ഇടുക്കി-മണിയാറന്‍കുടി-ഉടുമ്പന്നൂര്‍ റോഡിന് ജൂബിലി സ്മാരക പേരു വേണമെന്നും എംപിഎല്ലാ വകുപ്പുകളുടേയും പ്രാതിനിധ്യം ഉണ്ടാകണം: ജില്ലാ കളക്ടര്‍

ഇടുക്കി-മണിയാറന്‍കുടി-ഉടുമ്പന്നൂര്‍ റോഡിന് ജൂബിലി സ്മാരക പേരു വേണമെന്നും എംപി

ജില്ലയുടെ സുവര്‍ണജൂബിലി സമാപനം ആഘോഷമാക്കി നടത്തുവാന്‍ ജില്ലാ വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു. ജില്ല കളക്ടര്‍ ഷീബ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് വിവിധ പരിപാടികളോടെ ജൂബിലി ആഘോഷം നടത്താന്‍ തീരുമാനമായത്. ഇതിന്റെ ഭാഗമായി കാല്‍വരി ടൂറിസം ഫെസ്റ്റിനോട് ചേര്‍ന്ന് തന്നെ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സെമിനാറുകളും പ്രദര്‍ശന സ്റ്റാളുകളും സംഘടിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ യോഗത്തില്‍ പറഞ്ഞു.

ജില്ലയുടെ സുവര്‍ണ്ണ ജൂബിലി സ്മരണയായി ഇടുക്കി-മണിയാറന്‍കുടി-ഉടുമ്പന്നൂര്‍ റോഡിന് ഇടുക്കി ജില്ലാ സുവര്‍ണ്ണ ജൂബിലി സ്മാരക റോഡെന്ന് നാമകരണം ചെയ്ത് ഉടന്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ പ്രമേയത്തിലൂടെ അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആദ്യകാല കുടിയേറ്റത്തിന് ഉപയോഗിച്ച റോഡെന്ന നിലയില്‍ 19 കി.മീ വരുന്ന പുതിയ ഇടുക്കി-മണിയാറന്‍കുടി-ഉടുമ്പന്നൂര്‍ റോഡ് എന്നും സ്മരിക്കപ്പെടണം. മതികെട്ടാന്‍ചോല ദേശീയ ഉദ്യാനമായി അന്തിമ ഗസറ്റ് വിജ്ഞാപനം വന്നിട്ടില്ല. ഇത് പുനരാലോചിക്കണം. ഇതിന്റെ അതിര്‍ത്തി പുന:നിര്‍ണ്ണയിച്ച ശേഷമേ ബഫര്‍സോണ്‍ അന്തിമ നോട്ടിഫിക്കേഷന്‍ നടത്താവൂ. പുതിയ ഫോറസ്റ്റ് നോട്ടിഫിക്കേഷന്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ജനപ്രതിനിധികളെ അറിയിക്കണമെന്നും എംപി വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. 1996 ല്‍ വനം വകുപ്പ് വിട്ടു തന്ന ഭൂമിയ്ക്ക് പകരമായി അന്നു നല്‍കിയ ഭൂമിയുടെ വിജ്ഞാപനമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളതെന്നും, മുട്ടം, അറക്കുളം, കുടയത്തൂര്‍ മേഖലകളില്‍ പുതിയ വനഭൂമി പ്രഖ്യാപിക്കുന്നതിനുള്ള യാതൊരു നടപടിയുമില്ലെന്നും ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, എംപി യ്ക്ക് മറുപടി നല്‍കി. ശൈശവ വിവാഹത്തിനെതിരായി നടക്കുന്ന ബോധവത്കരണ പരിപാടിയില്‍ ആരോഗ്യവകുപ്പിന്റെ പങ്കാളിത്തം കൂടി ഉറപ്പാക്കണമെന്നും ജില്ലാ കളക്ടര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. നിലവില്‍ ആദിവാസി കുടികള്‍ കേന്ദ്രീകരിച്ച് 65 ക്ലാസുകള്‍ നടന്നിട്ടുണ്ട്. തുടര്‍ന്ന് വരുന്ന ബോധവത്കരണ ക്ലാസ്സുകളില്‍ ആരോഗ്യവകുപ്പ് കൂടി പങ്കാളികളാകണം. ജില്ലയിലെ അതിഥി തൊഴിലാളികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന റോഷ്നി പദ്ധതിയുടെ നടത്തിപ്പിനായി സി എസ് ആര്‍ ഫണ്ട് നല്‍കുന്ന കമ്പനികളുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ കാര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനായി ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി. ജില്ലാ വികസന സമിതി യോഗവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കേണ്ട എല്ലാ വകുപ്പുകളും നിശ്ചിത സമയത്തിനുള്ളില്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കാലതാമസം വരുത്തരുതെന്നും യോഗത്തില്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

ജില്ലയിലെ ജനത നേരിടുന്ന വന്യമൃഗ ശല്യത്തിനെതിരെ പരിഹാരം കാണാന്‍ വനം വകുപ്പിനോട് എംപി ആവശ്യപ്പെട്ടു. ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ നേരിടുന്ന മരുന്നിന്റെ ലഭ്യതക്കുറവ് പരിശോധിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളണം. ഏതെങ്കിലും ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയോ ജീവനക്കാരുടെയോ കുറവുകളുണ്ടെങ്കില്‍ അത് നികത്തണം. ജില്ലയിലെ വനത്തിന് സമീപ പ്രദേശങ്ങളില്‍ ഉണ്ടാകുന്ന വന്യമൃഗ ആക്രമണം പ്രതിരോധിക്കുന്നതിനായി ശാന്തന്‍പാറ, ചിന്നക്കനാല്‍, മറയൂര്‍, മാങ്കുളം, നെടുംകണ്ടം, കുമളി, വണ്ടിപ്പെരിയാര്‍, പെരുവന്താനം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് റാപിഡ് റെസ്പോണ്‍സ് ടീമിന് രൂപം നല്‍കണമെന്ന് അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. ഇതിന് അധിക ജീവനക്കാരും വാഹന സൗകര്യവും ആവശ്യമാണെന്നും ഇത് സംബന്ധിച്ച് പ്രൊപ്പോസല്‍ സര്‍ക്കാരിലേയ്ക്ക് സമര്‍പ്പിച്ചിട്ടുള്ളതായും ഡി.എഫ്.ഒ മറയൂര്‍ അറിയിച്ചു.

ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് വകയിരുത്തി വീടില്ലാത്ത 52 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. സുവര്‍ണ ഭവനം എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഓരോ പഞ്ചായത്തുകളില്‍ നിന്നുമുള്ള വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നടപ്പിലാക്കുന്നതെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ടി. ഉഷാകുമാരി യോഗത്തില്‍ അറിയിച്ചു. നീലക്കുറിഞ്ഞി പൂവിട്ട കള്ളിപ്പാറ മലനിരകള്‍ ദേശീയോദ്യാനമാക്കി മാറ്റാനുള്ള വനം വകുപ്പിന്റെ നടപടി പുനഃപരിശോധിക്കണം. നിലവില്‍ റവന്യു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രദേശമാണത്. ബഫര്‍ സോണുമായി ബന്ധപ്പെട്ട അനശ്ചിതത്വത്തിലാണ് നിലവില്‍ പ്രദേശവാസികള്‍. അതിനാല്‍ ജനവികാരം കൂടി കണക്കിലെടുത്ത് മാത്രം തീരുമാനം കൈക്കൊള്ളണമെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് യോഗത്തിലാവശ്യപ്പെട്ടു. എല്‍.ആര്‍ രജിസ്റ്റര്‍ ലഭിക്കാത്തതിന്റെ പേരില്‍ പട്ടയവുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ഭൂവുടമകള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വൈസ് പ്രസിഡന്റ് യോഗത്തില്‍ ആവശ്യപ്പെട്ടു.

മുന്നണി ധാരണ പ്രകാരം കാലാവധി പൂര്‍ത്തിയാക്കി സ്ഥാനം ഒഴിയുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പിനേയും, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. നൗഷാദിനേയും ജില്ലാ വികസന സമിതിയില്‍ ആദരിച്ചു. എംപി ഷീല്‍ഡ് കൈമാറി. വിരമിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. കെ.പി. ശുഭ (ആയുര്‍വ്വേദം), ഡോ. എല്‍.ബി. ശ്രീലത (ഹോമിയോ) എന്നിവരെ ജില്ലാ കളക്ടര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ജിജി കെ. ഫിലിപ്പ്, പി.എം. നൗഷാദ്, ഡോ. ശുഭ, ഡോ. ശ്രീലത എന്നിവര്‍ ആദരവിന് നന്ദി പറഞ്ഞു. ജല്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ടി. ഉഷകുമാരി, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഡോ. സാബു വര്‍ഗീസ്, ദേവികുളം സബ്കളക്ടര്‍ രാഹുല്‍ കൃഷ്്ണ ശര്‍മ, പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ കെ.വി. കുര്യാക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

കളിസ്ഥലമില്ലെന്ന കാരണത്താല്‍ കുമളി ബിഎഡ് സെന്ററിന്റെ അംഗീകാരം നഷ്ടപ്പെടാതിരിക്കാന്‍ അടിയന്തരമായി നടപടി സ്വീകരിക്കണം. റീസര്‍വ്വെ പൂര്‍ത്തിയാക്കിയത് ഉടന്‍ വിജ്ഞാപനം ചെയ്യണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് സമിതിയുടെ ശ്രദ്ധയില്‍പെടുത്തി. അടിമാലി, രാജാക്കാട് എന്നിവിടങ്ങളില്‍ റോഡില്‍ കുരങ്ങ് ശല്യം രൂക്ഷമാണെന്ന പരാതിയില്‍ അടിയന്തര നടപടി സ്വീകരിക്കുവാന്‍ വികസന സമിതി വനം വകുപ്പിന് നിര്‍ദ്ദേശം നല്‍കി. പട്ടിക വര്‍ഗ്ഗ പദ്ധതിയില്‍ ആരംഭിച്ച് പണി പൂര്‍ത്തിയാക്കാത്ത വീടുകളുടെ റിപ്പോര്‍ട്ട് അടുത്ത വികസന സമിതിയില്‍ സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ വകുപ്പ് വികസന ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എംഎല്‍എ മാരായ വാഴൂര്‍ സോമന്‍, അഡ്വ. എ. രാജ എന്നിവരുടെ പ്രമേയങ്ങള്‍ വികസന സമിതിയില്‍ ഡിപിഒ വായിച്ച് നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുത്തി.