ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ വയല്‍ വിദ്യാലയം പദ്ധതി ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2022-23 ല്‍ ഉള്‍പ്പെടുത്തി കാര്‍ഷിക മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന നൂതന പദ്ധതിയാണ് വയല്‍ വിദ്യാലയം. കാര്‍ഷിക മേഖലയിലേക്ക് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനോടൊപ്പം കൃഷിയറിവുകളിലൂടെയും അനുഭവങ്ങളിലൂടെയും ആധുനിക കാര്‍ഷിക വിള പരിപാലന രീതികള്‍ പരിചയപ്പെടുക, പ്രായോഗികാനുഭവങ്ങളിലൂടെ കാര്‍ഷിക രംഗത്തെ സാധ്യതകള്‍ കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
രണ്ട് ലക്ഷം രൂപ വകയിരുത്തി നടപ്പാക്കുന്ന പദ്ധതിയില്‍ നെല്ല്, പച്ചക്കറി, കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവ കുട്ടികളുടെ നേതൃത്വത്തില്‍ വിളയിറക്കും. വലമ്പിമംഗലം പൊണ്ണം കല്ല് പാടശേഖരത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്തംഗം കെ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രാജിക അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എം. സുകുമാരന്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം. ഗിരിജ, കെ.എസ് മധു, പി. മണികണ്ഠന്‍, കൃഷി ഓഫീസര്‍ എസ്. ആമിന, വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു.