ശബരിമല സന്നിധാനം ആയുര്‍വേദ ആശുപത്രിയില്‍ ഇതുവരെ ചികിത്സ തേടിയത് 32067 പേര്. ഇതില്‍ 31319 പുരുഷന്മാരും 321 സ്ത്രീകളും 427 കുട്ടികളുമാണ്.
തിരുമ്മല്‍, ഇന്‍ഫ്രാറെഡ് രശ്മികള്‍ ഉപയോഗിച്ചുള്ള ചികിത്സ, മര്‍മ്മ ചികിത്സ തുടങ്ങിയവയാണ് സന്നിധാനം ആയുര്‍വേദ ആശുപത്രിയില്‍ ലഭിക്കുന്നത്. മല കയറുമ്പോള്‍ പേശിവേദനയും സന്ധി വേദനയുമുണ്ടാകുന്നവര്ക്ക് ഏറെ ആശ്വാസമാണ് തിരുമ്മല്‍ ചികിത്സ. മണ്ഡല കാലത്ത് പ്രതിദിനം ശരാശരി എഴുന്നൂറോളം പേര് മസാജ് സൗകര്യം ഉപയോഗപ്പെടുത്തി. ഇതിനായി രണ്ടു തെറാപ്പിസ്റ്റുകളുടെ സേവനം ലഭ്യമാണ്. അലര്‍ജി, പനി എന്നിവയുള്ളവരും എത്തുന്നുണ്ട്. സ്വാമിമാര്‍ക്ക് പുറമെ പൊലീസ് ഉള്‍പ്പെടെ സേവന രംഗത്തുള്ളവരും ചികിത്സക്കായി വരുന്നുണ്ട്. മെഡിക്കല്‍ സുപ്രണ്ട് ഉള്‍പ്പെടെ അഞ്ച് ഡോക്ടര്‍മാര്‍, മൂന്ന് ഫാര്‍മസിസ്റ്റുകള്‍, രണ്ട് തെറാപ്പിസ്റ്റുകള്‍, മൂന്ന് അറ്റന്‍ഡര്‍, ഒരു ശുചീകരണ തൊഴിലാളി, ദേശീയ ആയുഷ് ദൗത്യത്തിന്റെ രണ്ട് പാര്‍ട്ട് ടൈം ജീവനക്കാര്‍ എന്നിവരടങ്ങിയ 16 അംഗ സംഘമാണ് സേവനത്തിനുള്ളത്. തീര്‍ഥാടകരുടെ സൗകര്യാര്‍ഥം പമ്പയിലും ആയുര്‍വേദ ആശുപത്രി പ്രവര്‍ത്തിക്കുന്നുണ്ട്.