ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാര്‍ഷിക സംഘടന (എഫ്.എ.ഒ) ലോക വ്യാപകമായി സംഘടിപ്പിച്ചു വരുന്ന ലോക കാര്‍ഷിക സെന്‍സസിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 1970-71 മുതല്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ തുടര്‍ച്ചയായി നടത്തി വരുന്ന സെന്‍സസിന്റെ പതിനൊന്നാമത് സെന്‍സസ് ജില്ലയില്‍ ജനു. അഞ്ചിന് ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു.

കാര്‍ഷിക സെന്‍സസ് 2021-22 ജില്ലാതല കോ-ഓര്‍ഡിനേഷന്‍ സമിതിയുടെ ആദ്യയോഗം കാര്‍ഷിക സെന്‍സസ് ജില്ലാ കോ-ഓര്‍ഡിനേഷന്‍ സമിതിയുടെ ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറിലാണ് ചേര്‍ന്നത്. കാര്‍ഷിക മേഖലയുടെ നിലവിലുള്ള അവസ്ഥയെ അറിയുന്നതിലൂടെ കാര്‍ഷികമേഖലയെ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഒരു പുതിയ കാര്‍ഷികനയം രൂപീകരിക്കുന്നതിന് ഈ സര്‍വ്വെ ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ലാ കളക്ടര്‍ പറഞ്ഞു.

ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാര്‍ഷിക ഓര്‍ഗനൈസേഷന്‍ (എഫ്.എ.ഒ) ലോക വ്യാപകമായി സംഘടിപ്പിച്ചുവരുന്ന ലോക കാര്‍ഷിക സെന്‍സസിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും 1970-71 മുതല്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ തുടര്‍ച്ചയായി നടത്തിവരുന്നതാണ് കാര്‍ഷിക സെന്‍സസെന്നും 2021-22 അടിസ്ഥാനമാക്കി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് നടത്തുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതാണെന്നും ജില്ലാ കളക്ടര്‍ യോഗത്തിലറിയിച്ചു. സര്‍വ്വെയുടെ സമ്പൂര്‍ണ്ണമായ വിജയത്തിനായി എല്ലാ വകുപ്പുകളുടെയും സഹകരണം ഉറപ്പാക്കേണ്ടതാണ്. ജനപ്രിതിനിധികളും സര്‍വ്വെയ്ക്ക് സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

കേരളത്തില്‍ സെന്‍സസിന്റെ നടത്തിപ്പ് ചുമതല സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിനാണ്. ഇടുക്കി ജില്ലയില്‍ 54 തദ്ദേശസ്വയഭരണ സ്ഥാപനങ്ങളിലായി ആകെയുള്ള 861 വാര്‍ഡുകളിലെ ഭൂമി സംബന്ധമായ വിവരങ്ങള്‍ സര്‍വ്വെയ്ക്കായി താല്‍കാലികമായി തെരഞ്ഞെടുത്തിട്ടുള്ള എന്യൂമറേറ്റര്‍മാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയാണ് വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും സര്‍വ്വെയുടെ പൂര്‍ണ്ണ വിജയത്തിനായി എല്ലാ
വകുപ്പുകളുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായും ജില്ലാതല കോ-ഓര്‍ഡിനേഷന്‍ സമിതിയുടെ കണ്‍വീനിയറായ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഇടുക്കി ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ മേരി ജോര്‍ജ് പറഞ്ഞു.

തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ. വി. കുര്യാക്കോസ്്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍, പ്രിന്‍സിപ്പാള്‍ കൃഷി ഓഫീസര്‍ ബീനമോള്‍ ആന്റണി, തൊടുപുഴ മുനിസിപ്പാലിറ്റി സൂപ്രണ്ട് വിനോദ് കുമാര്‍.ജി, അടിമാലി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജോജി ജെയിംസ്, ഡിസിആര്‍ബി സബ് ഇന്‍സ്‌പെക്ടര്‍ ടി. വിനോദ്കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു