പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഇലക്ട്രല്‍ റോള്‍ ഒബ്‌സര്‍വര്‍ വെങ്കിടേശപതിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിൽ യോഗം ചേര്‍ന്നു. അന്തിമ വോട്ടര്‍പട്ടിക ജനുവരി 5 ന് പ്രസിദ്ധീകരിക്കും. പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇതുവരെ സ്വീകരിച്ച നടപടികൾ യോഗം വിലയിരുത്തി.

വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ താലൂക്ക് ഇലക്ഷന്‍ വിഭാഗങ്ങളിലും വില്ലേജ് ഓഫീസുകളിലും പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിച്ചിരുന്നെന്നും പട്ടിക ജനുവരി 5ന് പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ അറിയിച്ചു.

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും ക്യാമ്പയിന്റെ ഭാഗമായി കരട് വോട്ടര്‍പട്ടിക പരിശോധിക്കുന്നതിന് അവസരം ഒരുക്കിയിരുന്നു. പട്ടികയുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളും അവകാശങ്ങളും ഉള്ളവര്‍ക്ക് അവ നല്‍കാനും പുതുതായി പേര് ചേര്‍ക്കാനും ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കാനുമുള്ള സൗകര്യം ക്യാമ്പയിനിലുണ്ടായിരുന്നു. ceo.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കരട്- അന്തിമ വോട്ടര്‍ പട്ടിക പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. അംഗീകൃത രാഷ്ട്രിയ പാർട്ടി പ്രതിനിധികൾക്ക് ഇലക്ടറൽ രജിസ്ട്രർ ഓഫീസറുമായി ബന്ധപ്പെട്ട് വോട്ടർ പട്ടികയുടെ ഒരു കോപ്പി സൗജന്യമായി കൈപ്പറ്റാവുന്നതാണ്. ജില്ലയിൽ 60.29 ശതമാനം പേർ വോട്ടർപട്ടിക ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ട്.

കലക്ടറേറ്റ് ഇലക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എം സി ജ്യോതി, തൃശൂർ ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ ടി ജയശ്രീ, ജില്ലയിലെ ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസർമാർ, അസി.ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസർമാർ, താലൂക്ക് ഇലക്ഷൻ വിഭാഗം ജീവനക്കാർ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.