പുകയില നിയന്ത്രണം ലക്ഷ്യമിട്ട് സംസ്ഥാനത്ത് നടപ്പാക്കിവരുന്ന യെല്ലോ ലൈൻ പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാൻ ജില്ലാ പുകയില നിയന്ത്രണ സമിതി, തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിർദേശം നൽകി. പുകയിലയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാർഥികൾക്കിടയിൽ അവബോധം വളർത്തുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളെ പുകയില രഹിതമാക്കി മാറ്റുന്നതിനുമായി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് യെല്ലോ ലൈൻ.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാര ചുറ്റളവ് അളന്ന് തിട്ടപ്പെടുത്തി മഞ്ഞ വര വരയ്ക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ വകുപ്പും ചേർന്നാണ് മാപ്പ് തയാറാക്കി മഞ്ഞ ലൈൻ വരയ്‌ക്കേണ്ടത്. 100 വാര ചുറ്റളവിനുള്ളിൽ ലഹരിവസ്തുക്കൾ കൊടുക്കുകയോ വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്താൽ പോലീസിനെയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയോ അറിയിക്കുക എന്നതാണ് മഞ്ഞ വര അടയാളപ്പെടുത്തുന്നതിന്റെ ലക്ഷ്യം.
ഫെബ്രുവരി രണ്ടിന് ചേരുന്ന പുകയില നിയന്ത്രണ സമിതി യോഗം യെല്ലോ ലൈൻ പദ്ധതിയുടെ പുരോഗതി വിലയിരുത്തും.
യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ (ആർ.ആർ) ഡോ. എം.സി റജിൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. നൂന മർജ, ജില്ലാ ലേബർ ഓഫീസർ കെ.ജയപ്രകാശ് നാരായണൻ, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ ചുമതല വഹിക്കുന്ന സർക്കിൾ ഇൻസ്‌പെക്ടർ എ. ജിജി പോൾ, ജില്ലാ ഇൻഫർമേഷൻ ഓഫീസ് അസി. എഡിറ്റർ ഐ.ആർ പ്രസാദ്, ആരോഗ്യ വകുപ്പിലെ ടെക്‌നിക്കൽ അസിസ്റ്റന്റ് സി.കെ സുരേഷ് കുമാർ, നഗരസഭാ സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.