കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് വട്ടോളിയിലും മൊകേരിയിലുമായി നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രങ്ങൾ നാടിന് സമർപ്പിച്ചു. സംസ്ഥാന പാതയിലൂടെ യാത്ര ചെയ്യുന്നവർക്കും പൊതുജനങ്ങൾക്കും സൗകര്യപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് വിശ്രമ കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്.
ഗ്രാമപഞ്ചായത്തും ശുചിത്വമിഷനും ചേർന്ന് 20 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. വട്ടോളിയിൽ ഇറിഗേഷൻ വകുപ്പ് വിട്ടുനൽകിയ സ്ഥലത്തും മൊകേരി കലാനഗറിൽ പഞ്ചായത്തിന്റെ കൈവശമുള്ള ഭൂമിയിലുമാണ് വിശ്രമകേന്ദ്രം സ്ഥാപിച്ചത്.
വിശ്രമ കേന്ദ്രങ്ങളുടെ ഉദ്ഘാടനം വട്ടോളിയിൽ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത അധ്യക്ഷയായി. ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ മനോജ് കുമാർ എ.ടി മുഖ്യാതിഥിയായി. എൽ.എസ്.ജി.ഡി സുവിഷ് എ.ഇ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വിജിലേഷ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.പി.സജിത, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റീന സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹേമ മോഹൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.പി. കുഞ്ഞിരാമൻ, കെ.കൈരളി, പഞ്ചായത്ത് അംഗങ്ങളായ നവ്യ, ഷിനു കെ, രതീഷ് എ, ഷിബിൻ എം, മുരളി കുളങ്ങരത്ത്, നസീം ബഷീർ തുടങ്ങിയവർ സംസാരിച്ചു. മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.