സമഗ്ര ശിക്ഷാ കേരളം തളിക്കുളം ബിആർസിയുടെ നേതൃത്വത്തിൽ 8,9 ക്ലാസിലെ വിദ്യാർത്ഥികൾക്കായി പ്രാദേശിക ചരിത്രരചന ശില്പശാല “പാദമുദ്രകൾ” സംഘടിപ്പിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെസി പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശില്പശാലയിൽ പ്രാദേശിക ചരിത്ര രചനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ക്ലാസുകളും ചരിത്ര പ്രാധാന്യമുള്ള സ്ഥലത്തേക്ക് ഫീൽഡ് ട്രിപ്പ്, കാരണവർക്കൂട്ടം, അഭിമുഖം, ചർച്ച, അവതരണം എന്നിവ നടക്കും. ജനുവരി 15 വരെ കുട്ടികൾക്ക് പ്രാദേശികമായി നടത്തുന്ന വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ ചരിത്രരചന നടത്തി ജില്ല, സംസ്ഥാന തലത്തിൽ റസിഡൻഷ്യൽ ശില്പശാലകൾ സംഘടിപ്പിക്കും.

വലപ്പാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിത്ത് വി ആർ അധ്യക്ഷത വഹിച്ചു.

എസ്എൻ കോളേജ് ചരിത്ര വിഭാഗം അധ്യാപിക സി അമുദ ക്ലാസ് നയിച്ചു. ബിആർസി ട്രെയിനർ ചിത്രകുമാർ ടിവി സ്വാഗതവും കെവി അമ്പിളി ആശംസ പ്രസംഗവും സിആർസി സി ഷീബ നന്ദിയും പ്രകാശിപ്പിച്ചു.