കൂടാതെ ഉയരുന്ന കാലിത്തീറ്റ വില കുറയ്ക്കുന്നതിനായി പാലക്കാട് മുതലമടയിൽ പരീക്ഷണാടിസ്ഥാനത്തിൽ കേരളാഫീഡ്സിന്റെ നേതൃത്വത്തിൽ ചോളം കൊണ്ട് കാലിത്തീറ്റ ഉത്പാദിപ്പിക്കുന്നുണ്ട്. മാത്രമല്ല കാലിത്തീറ്റ നിർമിക്കാൻ ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ നിർമിക്കുന്ന ആന്ധ്രപ്രദേശിലെ ഒരു സഹകരണ സംഘം കുറഞ്ഞ വിലയ്ക്ക് സംസ്ഥാനത്തിന് നൽകാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മായം ചേർത്ത കന്നുകാലി തീറ്റ, കോഴിത്തീറ്റ എന്നിവ വിൽക്കുന്നതിനെ കർശന നടപടി എടുക്കുന്നതിന് നിയമ നിർമാണം നടത്തും. മിൽമ, കേരളാ ഫീഡ്‌സ് എന്നിവവഴി ഗുണപ്രദമായ തീറ്റ മൃഗങ്ങൾക്ക് ലഭ്യമാക്കുക സർക്കാർ ലക്ഷ്യം. ക്ഷീരകർഷകർക്കായി ജനുവരി അഞ്ചുമുതൽ കാൾ സെന്റർ ആരംഭിക്കും. ഇതുവഴി മൃഗഡോക്ടറുടെ സേവനം മുഴുവൻ സമയവും ക്ഷീരകർഷകർക്ക് ലഭിക്കും. പദ്ധതിയുടെ ആദ്യഘട്ടമായി 29 മൃഗഡിക്ടര്മാരെ നിയമിച്ചു.
കന്നുകുട്ടി പരിപാലനം പോലുള്ള പദ്ധതികളിലൂടെ കൂടുതൽ ഉല്പാദന ക്ഷമതയുള്ള പശുക്കളെ സൃഷ്ടിക്കാനുള്ള പദ്ധതിയും വകുപ്പ് ആവിഷ്ക്കരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

ചടങ്ങിൽ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ റുഖിയ ഷംസു അധ്യക്ഷനായി. ക്ഷീര വികസന വകുപ്പ് മലപ്പുറം ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ വർക്കി ജോർജ്ജ്, മിൽമ ചെയർമാൻ കെ.എസ്.മണി, കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ, മലപ്പുറം ജില്ലാ പഞ്ചായത്ത്‌ വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സറീന ഹസീബ്, ഊർങ്ങാട്ടീരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.ജിഷ, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹരിദാസ് പുൽപ്പറ്റ, ബ്ലോക്ക് മെമ്പർമാരായ മുജീബ് കാവനൂർ, ജമീല, അജിത കാലത്തിങ്ങൽതൊടി, മലബാർ മേഖല യൂണിയൻ ഡയറക്ടർ ടി.പി.ഉസ്മാൻ, ജില്ലയിലെ വിവിധ ക്ഷീര സംഘങ്ങളിലെ പ്രസിഡന്റ്‌മാരായ പി.ജംഷീർ, എം.വാസുദേവൻ, സണ്ണി ജോസഫ്, സുബ്രമണ്യൻ, യു.സി.മുഹമ്മദ്‌ കോയ, കൃഷ്ണൻ അറക്കൽ, താജ് മൻസൂർ, വി.പി. വിജയകുമാരൻ നായർ.വി.പി, അച്ഛൻകുഞ്ഞ്, ഖാസിം മുഹമ്മദ്‌ ബഷീർ, ജില്ലാ ക്ഷീര കർഷകസംഗമം ചെയർമാൻ പ്രസിഡന്റുമായ സി. ഗോപാലകൃഷ്ണൻ ഏറാടി എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ റിട്ട. പി ആൻഡ് ഐ മാനേജർ ആർ.സുരേഷ്, ക്ഷീര വികസന വകുപ്പ് റിട്ട.അസിസ്റ്റന്റ് ഡയറക്ടർ എൻ.രമേശ്‌ എന്നിവർ ക്ലാസുകൾ എടുത്തു. ജില്ലയിലെ മികച്ച ക്ഷീര സംഘത്തെ ആദരിക്കൽ, ക്ഷീര കർഷകരെ ആദരിക്കൽ, സംഗമത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള വിവിധ ഉപഹാര സമർപ്പണങ്ങളും നടന്നു.