വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ കണ്ടീജന്റ് സാനിറ്റേഷൻ ജീവനക്കാർ വടക്കാഞ്ചേരി പുഴയിൽ ശുചീകരണം നടത്തി. വടക്കാഞ്ചേരി പുഴപ്പാലം മുതൽ കുമ്മായച്ചിറ വരെയുള്ള ഭാഗമാണ് ശുചീകരിച്ചത്. പുഴയിൽ വലിച്ചെറിഞ്ഞ നിലയിൽ കാണപ്പെട്ട കവറുകൾ കുപ്പികൾ തുടങ്ങി 100 കിലോയോളം മാലിന്യങ്ങൾ നീക്കം ചെയ്തു. അതിനിടയിൽ പുഴയിലേക്ക് മാലിന്യജലം ഒഴുക്കിവിടുന്നതായി കണ്ടെത്തിയ സ്ഥാപനത്തിനെതിരെ നടപടിയെടുക്കുവാൻ ചെയർമാൻ പി എൻ സുരേന്ദ്രൻ നിർദ്ദേശം നൽകി.

നഗരസഭാ സെക്രട്ടറി കെ കെ മനോജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ കണ്ടീജന്റ് ജീവനക്കാരായ സനീഷ് ബീരാൻകുട്ടി ഷബീർ എന്നിവരാണ് പ്രത്യേകം തയ്യാറാക്കിയ ചങ്ങാടം ഉപയോഗിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.